Content | #{red->n->n->കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണമടഞ്ഞ അലൻ ചെറിയാൻ എന്ന യുവ സുവിശേഷ പ്രവർത്തകനെക്കുറിച്, സെഹിയോൻ UK യുടെ Full Time ശുശ്രുഷകനായ ജോസ് കുര്യാക്കോസ് എഴുതിയ ഓര്‍മ്മക്കുറിപ്പ്}#
"തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്" (സങ്കീര്‍ത്തനം 116 : 15)
നവംബര്‍ 27 വെള്ളിയാഴ്ച ലണ്ടനില്‍ 6 മണിക്ക് ശുശ്രൂഷയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു ഫോണ്‍കോള്‍. അലന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് മറുതലയ്ക്കല്‍, പതറിയ സ്വരത്തില്‍ ടുട്ടിങില്‍ നിന്നുള്ള അനൂപ് ബ്രദര്‍. എന്‍റെ ഭാവമാറ്റം ഗ്രസിച്ച ടീം അംഗങ്ങള്‍ ഓടിയെത്തി. ഉയര്‍ന്നുവന്ന കരച്ചിലുകളെല്ലാം അടക്കി കൃത്യം 6 മണിക്ക് ദൈവരാജ്യത്തിനായി മറ്റൊരു ശുശ്രൂഷയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു.
5 വര്‍ഷം മുന്‍പാണ് അലനെ ആദ്യമായി പരിചയപ്പെടുന്നത്. സോജിയച്ഛന്‍റെ ക്ഷണപ്രകാരം അലന്‍റെ നേതൃത്വത്തില്‍ കുറച്ച് കൗമാരപ്രായക്കാര്‍ coverntry-യില്‍ ശുശ്രൂഷയ്ക്കായ് വന്നു. ആ ദിവസങ്ങളില്‍ അവര്‍ താമസിച്ച വീട്ടിലെ ജയ്സണ്‍ തന്‍റെ അനുഭവം വിവരിക്കുനത് ഇങ്ങനെ. "വല്ലപ്പോഴും വീഞ്ഞു കുടിക്കുന്നതും ബിയര്‍ കുടിക്കുന്നതും സാരമില്ല എന്നാണ് പലരുടേയും വിചാരം..." എന്നു തുടങ്ങിയ അലന്‍റെ വാക്കുകള്‍... അന്നുമുതല്‍ ഇന്നുവരെ വിശുദ്ധ കുര്‍ബ്ബാനയില്‍ യേശുവിന്‍റെ രക്തമായി മാറുന്ന വീഞ്ഞല്ലാതെ മറ്റെല്ലാ ലഹരികളില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്ന കൃപയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. സ്വര്‍ഗം തെരഞ്ഞെടുത്ത ഒരു വ്യക്തിയുടെ സാന്നിധ്യവും സംസര്‍ഗ്ഗവും എത്രയോ വലുതാണെന്ന് അലന്‍റെ കൊച്ചു ജീവിതം നമുക്ക് ഉറപ്പുതരുന്നു.
സ്വാഭാവികമായ എല്ലാ കഴിവുകളും കുറവുകളുമുണ്ടായിരുന്നു, അതിസ്വഭാവികമായ കൃപാജീവിതം നയിച്ച വ്യക്തിത്വമായിരുന്നു അലന്‍റേത്. നിയമ വിദ്യാര്‍ത്ഥിയായ നെവിന്‍ പറയുന്നതുപോലെ "ലോകത്തിന്‍റെ കെട്ടിലും മട്ടിലും ജീവിച്ച ഒരു കൗമാരക്കാരന്‍റെ മാനസാന്തരം പലര്‍ക്കും അത്ഭുതമായിരുന്നു. ആ മാറ്റത്തില്‍ സംശയിച്ചവര്‍ ഏറെ. എന്നാല്‍ അലന്‍ തൊട്ട ജീവിതങ്ങള്‍ അനവധി. അലനീലൂടെ വിശ്വാസവഴിയിലേക്കു കടന്നു വന്നവര്‍ അനവധി!" ആരുമറിയാത്ത എത്രയോ മനോഹരമായ സാക്ഷ്യങ്ങളാണ് ഈ ദിവസങ്ങളില്‍ ദൈവമഹത്വത്തിനായി പങ്കുവയ്ക്കപ്പെടുന്നത്.
വട്ടായിയച്ഛനോടും സോജിയച്ഛനോടുമുള്ള ആഴമേറിയ ആത്മബന്ധം സെഹിയോന്‍ ശുശ്രൂഷകളോടു ചേര്‍ന്നു നില്‍ക്കാന്‍ അലന് പ്രേരകശക്തിയായി. പിതാവിനടുത്ത വാത്സല്യവും കരുതലുമായിരുന്നു എന്നുമെന്നും വട്ടായിയച്ഛന് അലനോട് ഉണ്ടായിരുന്നത്. സെഹിയോന്‍ ശുശ്രൂഷകളോട് ചേര്‍ന്ന്‍ ലോകസുവിശേഷവത്ക്കരണത്തിനു വേണ്ടി ജ്വലിക്കുന്ന ഒരു വിശുദ്ധനായ വൈദികനാകണമെന്നത് അവന്‍റെ ആഗ്രഹമായിരുന്നു. LONDON HYDE PARK-ല്‍ യേശുവിനെ സധൈര്യം പ്രഘോഷിക്കുന്ന അലന്‍റെ വീഡിയോ അവന്‍റെ തീക്ഷ്ണതയ്ക്ക് വലിയ ഉദാഹരണമാണ്.
കേരള കത്തോലിക്കാസഭയില്‍ ഈ ചെറുപ്രായത്തില്‍ പരിശുദ്ധാത്മാവിന്‍റെ വരങ്ങൾ ഇത്ര ശക്തമായി ഉപയോഗിക്കുന്ന മറ്റു വ്യക്തികള്‍ ഉണ്ടാവാന്‍ ഇടയില്ല.
ആത്മാവിന്‍റെ വരങ്ങൾ കൊണ്ട് നിറഞ്ഞുനിന്ന ഈ കൊച്ചുജീവിതം അഭിഷേക വളര്‍ച്ചയ്ക്കായി നിരന്തരം കൊതിച്ചിരുന്നു. Dr. John Das, Santhosh Karumathra, Dr. Appu Cyriac, Santhosh T, Reji Kottaram തുടങ്ങിയ എല്ലാ ആത്മീയ വ്യക്തിത്വങ്ങളോടും അടുത്ത ബന്ധം പുലര്‍ത്താന്‍ അലനു സാധിച്ചു. അനേക ശുശ്രൂഷകളില്‍ ഒന്നിച്ചായിരിക്കാനും അനേകം തവണ എന്‍റെ വീട്ടില്‍ ഒരു കുടുംബത്തെപ്പോലെ ചിലവഴിക്കാനും കര്‍ത്താവ് അനുഗ്രഹം തന്നു. അലന്‍റെ നിറഞ്ഞ പുഞ്ചിരിയും, നിഷ്ക്കളങ്കസ്നേഹവും, ആഴമേറിയ വിനയവും, വിധേയത്വവും, പ്രാര്‍ത്ഥനാ തീക്ഷ്ണതയും, ത്യാഗസന്നദ്ധതയും യുവതലമുറയ്ക്ക് ആവേശവും കരുത്തുമായി മാറുമെന്നതില്‍ സംശയമില്ല.
യുവതീയുവാക്കള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട ആദ്യ SCHOOL OF EVANGELIZATION Program-ല്‍ അലന്‍ ടീമിന്‍റെ ഭാഗമായിരുന്നു. അലന്‍റെ തീക്ഷ്ണതയും മാനസാന്തരജീവിതവും യേശുവിനോടുള്ള എന്തെന്നില്ലാത്ത സ്നേഹവും അനേകരെ ആകര്‍ഷിച്ചു. വാഹനാപകടത്തില്‍പ്പെട്ട് മരിക്കുന്ന 2 യുവാക്കളെ കേന്ദ്രമാക്കി "സ്വര്‍ഗ്ഗ നരക"ങ്ങളെക്കുറിച്ച് അലനും ജാക്സനും ചേര്‍ന്ന്‍ അവതരിപ്പിച്ച സ്കിറ്റ്, അലന്‍റെ ജീവിതമായി മാറിയത് സ്വര്‍ഗ്ഗീയ പദ്ധതിയെന്നു നമുക്ക് വിശ്വസിക്കാം.
ഈ ഓര്‍മ്മക്കുറിപ്പ് ഒരര്‍ത്ഥത്തിലും പൂര്‍ണ്ണമല്ല. വിശുദ്ധ ബൈബിള്‍ നെഞ്ചിലേന്തി ജപമാല കരങ്ങളില്‍ പിടിച്ച യേശുവിനുവേണ്ടി ജീവിതം മാറ്റിവച്ച "ഈ യുവസുവിശേ പ്രവർത്തകൻ" സമ്മാനിച്ച നന്മകള്‍ വാക്കുകള്‍ക്ക് ഉപരിയാണ്. U.K.-യിലെ മലയാളി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവവിളിക്കായി/സുവിശേഷ വേലയ്ക്കായി തീരുമാനമെടുക്കാന്‍ കര്‍ത്താവ് അലനെ അനുഗ്രഹിച്ചു.
ഈ വിശുദ്ധ ജീവിതത്തെ ഓര്‍ത്ത് നമുക്ക് കര്‍ത്താവിന് നന്ദി പറയാം. നിത്യതയ്ക്കു വേണ്ടി ഒരുങ്ങുവാന്‍ - യേശുവിനെ പ്രഘോഷിക്കുവാന്‍ അലന്‍റെ ജീവിതം നമുക്ക് പ്രചോദനമായി മാറട്ടെ. അലന്‍റെ ആത്മാവിനു വേണ്ടി ഈ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം.
അലന്‍റെ വേര്‍പാട് സെഹിയോന് വലിയ നഷ്ടവും ദുഃഖവുമാണ്. അലനുവേണ്ടി ഉയര്‍ത്തപ്പെടുന്ന ഓരോ പ്രാര്‍ത്ഥനകളും ഗദ്ഗദങ്ങളില്‍ മുറിഞ്ഞുപോകുന്നു. ഭൂമിയില്‍ ചെയ്തതില്‍ ഏറെ സ്വര്‍ഗ്ഗത്തില്‍ നിന്ന്‍ അലന്‍ ചെയ്യുമെന്ന പ്രത്യാശ ആശ്വാസവും ആവേശവുമായി മാറുകയാണ്.
ആത്മീയ സാന്നിധ്യങ്ങള്‍ കൊണ്ട് നിറയപ്പെടുന്ന അലന്‍റെ ശവസംസ്കാര ചടങ്ങുകള്‍ വലിയൊരു ആത്മീയ ശുശ്രൂഷയായി രൂപാന്തരപ്പെടും. വട്ടായിലച്ഛന്‍റേയും സോജിയച്ഛന്‍റേയും സാന്നിധ്യവും പ്രാര്‍ത്ഥനകളും പ്രിയപ്പെട്ടവര്‍ക്ക് ആശ്വാസമായി മാറും.
അനേകര്‍ക്ക് അലന്‍ ആത്മമിത്രമായിരുന്നു. നൂറുകണക്കിന് കുട്ടികള്‍ക്ക് അവരുടെ പ്രിയപ്പെട്ട അലന്‍ ചേട്ടായി, അനേകം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ട അലന്‍ മോന്‍.
എന്നാൽ എനിക്കോ...? നീയെന്‍റെ 'അലന്‍കുട്ടന്‍' ആയിരുന്നു.
അലന്‍കുട്ടന് കണ്ണീരില്‍ കുതിര്‍ന്ന ഒരായിരം പ്രാര്‍ത്ഥനകള്‍... |