category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിലെ കത്തോലിക്കാ സഭയില്‍ സേവനം ചെയ്യുന്ന വൈദികരിൽ 120-ല്‍ പരം പേർ വിവാഹിതർ
Contentവാഷിംഗ്ടണ്‍: കത്തോലിക്ക സഭ ചില പ്രദേശങ്ങളില്‍ നേരിടുന്ന വൈദികരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുവാന്‍ വിവാഹിതരായവരെ വൈദികരാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ് എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായം ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. കടുത്ത യാഥാസ്ഥിതിക വാദികളായ ചിലര്‍ ഇതിനെതിരെ ശക്തമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സജീവ സേവനത്തിലുള്ള ഒരു ചെറിയ വിഭാഗം വൈദികര്‍ വിവാഹിതരാണെന്ന കാര്യം പലര്‍ക്കും അറിയില്ല. അമേരിക്കയിൽ തന്നെ 120-ല്‍ പരം കത്തോലിക്കാ വൈദികര്‍ വിവാഹിതരാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണ് ഇപ്രകാരം കത്തോലിക്ക സഭയിലും വിവാഹിതരായ വൈദികര്‍ പൗരോഹിത്യ ശുശ്രൂഷകളിലേക്ക് കടന്നു വന്നിട്ടുള്ളത്. കത്തോലിക്കാ വിശ്വാസത്തിൽ ആകൃഷ്ടരായി എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് കടന്നുവന്ന നിരവധി പേരില്‍, ആ സഭകളില്‍ വൈദികരായി സേവനം അനുഷ്ഠിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. ഈ വൈദികർ വിവാഹിതരായിരുന്നുവെങ്കിലും ഇവര്‍ക്ക് കുറച്ചുകാലത്തെ സെമിനാരി പഠനത്തിനു ശേഷം കത്തോലിക്ക സഭയിലും തിരുപട്ടം സ്വീകരിക്കുവാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യേക അനുവാദം നല്‍കുകയായിരുന്നു. 2002-ല്‍ ഇത്തരത്തില്‍ കത്തോലിക്ക സഭയിൽ വൈദികനായ വ്യക്തിയാണ് ഫാദര്‍ പോള്‍ സുലിന്‍സ്. കുടുംബജീവിതം നയിക്കുന്ന ആൽമായരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട്, മറ്റു വൈദികര്‍ നടത്തുന്നതിലും കുറച്ചു കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ വിവാഹിതനായ തനിക്ക് സാധിക്കുന്നുണ്ടെന്ന് ഫാദര്‍ പോള്‍ സുലിന്‍സ് പറയുന്നു. താനും ഭാര്യയും കൂടി നല്‍കുന്ന കൗണ്‍സിലിംഗ് ശുശ്രൂഷ ഏറെ പേര്‍ക്ക് ഉപകാരപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍ നിന്നും കടന്നുവന്നിട്ടുള്ള വിവാഹിതരായ വൈദികരെ കൂടുതലായി കത്തോലിക്കാ സഭയിൽ നിയമിക്കണമെന്ന ആവശ്യം നിരവധി രൂപതകളില്‍ നിന്നും പിന്നീട് ഉയര്‍ന്നു വന്നു. ഒരു രൂപതയില്‍ നിന്നും ഇത്തരത്തില്‍ വൈദികരായി മാറുവാന്‍ കഴിയുന്നവരുടെ എണ്ണം രണ്ടായി പില്‍ക്കാലത്ത് പരിമിതപ്പെടുത്തി. യുഎസില്‍ മാത്രം 120-ല്‍ പരം കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്രകാരം വിവാഹിതരായ കത്തോലിക്കാ വൈദികരുടെ സേവനം സഭയിൽ എത്രത്തോളം കാര്യക്ഷമമാണ് എന്ന കാര്യത്തിൽ ഭിന്ന അഭിപ്രായമാണ് നിലനിൽക്കുന്നത്. സ്വതന്ത്രവും, കാര്യക്ഷമവും, ദൈവത്തിനുവേണ്ടി സർവ്വവും ത്യജിച്ചുകൊണ്ടുമുള്ള ദൈവരാജ്യ സേവനത്തിന് കുടുംബബന്ധങ്ങൾ പലപ്പോഴും തടസ്സമായി നിൽക്കുന്നുവെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നു. ഒരു വൈദികൻ നിത്യപുരോഹിതനായ ക്രിസ്തുവിനോട് താദാത്മ്യപ്പെടുവാൻ വിവാഹജീവിതം ഉപേക്ഷിക്കണം എന്ന അഭിപ്രായം കത്തോലിക്കാ സഭയിൽ ശക്തമാണ്. "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല" (ലൂക്കാ 14:26) എന്ന് ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നതിനാൽ കാര്യക്ഷമമായ ദൈവരാജ്യ സേവനത്തിന് വിവാഹിതരല്ലാത്ത വൈദികരെയാണ് സഭക്ക് ആവശ്യം എന്ന് ഇക്കൂട്ടർ വാദിക്കുന്നു. വൈദികർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ ചൂണ്ടിക്കാണിക്കുമ്പോൾ അത് മറ്റു സഭകളിലെ വിവാഹിതരായ വൈദികരും കുടുംബജീവിതം നയിക്കുന്ന അൽമായരും ഉൾപ്പെടെ സമൂഹം എല്ലാക്കാലത്തും നേരിടുന്ന ഒരു പ്രശ്നമാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-22 13:38:00
Keywordsവൈദിക
Created Date2017-03-22 12:22:24