category_idMirror
Priority1
Sub CategoryNot set
statusPublished
PlaceNot set
Mirror DayMonday
Headingവാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ഘാതകന്‍ മാനസാന്തരപ്പെട്ടത് എങ്ങനെ?
Content1995 ഫെബ്രവരി 25നായിരുന്നു ആ സംഭവം. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍ റാണി മരിയ (51) ഉദയനഗറില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലപ്പെട്ടത്. ബസ്സിനുള്ളിലിട്ട് തുരുതുരെ കുത്തിയശേഷം പുറത്തേക്ക് അവരെ വലിച്ചിടുകയായിരുന്നു. വിജനമായ നച്ചന്‍ബോറ മലനിരകളിലൂടെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ സമുന്ദറിനെ കൂടാതെ കൊലപാതകം ആസൂത്രണം ചെയ്ത ജീവന്‍ സിങ്, ധര്‍മേന്ദ്ര സിങ് എന്നിവരുമുണ്ടായിരുന്നു. പുല്ലുവഴി വട്ടാലില്‍ പൈലിയുടെയും ഏലീശ്വായുടെയും മകളായിരുന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സംന്യാസിനിയായിരുന്ന റാണി മരിയ. മധ്യപ്രദേശിലെ ഉദയനഗറിലും പരിസരത്തും നടത്തിയ സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുള്ള 'സമ്മാന'മായിരുന്നു ആ വധശിക്ഷ. കാളകള്‍ക്കൊപ്പം തോളില്‍ നുകംപേറി ഉഴുതിരുന്ന പട്ടിണി പാവങ്ങള്‍ക്ക് സിസ്റ്റര്‍ സ്വയംപര്യാപ്തതയുടെ പാഠങ്ങള്‍ പകര്‍ന്നു കൊടുത്തു. നാട്ടുമുതലാളിമാരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങി കൃഷിചെയ്ത് നശിച്ചവരായിരുന്നു ഗ്രാമീണരിലേറെയും. ബാങ്ക് വായ്പ ലഭ്യമാക്കിയും പുത്തന്‍ കൃഷിരീതികള്‍ പരിചയപ്പെടുത്തിയും റാണി അവരെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു. സഹകരണസംഘവും സ്വാശ്രയസംഘവുമൊക്കെ രൂപവത്കരിക്കാന്‍ അവരെ പ്രാപ്തരാക്കി. ശുചിത്വമുള്ള ജീവിതരീതി സിസ്റ്റര്‍ അവരെ പരിശീലിപ്പിച്ചു. കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയച്ചു. സ്ത്രീകള്‍ക്കായി പ്രത്യേകക്ലാസ്സുകള്‍ നടത്തി. മുതലാളിമാര്‍ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിച്ച സാധാരണക്കാര്‍ക്ക് നിയമസഹായം നല്‍കി. സ്വാഭാവികമായി ഇത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു. അതിന്റെ അനന്തരഫലമായിരുന്നു നിഷ്ഠുരമായ ആ കൊലപാതകം. സമുന്ദറും കൂട്ടാളികളും പിടിയിലായി. കേസില്‍ ശിക്ഷിക്കപ്പെട്ടത് സമുന്ദര്‍ സിങ് മാത്രം; അതും ജീവപര്യന്തം. ഗൂഢാലോചന നടത്തിയവര്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടു. അവര്‍ പിന്നെ സമുന്ദറിനെ തിരിഞ്ഞുനോക്കിയില്ല. ഭാര്യയും അയാളെ ഉപേക്ഷിച്ചു. ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ഇരുളില്‍ അന്തര്‍മുഖനായി സമുന്ദര്‍ കഴിഞ്ഞുകൂടി. 2002 ആഗസ്ത് 21 സമുന്ദറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു ദിനമാണ്. അന്ന് രാഖീ ബന്ധനായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ സമുന്ദറിനെ കാണാന്‍ ഒരു അതിഥിയെത്തി. അത് റാണിയുടെ അനുജത്തി സിസ്റ്റര്‍ സെല്‍മിയായിരുന്നു. അവര്‍ സ്വന്തം സഹോദരിയുടെ നെഞ്ചില്‍ കത്തിയിറക്കിയ കൈകളില്‍ രാഖികെട്ടി സമുന്ദറിനെ സഹോദരനായി സ്വീകരിച്ചു. റാണിയുടെ ചോരവീണ ആ കൈകളില്‍ ചുംബിച്ചു. ഉലഞ്ഞുപോയ സമുന്ദര്‍ സെല്‍മിയുടെ കാലുകളില്‍ കെട്ടിപ്പിടിച്ച് മാപ്പുചോദിച്ചു. അലറിക്കരഞ്ഞുകൊണ്ട് അയാള്‍ ആവര്‍ത്തിച്ചു: ''ക്ഷമിക്കൂ സഹോദരീ... എന്നോട് ക്ഷമിക്കൂ!'' ''ഞാന്‍ നിന്നോട് പണ്ടേ ക്ഷമിച്ചതാണല്ലോ'', സെല്‍മി പറഞ്ഞു: ''ദൈവവും നിന്നോട് ക്ഷമിച്ചിട്ടുണ്ടാകും. നീ ഇനി തളരരുത്. ഞങ്ങളെല്ലാം എന്നും നിനക്കായി പ്രാര്‍ഥിക്കുന്നുണ്ട്!''. സെല്‍മി നല്‍കിയ മധുരം എല്ലാവര്‍ക്കും പങ്കുവെച്ച് ജയിലറയിലേക്ക് മടങ്ങുമ്പോള്‍ സമുന്ദര്‍ ഒരു പുതിയ മനുഷ്യനായി മാറിയിരുന്നു. ജയിലില്‍ കഴിയുന്നവരുടെ ശുശ്രൂഷ നിയോഗമായി സ്വീകരിച്ച സ്വാമിയച്ചനെന്നറിയപ്പെടുന്ന ഫാ. സച്ചിദാനന്ദാണ് ആ കൂടിക്കാഴ്ചയ്ക്ക് സാഹചര്യമൊരുക്കിയത്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും ആഴമേറിയ അനുഭവമാണ് തനിക്കുകിട്ടിയതെന്ന് അതേക്കുറിച്ച് സെല്‍മി പിന്നീട് വെളിപ്പെടുത്തിയിരിന്നു. സമുന്ദറിന്റെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ അവസാനിക്കുന്നില്ല. 2003 ഫെബ്രവരി 24ന് ജയിലില്‍ റാണി മരിയയുടെ അമ്മ ഏലീശ്വയും സഹോദരന്‍ സ്റ്റീഫനും സമുന്ദറിനെ തേടിയെത്തി. സിസ്റ്റര്‍ സെല്‍മിയും ഒപ്പമുണ്ടായിരുന്നു. മകളെ കൊന്നവന്റെ കൈകളില്‍ ആ അമ്മ ചുംബിച്ചു.''എന്റെ മകളുടെ രക്തംവീണ കൈകളാണിത്. ഇതില്‍ ചുംബിക്കുക എന്റെ ആഗ്രഹമായിരുന്നു!''. ആ അമ്മയുടെ വാക്കുകള്‍ കേട്ട് സമുന്ദര്‍ പൊട്ടിക്കരഞ്ഞു. “നിങ്ങള്‍ ക്രൈസ്തവര്‍ക്കു മാത്രമേ ഇതുപോലെ ക്ഷമിക്കാനാവൂ,” എന്നാണ് ഘാതകന്‍ കണ്ണീരോടെ പറഞ്ഞത്. പുണ്യാത്മാവായ സിസ്റ്റര്‍ റാണി മരിയ പ്രവര്‍ത്തിച്ച ആദ്യാത്ഭുതമായിരിക്കാം ക്ഷമിക്കുന്ന സ്നേഹത്തിലൂടെ ആര്‍ജ്ജിച്ച ഈ ഘാതകന്‍റെ മാനസാന്തരം. പിറ്റേന്ന് റാണി മരിയയുടെ എട്ടാം ചരമവാര്‍ഷികമായിരുന്നു. അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ റാണി മരിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കംകുറിച്ചു. സമുന്ദറിന് മാപ്പുനല്‍കിയതായി കുടുംബാംഗങ്ങള്‍ എഴുതിനല്‍കി. നിയമത്തിന്റെ നൂലാമാലകള്‍ കടന്ന് 2006 ആഗസ്ത് 22ന് അയാള്‍ ജയില്‍ മോചിതനായി. പിറ്റേന്നുതന്നെ ഉദയനഗറിന് സമീപം മിര്‍ജാപുരിലുള്ള റാണി മരിയയുടെ കബറിടത്തില്‍ സമുന്ദര്‍ എത്തി. ഒരു നിലവിളിയോടെ അയാള്‍ നിലത്തുവീണ് പ്രണമിച്ചു. പിന്നീട് നച്ചന്‍ബോര്‍ മലനിരകളില്‍ താനവളെ കുത്തിക്കൊന്ന സ്ഥലത്തുള്ള സ്മാരകത്തില്‍പോയി പ്രാര്‍ഥിച്ചു. കോണ്‍വെന്റിലെത്തി സിസ്റ്റേഴ്‌സിനോട് മാപ്പുചോദിച്ച്, അവര്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് അയാള്‍ മടങ്ങിയത്. റാണി മരിയ പിറന്ന വീടുകാണാന്‍ സമുന്ദര്‍ സ്വാമിയച്ചനൊപ്പം കേരളത്തിലും വന്നു. 2007 ജനവരി 20ന് ബൈബിളിലെ ധൂര്‍ത്തപുത്രനെപ്പോലെ അയാള്‍ കുമ്പിട്ട ശിരസ്സോടെ പുല്ലുവഴിയിലെ വട്ടാലില്‍ തറവാട്ടിലെത്തി. അവശനായിരുന്ന റാണി മരിയയുടെ പിതാവ് പൈലിയുടെയും ഏലീശ്വായുടെയും മുമ്പില്‍ അയാള്‍ മുട്ടുകുത്തി സമസ്താപരാധങ്ങള്‍ക്കും മാപ്പിരന്നു. തങ്ങളുടെ പൊന്നോമനയെ കൊന്നവന്റെ ശിരസ്സില്‍ ആ വൃദ്ധദമ്പതികള്‍ വിറയ്ക്കുന്ന കരം ചേര്‍ത്ത് അനുഗ്രഹിച്ചു. റാണിയുടെ സഹോദരങ്ങളും അടുത്ത ബന്ധുക്കളും സ്‌നേഹത്തോടെ അയാളെ ഊട്ടി. ധാരാളം വിഭവങ്ങളുള്ള സദ്യയായിരുന്നു അത്. എല്ലാവരുടെയും സ്‌നേഹപ്രകടനങ്ങള്‍ സമുന്ദറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാള്‍ ഒരു കുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. പിന്നെ ചുണ്ടോടുചേര്‍ത്തുവെച്ച സ്വന്തം കൈ കടിച്ചുമുറിച്ചു. അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ഏലീശ്വ വിലക്കി: ''അരുത് മകനേ... ഞങ്ങളെല്ലാവരും ക്ഷമിച്ചല്ലോ. ഇനി നീ കരഞ്ഞാല്‍ ഞങ്ങള്‍ക്ക് വിഷമമാകും. നീയും ഞങ്ങളുടെ മോനല്ലേ?'' ഇത് കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. പിന്നീട് ഒരുവട്ടംകൂടി സമുന്ദര്‍ സ്വാമിയച്ചനൊപ്പം പുല്ലുവഴിയില്‍ വന്നുമടങ്ങി. ഇന്ന്‍ സമുന്ദര്‍ കൃഷിചെയ്ത് ജീവിക്കുകയാണ്. അയാള്‍ക്ക് പശുക്കളും എരുമകളുമുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കോണ്‍വെന്റിലെത്തും. ഉദയനഗര്‍ സ്‌നേഹസദന്‍ കോണ്‍വെന്റിലിപ്പോള്‍ മദറായിരിക്കുന്നത് സിസ്റ്റര്‍ സെല്‍മിയാണ്. സഹോദരി കൊല്ലപ്പെട്ട അതേ സ്ഥലത്ത് ജോലിചെയ്യണമെന്ന അവരുടെ ആഗ്രഹം കോണ്‍വെന്റ് അധികൃതര്‍ അനുവദിക്കുകയായിരുന്നു. അവരെ കാണാന്‍ചെല്ലുമ്പോള്‍ തന്റെ വയലില്‍നിന്നുള്ള ഗോതമ്പോ ഫലങ്ങളോ എന്തെങ്കിലും സമുന്ദര്‍ ഈ സഹോദരിക്കായി കരുതുന്നു. 2015 ഫെബ്രവരി 25ന് നടന്ന അനുസ്മരണച്ചടങ്ങിലും തന്റെ വയലില്‍നിന്നുള്ള വിഭവങ്ങള്‍ സമുന്ദര്‍ കാഴ്ചയായി സമര്‍പ്പിച്ചു. ചടങ്ങില്‍ മുഖ്യകാര്‍മികത്വം വഹിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാല്‍ക്കല്‍വീണ് അയാള്‍ ഒരിക്കല്‍ക്കൂടി തന്റെ തെറ്റിന് മാപ്പിരന്നു. പുല്ലുവഴിയില്‍നിന്ന് ചടങ്ങിനെത്തിയവരുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച 'റാണി മരിയ ഫൗണ്ടേഷ'നില്‍ ആദ്യ അംഗമായതും സമുന്ദറാണ്. (കടപ്പാട്: മാതൃഭൂമി) തന്റെ മകളുടെ ഘാതകനെ, തന്റെ സഹോദരിയുടെ ഘാതകനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ റാണി മരിയയുടെ അമ്മ എലീശ്വയും സഹോദരി സിസ്റ്റര്‍ ജെസ്മിയും ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്തമാതൃകയാണ് ലോകത്തിന് കാണിച്ചു കൊടുത്തത്. ഒപ്പം പാപത്തിന്റെ പടുകുഴിയില്‍ വീണ ഒരു മനുഷ്യനു സത്യത്തിന്റെ മാര്‍ഗ്ഗത്തിലേക്കുള്ള വഴിയും അവര്‍ തുറന്ന്‍ നല്‍കി. വാർധക്യസഹജമായ അസുഖങ്ങൾമൂലം 2016 സെപ്റ്റംബര്‍ 8നു ഏലീശ്വ നിത്യതയിലേക്ക് യാത്രയായെങ്കിലും ആ അമ്മ കാണിച്ച മഹത്തായ ക്ഷമിക്കുന്ന സ്നേഹം ലോകത്തിന് മുന്നില്‍ എക്കാലവും ഒരു സാക്ഷ്യമായി തുടരും. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പകർന്നു നൽകുവാൻ ഒരു കുടുംബം തയ്യാറായപ്പോൾ അത് ഒരു കൊലപാതകിയെ പുതിയ മനുഷ്യനാക്കി മാറ്റി. സ്വന്തം സഹോദരിയുടെ കൊലപാതകിയോട് ക്ഷമിച്ചു കൊണ്ട് അയാളെ സ്വന്തം സഹോദരനായി സ്വീകരിക്കുവാൻ, സ്വന്തം മകളുടെ കൊലപാതകിയോട് ക്ഷമിച്ചുകൊണ്ട് അയാളെ സ്വന്തം മകനായി സ്വീകരിക്കുവാൻ ഒരു മനുഷ്യനു സാധ്യമല്ല. ക്രിസ്തുവിനോട് ചേർന്നു നിൽക്കുന്ന ഒരു വ്യക്തിക്കു മാത്രമേ ഇപ്രകാരം ക്ഷമിക്കാൻ സാധിക്കൂ. സിസ്റ്റർ റാണി മരിയയുടെ കുടുംബം ചെയ്ത ഈ മഹത്തായ പ്രവർത്തി ലോകം മുഴുവനുമുള്ള ഒരു സന്ദേശമാണ്. ഇന്ന് ഒരു കുറ്റവാളിയെക്കുറിച്ചു കേൾക്കുമ്പോൾ 'അയാളെ തൂക്കിലേറ്റുക' എന്നു വിളിച്ചുപറയുന്ന ഒരുപാട് സോഷ്യൽ മീഡിയ സുഹൃത്തുക്കളെ നമുക്കു കാണുവാൻ സാധിക്കും. ഇപ്രകാരം വിളിച്ചു പറയുന്നവർ ഒരിക്കലും ക്രിസ്തുവിന്റെ അനുയായികളല്ല. ചെയ്തുപോയ തെറ്റുകളോർത്ത് പശ്ചാത്തപിക്കുന്ന, ജീവിതത്തിൽ വന്നുപോയ പിഴവുകളോർത്തു ഒന്നു പൊട്ടിക്കരയാനാഗ്രഹിക്കുന്ന ഒരുപാടു കുറ്റവാളികൾ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നു. അവരോട് കാരുണ്യം കാണിക്കാനോ, അവരെ ഒന്നു സന്ദർശിക്കാനോ നാം തയ്യാറാകുമ്പോൾ ലോകം തന്നെ മാറുന്നതു കാണുവാൻ സാധിക്കും. ഇപ്രകാരമുള്ള കുറ്റവാളികളെ സന്ദർശിക്കുമ്പോൾ നാം ക്രിസ്തുവിനെ തന്നെയാണ് സന്ദർശിക്കുന്നത്. ഇപ്രകാരം നമ്മൾ ചെയ്യുമ്പോൾ, അവസാന വിധി ദിവസത്തിൽ അവിടുന്നു നമ്മോടു പറയും "എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ... ഞാൻ കാരാഗ്രഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്തു വന്നു" (മത്തായി 25:34-36) (Originally Published On 24/03/2017) #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second Image
Third Image
Fourth Image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2025-02-25 20:32:00
Keywordsറാണി
Created Date2017-03-24 14:11:43