Content | വത്തിക്കാൻ: യേശുവിന്റെ പീഡാനുഭവ വാരത്തിന്റെ സ്മരണയിലൂടെ കടന്ന്‍ പോകുമ്പോള്‍ നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന സഹോദരങ്ങളില്‍ അവിടുത്തെ ദർശിക്കുവാനുള്ള അവസരമായി നാം കാണണമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഓശാന ഞായർ തിരുകർമ്മങ്ങൾക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
അടിമവേലയും രോഗങ്ങളും കുടുംബത്തിലുണ്ടാകുന്ന ദുരന്തങ്ങളും മൂലം ദുരിതപൂർണ്ണമായ നിമിഷങ്ങളിൽ കടന്നുപോകുന്ന സഹോദരീസഹോദരന്മാരിൽ സന്നിഹിതനായിരിക്കുന്ന യേശുവിനെ തിരിച്ചറിഞ്ഞ്, ശിമയോനെപ്പോലെ, നമ്മുടേതായ കൈ സഹായം നീട്ടുമ്പോഴാണ് ഉയിര്‍പ്പ് തിരുനാള്‍ അർത്ഥപൂർണ്ണമാകുന്നതെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
കലാപം, യുദ്ധം തുടങ്ങിയ കെടുതികൾ മൂലം നമ്മുടെയിടയിൽ വേദനയനുഭവിക്കുന്നവർ യേശുവിന്റെ സഹനങ്ങളിൽ പങ്കുപറ്റുന്നവരാണ്. യുദ്ധസന്നദ്ധരായി ഭിന്നിച്ചു നില്ക്കുന്ന രാജ്യങ്ങൾക്കിടയിൽ തീവ്രവാദവും കൂടെ കടന്നുവരുന്നതോടെ മനുഷ്യരുടെ അന്തസ്സു മാത്രമല്ല നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്നു. വികൃതമാക്കപ്പെട്ട രൂപവും നിലച്ചുപോയ ശബ്ദവും ആണെങ്കിലും പീഡിതരുടെ കണ്ണുകളിൽ ഈശോയെ ദർശിക്കാനാകും. ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും അനുഭവവേദ്യമാകുന്നത് അത്തരം അവസരങ്ങളിലാണ്.
നീതിമാനും കരുണാമയനുമായ സമാധാനത്തിന്റെ രാജാവാണ് നമ്മുടെ ദൈവം. യേശുവിന്റെ പീഡാനുഭവ സ്മരണവേളയിൽ നമുക്ക് ചുറ്റുമുള്ള വേദനയനുഭവിക്കുന്ന സഹോദരരിൽ അവിടുത്തെ ദർശിക്കുവാൻ നാം പരിശ്രമിക്കണം. വിനീതനായി കഴുതയുടെ പുറത്തു വന്നപ്പോൾ ജനങ്ങൾ ഓശാന വിളികളോടെ സ്വീകരിച്ചതിന്റെ മഹത്വം മാത്രമല്ല നാം ധ്യാന വിഷയമാക്കേണ്ടത്. കുരിശുമരണത്തിനു മുന്നോടിയായി അവിടുന്നു കടന്നു പോയ പീഡാസഹനങ്ങളുടെ ആരംഭമായ ഓശാന ഞായർ ആഘോഷം കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണെന്നാണ്.
ജറുസലേമിലേക്കുള്ള യേശുവിന്റെ പ്രവേശനം രാജകീയമായിരുന്നെങ്കിലും തുടർന്ന് നടന്ന സംഭവങ്ങൾ, പീഡാസഹനങ്ങളോടെയുള്ള കുരിശുമരണം, വേദനാജനകമാണ്. യേശു ശിഷ്യരോടൊത്ത് ആയിരിക്കുമ്പോഴും പിന്നീട് ജറുസലേമിനെ പ്രതി വിലപിക്കുമ്പോഴും ഈശോയ്ക്കുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ കഴിഞ്ഞത് ദൈവത്തിന്റെ ഹിതമാണെന്ന തിരിച്ചറിവാണ്. യേശു താൻ രക്ഷകനായ മിശിഹായാണെന്ന് ഏറ്റുപറയുകയും ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതി സമ്പാദിക്കാൻ ദാസന്റെ വേഷം അണിഞ്ഞ്, മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പിനായി ക്ഷമയോടെ സഹനങ്ങൾ സ്വീകരിച്ചു. മാര്‍പ്പാപ്പ പറഞ്ഞു.
ജനങ്ങൾ ഓശാന പാടി എതിരേറ്റപ്പോഴും പിന്നീട് ഈശോ, നിന്ദനവും അപമാനവും വഹിച്ച് വഞ്ചനാകുറ്റം ചുമത്തപ്പെട്ട് പരിഹാസിതനായി മുൾക്കിരീടം ചൂടി ക്രൂശിതനായതിനെ ക്കുറിച്ച് ഭക്തിപൂർവം ധ്യാനിക്കണം. ആരെങ്കിലും തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന വി. മത്തായിയുടെ സുവിശേഷത്തിലെ വചനഭാഗം ഉദ്ധരിച്ചു കൊണ്ട് മാർപ്പാപ്പ പറഞ്ഞു.
അവിടുന്ന് നമുക്ക് വിജയവും ബഹുമതിയുമല്ല വാഗ്ദ്ധാനം ചെയ്തിരിക്കുന്നത് എന്ന് സുവിശേഷം തന്നെ വ്യക്തമാക്കുന്നുണ്ട്. സഹനങ്ങൾ നിറഞ്ഞ പാതയാണ് തന്റേതെന്ന് അറിയിച്ച യേശു അതിന്റെ അന്തിമ വിജയം കുരിശുമരണം മുഖേനെയാണെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. യേശുവിന്റെ അനുയായികളായ നമുക്കും ഇതെല്ലാം ബാധകമാണ്. യേശുവിനെ വാക്കുകളിലൂടെ മാത്രമല്ല പ്രവർത്തിയിലും അനുകരിക്കുന്ന വിശ്വസ്ത ശിഷ്യരാകുവാനുള്ള ദൈവകൃപയ്ക്കായും പ്രാർത്ഥിക്കുവാൻ ഉത്ബോധിപ്പിച്ചു കൊണ്ടാണ് മാർപ്പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. |