category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനമുക്കു നേടാന്‍ കഴിയാതെ പോകുന്നത് നമ്മുടെ മക്കളിലൂടെ നൂറിരട്ടിയായി നല്‍കുന്ന ദൈവം
Contentഒരുപാട് പ്രതീക്ഷകളുമായിട്ടാണ് സാലി എന്ന നേഴ്സും കേരളത്തില്‍ നിന്നും ജോലി തേടി ഇംഗ്ലണ്ടില്‍ എത്തിയത്. ഒരു നല്ല ജോലി, സ്വന്തമായി ഒരു ഭവനം, മെച്ചപ്പട്ട ജീവിത സാഹചര്യങ്ങൾ എന്നിങ്ങളെ എല്ലാവരും ആഗ്രഹിക്കുന്ന കുറെ സ്വപ്നങ്ങൾ അവർക്കും ഉണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ എത്തുമ്പോള്‍, ഇവിടെ നേഴ്സായി ജോലി ചെയ്യണമെങ്കില്‍ "Adaptation" എന്ന ഒരു പ്രത്യേക കോഴ്സ് ചെയ്യണമായിരുന്നു. അക്കാലത്ത് ഈ കോഴ്സിന് പ്രവേശനം ലഭിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. എന്നിട്ടും പല കാരണങ്ങള്‍ കൊണ്ട് സാലിക്ക് അതിനു പ്രവേശനം ലഭിച്ചില്ല. ഒരുപാട് തടസ്സങ്ങള്‍ ഈ മേഖലയില്‍ അവർ അഭിമുഖീകരിച്ചു. ഇംഗ്ലണ്ടില്‍ നേഴ്സായി ജോലി ലഭിക്കണമെങ്കില്‍ ഈ കോഴ്സ് പൂര്‍ത്തിയാക്കി UK-യിലെ നേഴ്സിംഗ് കൗണ്‍സിലില്‍ നിന്നും രജിസ്ട്രേഷന്‍ ലഭിക്കണം. പല തവണ ശ്രമിച്ചു നോക്കിയിട്ടും സാലിക്ക് അതിന് സാധിച്ചില്ല. വര്‍ഷങ്ങള്‍ കടന്നു പോയി. സാലിക്കു ശേഷം വന്നവരൊക്കെ Adaptation കോഴ്സ് ചെയ്ത് നേഴ്സായി ജോലി ചെയ്യുന്നു. അവര്‍ക്ക് ഉന്നതമായ ജോലി, ഉയര്‍ന്ന ശമ്പളം, സ്വന്തമായി വീട്, മനോഹരമായ കാറുകള്‍. എന്നാല്‍ ആ പ്രദേശത്തെ മലയാളികളില്‍ സാലിക്കു മാത്രം നേഴ്സായി ജോലിയില്ല. സ്വന്തമായി വീടില്ല, വാഹനമില്ല. നേഴ്സായി ജോലി ലഭിക്കാത്തതു കൊണ്ട് ഒരു "കെയര്‍ ഹോമില്‍" കെയര്‍ അസിസ്റ്റന്‍റ് ആയി ജോലി നോക്കുന്നു. സാലിയുടെ ഭര്‍ത്താവിനും കാര്യമായ നല്ല ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സാലിയും ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ഒരു വാടക വീട്ടില്‍ താമസിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുകയായിരുന്നു. ഈ അവസരത്തിലാണ് ഈ ലേഖകന്‍ സാലിയെ കണ്ടുമുട്ടുന്നത്. എല്ലാ ദിവസവും വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ വരുന്നതു കണ്ടിട്ടാണ് ഞാന്‍ സാലിയെ ശ്രദ്ധിച്ചത്. മഞ്ഞും തണുപ്പും നിറഞ്ഞ ഇംഗ്ലണ്ടിലെ കാലാവസ്ഥയില്‍ അക്കാലത്ത് മലയാളികള്‍ സ്ഥിരമായി വി. കുര്‍ബ്ബാനയ്ക്ക് വരിക പതിവല്ലായിരുന്നു. എന്നാല്‍ ഈ സഹോദരി മാത്രം എല്ലാ ദിവസവും വി.കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ വരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ഒരിക്കല്‍ അവരോടു ചോദിച്ചു: "എന്തുകൊണ്ടാണ് സഹോദരി എല്ലാ ദിവസവും ഈ ത്യാഗം സഹിച്ചുകൊണ്ട് ദിവ്യബലിക്ക് വരുന്നത്? ദൈവം ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചതിന് നന്ദി പറയുവാനാണോ? അതോ എന്തെങ്കിലും ഒരു പ്രത്യേക കാര്യം സാധിച്ചു കിട്ടാനാണോ?" അതിന് അവർ പ്രത്യേകിച്ച് ഒരു മറുപടിയും പറഞ്ഞില്ല. എന്നാല്‍ പിന്നീട് ആ സഹോദരിയുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി. ആ പ്രദേശത്തെ മലയാളികളില്‍ കാര്യമായി ഒന്നും നേടാന്‍ കഴിയാതെ പോയ ഒരു സ്ത്രീയാണ് അവര്‍. തകര്‍ന്നടിഞ്ഞ ഒരുപാട് സ്വപ്നങ്ങളും, ജീവിതത്തിലെ പ്രാരാബ്ധങ്ങളും നിമിത്തം ഒറ്റനോട്ടത്തില്‍ 'പരാജയപ്പെട്ട ഒരു ജീവിതം'. ഞാന്‍ ആ സഹോദരിയോടു പറഞ്ഞു:- നമുക്ക് പ്രാര്‍ത്ഥിക്കാം, ദൈവം എന്തെങ്കിലും ഒരു വഴി കണ്ടിട്ടുണ്ടാവും. എന്നാല്‍ ആ സഹോദരിയുടെ മുഖത്ത് വിഷാദത്തിന്‍റെ ഭാവമുണ്ടായിരുന്നില്ല. വളരെ പ്രതീക്ഷ നിറഞ്ഞ സ്വരത്തില്‍ തികഞ്ഞ ആത്മ വിശ്വാസത്തോടെ ആ സഹോദരി ഇപ്രകാരം പറഞ്ഞു. "ഞാന്‍ Adaptation കോഴ്സിനു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചു. ഒരുപാട് ശ്രമിച്ചു നോക്കി എന്നാല്‍ അത് നടന്നില്ല. ദൈവം അത് ആഗ്രഹിക്കുന്നില്ല എന്ന്‍ എനിക്കു മനസ്സിലായി. ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ ദൈവത്തോട് കൂടെയായിരിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. വേദനയിലൂടെയും തകര്‍ച്ചയിലൂടെയും കടന്നുപോകുന്ന അനേകര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ദൈവം എന്നെ അനുവദിക്കുന്നു. ദൈവം നല്‍കിയിരിക്കുന്ന കൊച്ചു ജോലിയും ലളിതമായ ജീവിത സാഹചര്യങ്ങളും വച്ച് ഭര്‍ത്താവിനെ അനുസരിച്ചും മക്കളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തിയും ജീവിക്കുക എന്നതു മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ". ആ സഹോദരി തുടർന്നു "ദൈവം എത്രയോ വലിയ അനുഗ്രഹമാണ് എനിക്കു നല്‍കിയിരിക്കുന്നത്. എന്നേക്കാള്‍ ജീവിത സാഹചര്യങ്ങള്‍ കുറഞ്ഞ എത്രയോ പേര്‍ ഈ ഭൂമിയിലുണ്ട്. അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിനെല്ലാമുപരി എല്ലാ ദിവസവും വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുക അതില്‍പരം എന്തു ഭാഗ്യമാണ് എനിക്കു വേണ്ടത്?" സാലിയുടെ വിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. ഉന്നതമായ ജോലിയും സ്വന്തമായി ഭവനങ്ങളും ആഡംബര കാറുകളുമുള്ള ഇംഗ്ലണ്ടിലെ ആ പ്രദേശത്തെ മലയാളികൾ സുഖമായി പ്രഭാതത്തില്‍ കിടന്നുറങ്ങുമ്പോള്‍ 'പരാജയപ്പെട്ട ജീവിതം' എന്നു ലോകം വിധിയെഴുതുന്ന ഒരു സഹോദരി കാല്‍നടയായി ദേവാലയത്തില്‍ വന്ന് അനേകര്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ സഹോദരിക്കും ഭര്‍ത്താവിനും രണ്ട് മക്കളാണുള്ളത്. കേരളത്തില്‍ നിന്നും ഇവിടേക്ക് വരുമ്പോള്‍ മൂത്തമകന് 10 വയസ്സ് പ്രായമുണ്ടായിരുന്നു. അതിനാല്‍ ഇംഗ്ലണ്ടില്‍ സ്ക്കൂള്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ ഈ കുട്ടിക്ക് ഭാഷയുടെ പ്രശ്നം വല്ലാതെ അനുഭവപ്പെട്ടു. മൂത്തമകന്‍ പഠിക്കുവാന്‍ ഒട്ടും സമര്‍ത്ഥനല്ലായിരുന്നു. അതിനാല്‍ അദ്ധ്യാപകര്‍ അവനെ 'ഒന്നിനും കൊള്ളാത്തവന്‍' എന്നാണു വിളിച്ചിരുന്നത്. ഇതൊന്നും ദൈവവിശ്വാസികളായ ആ മാതാപിതാക്കളെ തളര്‍ത്തിയില്ല. രണ്ടു മക്കളെയും ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥിച്ചു. അവരെ ആത്മീയ സുസ്രൂഷകൾക്കു കൂട്ടികൊണ്ടുപോയി ആഴമായ ക്രൈസ്തവ ബോധ്യങ്ങൾ കൊണ്ട് അവരുടെ മനസ്സിനെ നിറച്ചു. കർത്താവിനെ സ്തുതിക്കുന്നവരുടെ ജീവിതത്തിൽ ദൈവം എപ്രകാരമാണ് ഇടപെടുന്നത് എന്ന് ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. "അവിടുന്നു ദരിദ്രനെ പൊടിയിൽ നിന്നും ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽ നിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം ഇരുത്തുന്നു" (സങ്കീ 13:7-8). വര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. ഇന്നും ജീവിക്കുന്നവനായ യേശുക്രിസ്തു ഇവരുടെ കുടുംബത്തിലും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. സാലിയുടെ ജോലി മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ ദൈവം പ്രവര്‍ത്തിച്ചത് സാലിയുടെ മക്കളുടെ ജീവിതത്തിലാണ്. "ഒന്നിനും കൊള്ളാത്തവന്‍" എന്ന്‍ അദ്ധ്യാപകര്‍ വിധിയെഴുതിയ അവരുടെ മൂത്തമകന്‍ ഇന്ന് ഇംഗ്ലണ്ടിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കുന്നു. ആ പ്രദേശത്തുള്ള മലയാളി കുടുംബങ്ങളില്‍ നിന്നും ആദ്യമായി മെഡിസിനു പഠിക്കാന്‍ പോകുന്ന മലയാളിയാണ് സാലിയുടെ മൂത്ത മകന്‍. ഒരു നേഴ്സായി പോലും ജോലി ചെയ്യാന്‍ സാലിക്ക് കഴിഞ്ഞില്ല. അതില്‍ ആ സഹോദരി ദൈവത്തെ പഴിച്ചില്ല. നിരാശപ്പെട്ടില്ല. മറ്റുള്ളവരോട്‌ വെറുപ്പും അസൂയയും വച്ചു പുലര്‍ത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ മകന്‍ ഡോക്ടറാകാനായി പഠിക്കുന്നു. ചില ജീവിതങ്ങള്‍ ഇങ്ങനെയാണ്. തികഞ്ഞ പരാജയം എന്നു ലോകം വിലയിരുത്തുന്ന ജീവിതങ്ങളുമുണ്ടാകാം. എന്നാല്‍ അവരുടെ തലമുറക്കായി ദൈവം ഒരുക്കി വച്ചിരിക്കുന്നത് അവരുടെ ദേശത്തെ തന്നെ അത്ഭുതപ്പെടുന്ന അനുഗ്രഹങ്ങളായിരിക്കും. പ്രിയപ്പെട്ടവരെ ഒരു നിമിഷം ചിന്തിക്കുക. നിങ്ങളുടെ ജീവിതം ഒരു പരാജയമായിരുന്നുവെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ ലോകം നിങ്ങളെ അങ്ങനെ വിധിയെഴുതിയിട്ടുണ്ടോ? എങ്കില്‍ ഒരിക്കലും തളരരുത്. നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും കര്‍ത്താവായ യേശുവിനു സമര്‍പ്പിക്കുക. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്ന വചനത്തിൽ വിശ്വസിക്കുക. നമുക്കുവേണ്ടി മരിച്ചുയര്‍ത്ത അവിടുന്ന് നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ മക്കള്‍ എത്ര കഴിവില്ലാത്തവരാണോ അവരെ ദൈവത്തിനു സമര്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കു നേടാന്‍ കഴിയാതെ പോയത് നിങ്ങളുടെ മക്കളിലൂടെ ദൈവം നല്‍കും നൂറിരട്ടിയായി നല്‍കുക തന്നെ ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-08 15:57:00
Keywordsനേഴ്സ
Created Date2017-04-05 15:34:17