category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ നാമത്തിലുള്ള പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക: മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം
Contentഗാര്‍ഹിക സഭ: ക്രിസ്തീയ സാക്ഷ്യത്തിനുള്ള വേദി ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാന്‍ വ്യക്തികളും കുടുംബങ്ങളും വിശ്വാസജീവിതത്തെ ദൃഢതരമാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ക്രിസ്തീയ സംസ്കാര പരിശീലനത്തിലൂടെയും വളരേണ്ടത് ആവശ്യമായിരിക്കുന്നു. സഭയില്‍ ഈ മാസം പരിശുദ്ധാത്മാവിന്‍റെ ആഗമനവും നമ്മള്‍ സ്വീകരിച്ച പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവും പരിചിന്തനത്തിന് വിഷയമാക്കുന്നു. സാക്ഷ്യം വഹിച്ചുള്ള ഒരു ജീവിതത്തിനു ആത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. അതായത് കുടുംബത്തിലും സമൂഹത്തിലും ഈശോയ്ക്ക് സാക്ഷ്യം വഹിക്കാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. അതേപ്പറ്റിയുള്ള ഒരു വിചിന്തനമാണ് ഇന്നത്തെ ഇടയലേഖനം നല്‍കുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ നാം ഇപ്രകാരം കാണുന്നു: "മിശിഹായുടെ നല്ല സന്ദേശം അധ:പതിച്ച മനുഷ്യന്‍റെ ജീവിതവും സംസ്കാരവും നിരന്തരം നവീകരിക്കുകയും എപ്പോഴും ഭീതിപ്പെടുത്തുന്ന പാപത്തിന്‍റെ പ്രലോഭനത്താല്‍ ഉണ്ടാകുന്ന തെറ്റുകളെയും തിന്മകളെയും എതിര്‍ക്കുകയും തുടച്ചുനീക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ആചാരമര്യാദകളെ അതു നിരന്തരം ശുദ്ധീകരിക്കുകയും ഉത്കൃഷ്ടമാക്കുകയും ചെയ്യുന്നു". അതായത് തിന്മനിറഞ്ഞ സാഹചര്യങ്ങളിലേയ്ക്ക് സുവിശേഷ വെളിച്ചമേകാനും, ലോകത്തെ നവീകരിക്കാനുമുള്ള ദൗത്യം നമ്മുടെ കുടുംബങ്ങളിലൂടെ പൂര്‍ത്തിയാക്കണമെന്ന് സഭാമാതാവ് ആഗ്രഹിക്കുന്നു. സഭയ്ക്ക് അത്മായരുടെ ജീവിതത്തിലൂടെയാണ് പ്രത്യേകമാംവിധം ഭൂമിയുടെ ഉപ്പായിത്തീരാന്‍ കഴിയുന്നത് എന്ന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സഭയെ സന്നിഹിതമാക്കാനും, യാഥാര്‍ത്ഥൃവല്‍ക്കരിക്കാനും അത്മായര്‍ പ്രത്യേകമാംവിധം വിളിക്കപ്പെട്ടിരിക്കുന്നു. കുടിയേറ്റ കാലഘട്ടത്തിലും തുടര്‍ന്നും മുന്‍തലമുറ കാത്തുസൂക്ഷിച്ച വിശ്വാസപൈതൃകവും, ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിച്ചെടുത്ത വിശ്വാസതീക്ഷ്ണതയും ദൈവാശ്രയബോധവും വരുംതലമുറകളിലേക്ക് പകര്‍ന്ന് കൊടുക്കുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. "പ്രത്യേക പാരമ്പര്യങ്ങള്‍ ഏതു ജനപദത്തിന്‍റെയും പിതൃസ്വത്തിനോട്‌ ചേര്‍ത്ത് സുവിശേഷ വെളിച്ചത്തില്‍ പ്രകാശിതമാക്കി കത്തോലിക്കാ കൂട്ടായ്മയിലേക്ക് സ്വീകരിക്കപ്പെടുവാനുള്ളതാണ്". ആയതിനാല്‍ നമ്മുടെ കുടുംബങ്ങളില്‍ കൂട്ടയ്മാനുഭവവും പങ്കുവയ്ക്കലും നിലനിര്‍ത്താന്‍ സഹായിക്കുന്നതും വിശ്വാസ വെളിച്ചത്തില്‍ പ്രകാശിതമാകേണ്ടതുമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഗണിക്കാതെ അവ പരിപോഷിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. "രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടായിരിക്കും" (മത്തായി 18:20) എന്ന ദിവ്യനാഥന്‍റെ അനുഗ്രഹീത വചനം ഓരോ കുടുംബത്തേയും പ്രാര്‍ത്ഥനാനുഭവത്തില്‍ വളരാന്‍ ക്ഷണിക്കുന്നു. ഈശോ പ്രാര്‍ത്ഥനയുടെ മനുഷ്യനായാണ് സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. യഹൂദ കുടുംബങ്ങളില്‍ മാതാക്കള്‍ കുഞ്ഞുങ്ങളെ ഉറക്കാന്‍ നേരം ചെവിയില്‍ മന്ത്രിച്ചു നല്‍കുന്ന പ്രാര്‍ത്ഥന "പിതാവെ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" (സങ്കീ. 31:5) എന്നതാണ്. ഈ സങ്കീര്‍ത്തനഭാഗം ഈശോ കുരിശിലെ മരണസമയത്തും ആവര്‍ത്തിച്ചു (ലൂക്കാ 23:46). തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പും മറിയവും നല്‍കിയ പ്രാര്‍ത്ഥനമാതൃകയും, മതാചാരാനുഷ്ഠാനങ്ങളും ഈശോയെ പ്രാര്‍ത്ഥനയുടെ മനുഷ്യനാക്കി. ഓരോ ദിവസവും പ്രഭാതത്തിലും, സന്ധ്യയിലും കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് അഭികാമ്യവും അനുഗ്രഹീതവുമാണ്. മാത്രമല്ല, കുടുംബപ്രാര്‍ത്ഥന മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്ന ഒരവസരവുമാണ്. ക്രിസ്തീയ കുടുംബങ്ങളില്‍ സന്ധ്യയ്ക്ക് പ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നത് മറ്റുള്ളവര്‍ക്ക് ദൈവത്തെ ഓര്‍ക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. ഏറ്റവും നല്ലതും, ഉണര്‍വ്വോടും ഉന്മേഷത്തോടുംകൂടി പങ്കെടുക്കുവാന്‍ അനുയോജ്യമായ സമയം കുടുംബപ്രാര്‍ത്ഥനക്കു വേണ്ടി മാറ്റിവയ്ക്കണം. എല്ലാ ജോലികളും കഴിഞ്ഞ്, കുട്ടികളുടെ പഠനവും മറ്റാവശ്യങ്ങളും പൂര്‍ത്തിയാക്കി, ക്ഷീണത്തോടെയും അശ്രദ്ധമായും നിര്‍വ്വഹിക്കുന്ന കര്‍മ്മമാക്കി കുടുബപ്രാര്‍ത്ഥനയെ മാറ്റുന്നവര്‍ കായേന്‍റെ ബലി പോലെയാണ് അവ സമര്‍പ്പിക്കുന്നത്. ദൈവം നല്‍കുന്ന ഓരോ ദിവസത്തിന്‍റെയും ഏറ്റവും വിശിഷ്ടമായ ഭാഗം കുടുംബപ്രാര്‍ത്ഥനയ്ക്ക് മാറ്റി വയ്ക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കണം. വിശ്വാസത്തിന്‍റെ ഭാഷയിലൂടെ ദൈവാശ്രയബോധം ആഴപ്പെടുത്തുവാനും, ദൈവപരിപാലനാനുഭവങ്ങള്‍ക്ക് നന്ദി പറയാനും പ്രാര്‍ത്ഥന സമയം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ തലമുറകള്‍ക്ക് ദൈവാനുഭവവേദി പകരുന്നു. ദൈവവചന വായനയും, ജപമാലയിലൂടെയുള്ള രക്ഷാരഹസ്യങ്ങളുടെ ധ്യാനവും, മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയും, സങ്കീര്‍ത്തന ഗാനാലാപനവും എല്ലാ കുടുംബങ്ങളിലും പ്രതിദിനം ഉണ്ടാകണം. കുടുബപ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ കുടുംബാംഗങ്ങള്‍ പരസ്പരം സ്തുതിചൊല്ലി പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് അവരോടു ആദരവും ബഹുമാനവും ഉണ്ടാകാന്‍ ഇടയാക്കും. ദൈവാലയത്തിന്‍റെയോ, കുരിശടികളുടെയോ മുമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ ദൈവസാന്നിദ്ധ്യ സ്മരണയാചരിക്കുന്ന പാരമ്പര്യം ഇന്നു കൈമോശം വരുന്നു. നെറ്റിയില്‍ കുരിശ് വരച്ചും, ശിരസ്സ് നമിച്ചും കുരിശിനോടു ബഹുമാനം പ്രകടിപ്പിക്കാനും സ്വയം വിശുദ്ധീകരിക്കാനുമുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. "ഇത് നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പ്പനയായി ആചരിക്കണം. ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം" (പുറ. 12:24-26) എന്ന പഴയനിയമ പ്രബോധനം നമുക്കോര്‍ക്കാം. കുരിശു വരച്ച് പ്രാര്‍ത്ഥിക്കുന്ന ഓരോ നിമിഷവും, സര്‍വ്വേശ്വരന്‍റെ ഏകത്വവും ത്രിത്വവും സ്വശരീരത്തിലൂടെ ആലേഖനം ചെയ്ത് പ്രഘോഷിക്കുകയാണ്. ശിരസ്സ് മുതല്‍ ഹൃദയം വരെ വരയ്ക്കുന്ന ലംബമായ നേര്‍രേഖ ഏകദൈവത്തെയും, തിരശ്ചീനമായ മൂന്ന്‍ വരകള്‍- നെറ്റിയിലും, അധരത്തിലും, ഹൃദയഭാഗത്തും- പരിശുദ്ധ ത്രിത്വത്തെയും സൂചിപ്പിക്കുന്നതും ചിന്തകളെയും, സംസാരത്തെയും, പ്രവര്‍ത്തിയേയും വിശുദ്ധീകരിക്കുന്നതുമാണ്. മാത്രമല്ല കുരിശ് വരക്കുന്നതും ഈശോയ്ക്ക് സാക്ഷ്യം വഹിക്കുന്ന അവസരമാണ്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനില്‍ക്കുമെന്ന വി. ചാവറയച്ചന്‍റെ സൂക്തങ്ങളും നമുക്ക് വെളിച്ചമാകട്ടെ. നിര്‍മ്മലമായ ഭാഷയും, സംസാരരീതിയും പരിശീലിക്കുന്ന മക്കള്‍ കുടുംബത്തിന്‍റെ കുലീനത്വവും മഹത്വവും വെളിവാക്കുന്നതു പോലെ, വസ്ത്രധാരണവും ഓരോരുത്തരുടെയും മഹത്വം വെളിവാക്കുന്നതാകണം. ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരും, ശിരസ്സായ ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അവയവങ്ങളും, പരിശുദ്ധാത്മാവിന്‍റെ ആലയങ്ങളും എന്ന നിലയില്‍ വിശുദ്ധിയോടെ ജീവിക്കാന്‍ സഹായിക്കുന്നതാകണം വസ്ത്രധാരണം, മക്കളുടെ വസ്ത്രധാരണാവശ്യങ്ങള്‍ പരിഹരിക്കാന്‍ ധനം ചെലവഴിക്കുന്നവരെന്ന നിലയില്‍, തങ്ങളുടെ മക്കളെ പ്രദര്‍ശനപരതയില്‍ നിന്നും, ആധുനിക ഭ്രമങ്ങളില്‍ നിന്നും നിയന്ത്രിക്കുന്നതിനും, സഭ്യവും സത്പ്രേരണക്കിടയാകുന്നതുമായവ മാത്രം നല്‍കുന്നതിനും കടപ്പെട്ടവരും ഉത്തരവാദിത്വമുള്ളവരുമാണ് മാതാപിതാക്കള്‍. ദൈവാലയത്തിലോ, വിശുദ്ധ ഗ്രന്ഥ വായനക്കായി വചനവേദിയിലോ, പെണ്‍കുട്ടികള്‍ വരുമ്പോള്‍ മുട്ടിന് താഴെ ഇറക്കമുള്ള വസ്ത്രം ധരിക്കേണ്ടതാണ്. ക്രൈസ്തവ സ്ത്രീകള്‍ ദൈവാലയത്തില്‍ പോകാനും, തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനും പ്രത്യേകം വസ്ത്രങ്ങള്‍ കരുതിയിരുന്ന നല്ല പതിവ് നിലനിര്‍ത്തേണ്ടതാണ്. ":വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍" എന്നാണു സങ്കീര്‍ത്തകന്‍ ആഹ്വാനം ചെയ്യുന്നത് (സങ്കീ. 96:9). മുതിര്‍ന്നവരോടും, സഭയുടെയും സമൂഹത്തിന്‍റെയും ശുശ്രൂഷമേഖലയിലുള്ളവരോടും, അധികാരികളോടും വിധേയത്വവും ആദരവും പ്രകടമാക്കുന്ന രീതിയില്‍ പെരുമാറാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. കുലീനമായ സംസാരരീതിയും ഭാഷാശൈലിയും സ്വായത്തമാക്കുവാന്‍ മക്കള്‍ക്ക് സാധിക്കുന്ന രീതിയില്‍ കുടുംബത്തിലെ സംസാരം മാന്യവും ശ്രേഷ്ഠവുമാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയുടെ ആരംഭകാലം മുതല്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതായി നമ്മുടെ പൂര്‍വ്വികര്‍ മനസ്സിലാക്കിയിരുന്നതിനാല്‍ ഗര്‍ഭിണികള്‍ ആശീര്‍വാദം സ്വീകരിക്കാനും, പ്രാര്‍ത്ഥനകള്‍ യാചിക്കുവാനുമായി ദൈവാലയത്തിലും, വൈദികരുടെ പക്കലും വരികയും അനുഗ്രഹീതരാവുകയും ചെയ്തിരുന്നു. ഗര്‍ഭാവസ്ഥയില്‍ ദൈവവചന വായനയും, ഉണ്ണീശോയോടുള്ള ഭക്തിയും ഏറെ പ്രോത്സാഹിപ്പിക്കണം. ശിശുക്കളുടെ മാമ്മോദീസ 8-ആം ദിവസം നടത്തുന്ന പതിവ് നിലനിര്‍ത്തണം. അതിനു പകരം ആഘോഷങ്ങള്‍ക്കു വേണ്ടി മാമ്മോദീസ ആഴ്ചകളും, മാസങ്ങളും വര്‍ഷങ്ങളും വരെ നീട്ടി വയ്ക്കുന്നത് ക്രിസ്തീയ പാരമ്പര്യത്തിനിണങ്ങുന്നതല്ല. ക്രിസ്തീയ ചൈതന്യമോ, സ്വാധീനമോ ഇല്ലാത്ത അര്‍ത്ഥരഹിതമായ പേരുകളാണ് പലപ്പോഴും കുട്ടികള്‍ക്ക് നല്‍കുന്നത് ഒരു വ്യക്തിയുടെ നാമം ഏറെ പ്രധാനപ്പെട്ടതാണ്. പരമ്പരാഗതവും, ക്രൈസ്തവ വിശ്വാസവും മാതൃകയും പ്രഘോഷിക്കുന്നതുമായ പേരുകള്‍ ഉപയോഗിക്കുന്നതിനും അതിലഭിമാനിക്കുന്നതിനും ഓരോ കുടുംബവും ശ്രദ്ധിക്കണം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിനു സാക്ഷ്യം വഹിക്കലാണ്. ക്രൈസ്തവ നാമത്തിലുള്ള ഓമനപ്പേരുകളാണ് കുഞ്ഞുങ്ങള്‍ക്ക് ഇടേണ്ടത്. നമുക്ക് മാതൃകയും മദ്ധ്യസ്ഥരുമായ വിശുദ്ധര്‍ ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ പേരുകള്‍ തലമുറകളിലേക്ക് കൈമാറുന്നതിലൂടെയാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുരൂപരാകരുത്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കണം എന്ന്‍ തിരുവചനം നമ്മെ പഠിപ്പിക്കുന്നു (റോമ: 12:2). തങ്ങള്‍ സ്വീകരിക്കാന്‍ പോകുന്ന ജീവിതാവസ്ഥക്കനുസരിച്ച്, ആത്മശരീര വിശുദ്ധിയോടെ സമര്‍പ്പണം നടത്തുവാന്‍ മക്കളെ പരിശീലിപ്പിക്കുവാനും, മാതൃകയാകാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പൗരോഹിത്യ സന്യാസ വിവാഹ ദൈവവിളികള്‍ വിവേചിച്ചറിഞ്ഞ് മക്കളെ വ്യത്യസ്തങ്ങളായ ജീവിതാവസ്ഥകള്‍ ആശ്ലേഷിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം, ഭൗതിക നേട്ടങ്ങള്‍ക്കും, സമ്പത്തിനും, പഠനത്തിനും, ജോലിക്കും മാത്രമായിട്ടു ശ്രദ്ധിക്കുന്ന കുടുംബങ്ങള്‍ ദൈവരാജ്യത്തെ പടുത്തുയര്‍ത്താനുള്ള, കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായുള്ള ദൈവവിളികള്‍ നഷ്ടപ്പെടുത്തുന്നു. കുടുംബങ്ങളില്‍ വൈദികരേയും, സന്യസ്തരേയും കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ വിമര്‍ശിക്കുന്നത് ദൈവവിളിയെ നിരുത്സാഹപ്പെടുത്തുമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം. കുറ്റം പറയുന്നതിനു പകരം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തീയ കുടുംബങ്ങളാണ് ഉണ്ടാവേണ്ടത്. ഹൃദയവിശുദ്ധിയും ശരീരവിശുദ്ധിയും നഷ്ടപ്പെട്ട് വിവാഹത്തിനണയേണ്ടി വരുന്ന ദുരന്തം ഇന്നു വ്യാപകമാകുന്നതിന്‍റെ കാരണം വിശ്വാസത്തിന്‍റെ അപചയമാണെന്നതില്‍ തര്‍ക്കമില്ല. അതിനാല്‍ ഓരോ കുടുംബവും തങ്ങളുടെ മക്കള്‍ ഉത്തമമായ ജീവിതാവസ്ഥകളിലെത്തിച്ചേരാന്‍ പ്രാര്‍ത്ഥിക്കണം. കുട്ടികളുടെ ഇടയിലുള്ള മൊബൈല്‍ ഉപയോഗവും, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവയുടെ ഉപയോഗവും മാതാപിതാക്കള്‍ നിയന്ത്രിക്കണം. വളരെ അധികം കുട്ടികള്‍ മൊബൈലിലൂടെ വഴിതെറ്റുന്നുണ്ട്‌. "സഹോദരര്‍ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും ആനന്ദകരവുമാണ്.... അവിടെയാണ് ദൈവം തന്‍റെ അനുഗ്രഹവും അനന്തമായ ജീവനും പ്രദാനം ചെയ്യുന്നത്" (സങ്കീ. 133), ഇന്ന് കൂട്ടുകുടുംബങ്ങളും പങ്കുവയ്ക്കലും അപ്രത്യക്ഷമാകുന്നതും അസഹിഷ്ണുതയും അക്രമവും വര്‍ദ്ധിക്കുന്നതും നമ്മുടെ കുടുംബബന്ധങ്ങളുടെ അപചയത്തിന്‍റെ അടയാളമാണ്. സഹോദരങ്ങള്‍ക്കിടയില്‍ വിവേചനവും, മാത്സര്യവും, ശത്രുതയും വിതയ്ക്കാതെ എല്ലാ മക്കളെയും ഒരേ കൂട്ടായ്മയില്‍ നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ കടപ്പെട്ടവരാണ്. നമ്മുടെ ഇടവകകളിലെ കുടുംബക്കൂട്ടായ്മകളും, പ്രാര്‍ത്ഥനയോഗങ്ങളും അതിലുള്ള ബൈബിള്‍ പഠനവും ആദിമ സഭയുടെ സാക്ഷ്യപ്പെടുത്തലാണ്. എല്ലാ ഇടവകാംഗങ്ങളും അതില്‍ പങ്കുചേരണം. നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാതെ കടന്നുപോകുന്നതിനാല്‍ പൂര്‍വ്വികര്‍ പലപ്പോഴും പെട്ടെന്നുതന്നെ വിസ്മൃതിയിലാകുന്നു എന്ന ദുരന്തവും ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നു. പൂര്‍വ്വികരിലൂടെ നല്‍കപ്പെട്ട നന്മകള്‍ ഏറ്റുപറയാനും, അവരുമായുള്ള ബന്ധം പുതുക്കാനും കുടുംബങ്ങള്‍ കെട്ടുറപ്പോടും സാഹോദര്യത്തോടും കൂടി നില്‍ക്കാനും, ചരമവാര്‍ഷികാചരണങ്ങളും ഓര്‍മ്മകളും പ്രധാനപ്പെട്ടതാകണം. പൂര്‍വ്വികരുടെ മരണ ദിവസങ്ങള്‍ മറക്കാതെ അന്നേദിവസം പ്രത്യേകമായി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും, പരിത്യാഗ പ്രവൃത്തികളും, ദാനധര്‍മ്മങ്ങളുമനുഷ്ഠിക്കാനും ഓരോ കുടുംബവും ശ്രദ്ധിക്കുന്നത് കുടുംബബന്ധങ്ങള്‍ ആഴപ്പെടാന്‍ ഇടയാക്കുന്നു. വിശ്വാസത്തിനും ക്രിസ്തീയ മൂല്യങ്ങള്‍ക്കും ജീവശ്വാസത്തേക്കാള്‍ വിലനല്‍കിയവരും, രാഷ്ട്രത്തിനും സമുദായത്തിനും വേണ്ടി ആത്മാര്‍പ്പണം നടത്തിയവരുമായ മുന്‍തലമുറയുടെ സ്മരണ ഇന്നും മാതൃകയാവുകയും പിന്‍ചെല്ലുകയും വേണം. വിശ്വാസത്തിനും സന്മാര്‍ഗ്ഗത്തിനും മുന്‍ഗണന നല്‍കി ജീവിക്കേണ്ടി വരുമ്പോള്‍ നേരിടേണ്ടി വരുന്ന ഏതു വെല്ലുവിളിയിലും പതറാതെ സഭയോടൊത്തും, സഭയിലും വളരാന്‍ ഓരോ കുടുംബത്തിനും കഴിയണം. "പൊതുകാര്യങ്ങളില്‍ പ്രവീണരും തത്തുല്യമാംവിധം ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചവരുമായ കത്തോലിക്കര്‍ പൊതു ഉദ്യോഗങ്ങള്‍ വഹിക്കാന്‍ മടിക്കരുത്. കാരണം അവ മാന്യമായി വഹിച്ചുകൊണ്ട് പൊതുനന്മ സുരക്ഷിതമാക്കാനും, അതേസമയം സുവിശേഷത്തിന്‍റെ വഴി വിസ്തൃതമാക്കാനും, അവിടങ്ങളില്‍ ക്രിസ്തുവിന് സാക്ഷികളേകാനും അതുപകരിക്കും". കുടുംബത്തിലൂടെ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നതമായ ശുശ്രൂഷയ്ക്ക് വേണ്ടി നല്ല ഫലങ്ങളെ സമര്‍പ്പിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യവും ഏറെ നിര്‍ണ്ണായകവുമാണ്. അതിനാല്‍, ക്രിസ്തീയ സംസ്കാരവും, പാരമ്പര്യങ്ങളും നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും, ഫലദായകമാക്കാനും ഓരോ കുടുംബവും നിര്‍ണ്ണായകമായ ദൗത്യമേറ്റെടുക്കണം. ഇന്നു രാഷ്ട്രീയ മേഖലയില്‍ നല്ല നേതാക്കളുണ്ടാകേണ്ടത് ആവശ്യമാണ്. നമ്മുടെ മക്കളെ നേത്രുത്വവാസനയില്‍ വളര്‍ത്തി സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് എത്തിച്ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും, രാജ്യത്തിന്‍റെ ഭരണം നിയന്ത്രിക്കുന്ന സിവില്‍ സര്‍വ്വീസ്, പബ്ലിക് സര്‍വ്വീസ് തുടങ്ങിയ മേഖലകളിലേക്ക് അയക്കുകയും ചെയ്യുന്നതു വഴി ക്രൈസ്തവ സമൂഹത്തിനു ഭരണ തലത്തിലും അധികാര തലത്തിലും ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനാവും. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ടും, ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും മിശിഹായില്‍ നിങ്ങളുടെ പിതാവ്. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടുക്കി രൂപതാ മെത്രാന്‍
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-06 12:10:00
Keywordsമാത്യു ആനി
Created Date2017-04-06 12:10:54