category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാര്‍ സഭയിലെ പെസഹ വ്യാഴാഴ്ച ശുശ്രൂഷയില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമേ കഴുകൂ: സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Contentകൊച്ചി: പെസഹവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമേ കഴുകകയുള്ളൂവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇത് സംബന്ധിക്കുന്ന സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. 2013 ല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളെയും മറ്റ് മതസ്ഥരെയും ഉള്‍പ്പെടുത്തിയിരുന്നു. ആരാധനാക്രമത്തില്‍ വരുത്തിയ പരിഷ്ക്കരണത്തെക്കുറിച്ചു പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന നിര്‍ദേശം ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നു മറുപടി ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നു. #{red->n->n->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# മിശിഹായില്‍ പ്രിയ വൈദികസഹോദരന്മാരേ, പ്രിയ സിസ്റ്റേഴ്സ്, ബ്രദേഴ്സ്, സഹോദരീ സഹോദരന്മാരേ, ഈ നോമ്പുകാലത്ത് നമ്മള്‍ കര്‍ത്താവിന്‍റെ രക്ഷാകര രഹസ്യങ്ങളെ ആരാധനാക്രമത്തിലൂടെ പ്രത്യേകമായി അനുസ്മരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയാണല്ലോ. വലിയ ആഴ്ചയില്‍ പെസഹാ വ്യാഴാഴ്ചയിലെ കര്‍മ്മങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും നമുക്കേവര്‍ക്കും വളരെ ദൈവാനുഭവം നല്‍കുന്നതുമാണ്. പെസഹാവ്യാഴാഴ്ചയിലെ കാലുകഴുകല്‍ കര്‍മ്മം വളരെ ഹൃദയസ്പര്‍ശിയായിട്ടുള്ള ഒരു ആചരണമാണ്. 2016 ജനുവരി 6-ആം തീയതി ഫ്രാന്‍സീസ് മാര്‍പ്പാപ്പ പരമ്പരാഗതമായി ആചരിച്ചു പോന്ന പെസഹാവ്യാഴാഴ്ചയിലെ കര്‍ത്താവിന്‍റെ തിരുവത്താഴ കുര്‍ബ്ബാനയോടുകൂടിയുള്ള കാലുകഴുകല്‍ ശുശ്രൂഷയുടെ കര്‍മ്മത്തില്‍ പുതിയ രീതി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച് കാലുകഴുകല്‍ കര്‍മ്മത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ടുപേരില്‍ ദൈവജനത്തിന്‍റെ മുഴുവന്‍ പ്രാതിനിധ്യം ലഭിക്കത്തക്കവിധം പുരുഷന്മാര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, പ്രായമായവര്‍, ആരോഗ്യമുള്ളവര്‍, രോഗികള്‍, വൈദികര്‍, സിസ്റ്റേഴ്സ്, ബ്രദേഴ്സ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടായിരിക്കുവാനുള്ള സാധ്യത പരിശുദ്ധ പിതാവ് റോമന്‍ മിസ്സലിലെ തിരുത്തലിലൂടെ കൊണ്ടുവന്നു. (In Missa Cena Domini, on January 6, 2016). ആരാധനാക്രമത്തില്‍ വരുത്തിയ ഈ പരിഷ്ക്കരണത്തെക്കുറിച്ചു അജപാലനരംഗത്തു വ്യത്യസ്ത അഭിപ്രായങ്ങളും ചര്‍ച്ചകളും വന്ന സാഹചര്യത്തില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനോട് വിശദീകരണം ചോദിച്ചപ്പോള്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന നിര്‍ദേശം ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നു മറുപടി ലഭിച്ചു. ("Both the Decree and the letter of the Holy Father, which prompted it, mention specifically and only "Roman Missal". Thus, this change does not concern the liturgical practices in the Eastern churches") പൗരസ്ത്യ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് പെസഹാവ്യാഴാഴ്ചയിലെ ഈശോയുടെ കാലുകഴുകല്‍ കര്‍മ്മം നമ്മുടെ ആരാധനാക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1. യഹൂദപാരമ്പര്യത്തില്‍ ഭക്ഷണത്തിനു മുമ്പാണു കലുകഴുകല്‍. എന്നാല്‍ പെസഹാവ്യാഴാഴ്ച, ഈശോ പന്ത്രണ്ട് പേരുടെ കാലുകഴുകുന്നതു ഭക്ഷണത്തിനു മുമ്പല്ല, അന്ത്യത്താഴമധ്യേയാണ്. അന്ത്യത്താഴമധ്യേ നടന്ന വിശുദ്ധ കുര്‍ബ്ബാന സ്ഥാപനവും, കാലുകഴുകല്‍ ശുശ്രൂഷയും, പൗരോഹിത്യസ്ഥാപനവും കര്‍ത്താവിന്‍റെ പീഡാനുഭവത്തോടും, മരണത്തോടും, ഉത്ഥാനത്തോടും ബന്ധപ്പെടുത്തിയാണ് ആചരിക്കപ്പെടുന്നത്. കര്‍ത്താവ് നടത്തിയ കാലുകഴുകല്‍ മനുഷ്യവംശത്തിനു വേണ്ടി അവിടുന്നു നിര്‍വഹിച്ച രക്ഷാകരശുശ്രൂഷയുടെ അടയാളവും മാതൃകയുമെന്ന നിലയിലാണ് പൗരസ്ത്യ സഭകള്‍ ഇതിനെ മനസ്സിലാക്കുന്നത്. മിശിഹായുടെ രക്ഷാകരരഹസ്യത്തോടു മുഴുവന്‍ ബന്ധപ്പെടുത്തി ആരാധനാക്രമത്തില്‍ നടത്തുന്ന കാലുകഴുകല്‍ കര്‍മ്മം വിനയത്തിന്‍റെയും സമത്വത്തിന്‍റെയും അടയാളമായി മാത്രം കാണുക എന്നതിനെക്കാള്‍ രക്ഷാകര രഹസ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ മാനം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ സമൂഹം മുഴുവനിലേക്കും വ്യാപിക്കണമെന്ന അര്‍ത്ഥത്തിലും കാണുവാനാണ് പൗരസ്ത്യ സഭകള്‍ ആഗ്രഹിക്കുന്നത്. 2. കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് ഈശോയുടെ പൗരോഹിത്യവുമായി ബന്ധമുണ്ട് എന്നു പൗരസ്ത്യ സഭകള്‍ മനസ്സിലാക്കുന്നു. ഈശോയാണ് നിത്യപുരോഹിതന്‍. തന്‍റെ പൗരോഹിത്യപങ്കാളിത്തം ഈശോ പന്ത്രണ്ട് ശിഷ്യന്മാര്‍ക്കാണ് നല്‍കുന്നത്. സഭയില്‍ ശുശ്രൂഷാ പൗരോഹിത്യമെന്നത് അപ്പസ്തോല പൗരോഹിത്യമാണ്. ഇതു പന്ത്രണ്ടു പേരിലൂടെയും അവരുടെ പിന്‍ഗാമികളിലൂടെയും സഭയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അന്ത്യത്താഴവേളയില്‍ നടന്ന കാലുകഴുകല്‍ കര്‍മ്മത്തില്‍ പുരുഷന്മാരായ പന്ത്രണ്ടു അപ്പസ്തോലന്മാരാണ് ഉണ്ടായിരുന്നത്. കാലുകഴുകല്‍ കര്‍മ്മത്തിനു ശേഷം വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ഈശോ "ഇതെന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍" എന്നു പറഞ്ഞു രക്ഷകരശുശ്രൂഷയുടെ അടയാളവും മാതൃകയുമായ ഈ കര്‍മ്മങ്ങള്‍ അവരെ ഭരമേല്‍പ്പിക്കുകയാണ്. ആ കല്‍പ്പനയ്ക്കു വ്യത്യാസം വരുത്താതെ പൗരസ്ത്യ സഭകള്‍ ഇന്നും പന്ത്രണ്ടു പുരുഷന്മാരുടെ അഥവാ ആണ്‍കുട്ടികളുടെ കാലുകള്‍ കഴുകുന്ന പാരമ്പര്യം തുടര്‍ന്നു പോരുന്നു. സീറോ മലബാര്‍ സഭയിലും ഈ പാരമ്പര്യമാണ് നിലനിന്നു പോരുന്നത്. ഭാരതത്തിലെ കത്തോലിക്കരും ഓര്‍ത്തഡോക്സുകാരുമായ മാര്‍ത്തോമ്മാ പാരമ്പര്യമുള്ള മറ്റു സഭകളും ശ്ലീഹന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍ പന്ത്രണ്ടു പുരുഷന്മാരുടെയോ, ആണ്‍കുട്ടികളുടെയോ കലുകഴുകുന്ന രീതിയാണ് അവലംബിച്ചു പോരുന്നത്. പൗരസ്ത്യ സഭകള്‍ അവയുടെ പാരമ്പര്യം കാലുകഴുകല്‍ ശുശ്രൂഷയില്‍ നിലനിര്‍ത്തുന്നതുപോലെ ഇന്നത്തെ അജപാലനപരവും സാംസ്കാരികവുമായ സാഹചര്യത്തില്‍ ആ പൗരസ്ത്യ പാരമ്പര്യം നിലനിര്‍ത്തുവാനാണു സീറോ മലബാര്‍ സഭയും ആഗ്രഹിക്കുന്നത്. വ്യക്തിസഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയില്‍ വ്യത്യസ്ത സഭാപാരമ്പര്യങ്ങളും ആരാധനാക്രമ അനുഷ്ഠാനങ്ങളും പരസ്പര പൂരകങ്ങളായി നിലനില്‍ക്കുമ്പോഴാണ് സാര്‍വത്രിക സഭയിലെ വിശ്വാസപാരമ്പര്യം സമഗ്രമാകുന്നതും സമ്പന്നമാകുന്നതും. ആയതിനാല്‍, കത്തോലിക്കാസഭയുടെ കൂട്ടായ്മയിലുള്ള വ്യക്തിസഭകളുടെ പരസ്പരപൂരകത്വം ആരാധനാക്രമാനുഷ്ഠാനങ്ങളില്‍ പ്രകാശിതമാകുന്നുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലും, പൗരസ്ത്യ സഭകള്‍ പൊതുവെ മാറ്റാന്‍ ഉദ്ദേശിക്കാതിരിക്കുകയും, ലത്തീന്‍ സഭയ്ക്കു വേണ്ടിയുള്ള ഈ നിര്‍ദ്ദേശം പൗരസ്ത്യ സഭകള്‍ക്കു ബാധകമല്ലായെന്നു ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കുകയും, ലത്തീന്‍ സഭയില്‍ തന്നെ ഈ മാറ്റം നിര്‍ബന്ധമല്ലായെന്ന് ആരാധനാക്രമ കോണ്‍ഗ്രിഗേഷന്‍ വിശദീകരണം നല്‍കുകയും ചെയ്തിരിക്കുന്നതിന്‍റെ വെളിച്ചത്തിലും, സീറോ മലബാര്‍ സഭയില്‍ ഇതുവരെ നിലനിന്നിരുന്നതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ കാലുകഴുകുന്ന രീതി തുടരണമെന്നാണ് മെത്രാന്മാരുടെ സിനഡ് നിര്‍ദ്ദേശിക്കുന്നത്. ആ നിര്‍ദേശം തന്നെ നമ്മുടെ അതിരൂപതയിലെ അജപാലകരും ആരാധനാക്രമത്തില്‍ പാലിക്കണം. കേരളത്തിലെ ചില സ്ഥലങ്ങളില്‍ ജയിലുകളിലും, നേര്‍ച്ചയെന്നപോലെ ഭവനങ്ങളിലും കാലുകഴുകല്‍ കര്‍മ്മം നിലവിലുണ്ട്. കിടപ്പുരോഗികളുടെയും, ഭിന്നശേഷിയുള്ളവരുടെയും കാലുകള്‍ കഴുകുന്ന രീതിയും നിലവിലുണ്ട്. ഈ പതിവുകള്‍ നമ്മുടെ അതിരൂപതയിലും ഉണ്ടാകാം. അവയൊക്കെ ആത്മീയ ചൈതന്യത്തോടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തക്കവിധം തുടരാവുന്നതാണ്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും സഹായസഹകരണങ്ങളും അഭ്യര്‍ത്ഥിചു കൊണ്ടും ഉത്ഥിതനായ മിശിഹായുടെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ടും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ഏവരെയും ആശീര്‍വദിക്കുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-03-29 11:20:00
Keywordsകാല്‍കഴു
Created Date2017-03-29 11:21:48