category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓശാന ഞായര്‍ സന്ദേശം
Contentഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന രക്ഷകനെയാണ് യേശുവില്‍ ജനം ഓശാന പാടി സ്വീകരിച്ചത്. പ്രവാചകന്‍ പറഞ്ഞിരുന്നതുപോലെ കഴുതയുടെയും കഴുതക്കുട്ടിയുടെയും മേല്‍ കയറി രക്ഷകന്‍ ജറുസലേമിലേക്കു പ്രവേശിച്ചു. ലോകാവസാനം വരെ ഇനി വിശ്വാസികള്‍ പാടുന്ന ഓശാനകളും ഇന്നത്തെ നമ്മുടെ ഓശാനയും ചേര്‍ന്ന് ചരിത്രത്തില്‍ യേശുവിന് ദൈവത്തിന്റെ ജനം വരവേല്പ് നല്‍കുകയാണ്. മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനുള്ളില്‍ യേശുവിന്റെ അത്ഭുതകമായ വചസുകളും പ്രവൃത്തികളും കണ്ടും കേട്ടും അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ച ജനമാണു അവിടുത്തേക്കു ഓശാന പാടിയത്. ഗ്രീക്കുകാരും യഹൂദരും സമറിയാക്കാരുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജാതി, വംശ, ഭാഷാ വ്യത്യാസമില്ലാതെയുള്ള സ്വീകരണം. യേശുവില്‍ നിന്ന് രോഗശാന്തിയും പാപമോചനവും ലഭിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. പാപികളും ചുങ്കക്കാരും സമൂഹത്തില്‍ തിരസ്‌കൃതരായിരുന്നവരും എല്ലാം ചേര്‍ന്നു ദൈവത്തിന് ഓശാന പാടി. ഇന്നും യേശുവിന് ഓശാന പാടുന്നവര്‍ സാധാരണ ജനങ്ങളാണ്. അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരാണ്. ഇന്നും ജാതി, മത, ഭാഷാ ഭേദമന്യേ ബാഹ്യമായും ആന്തരികമായും യേശുവിന് ഓശാന പാടുന്നവരുണ്ട്. ആ ഗണത്തില്‍പ്പെടുന്നവരാകണം നമ്മള്‍. യേശുവിന് ജനങ്ങള്‍ ഓശാനപാടി ജറുസലേം ദേവാലയത്തിലേക്കു നീങ്ങിയവേളയില്‍ ഫരിസേയര്‍ 'ഗുരോ നിന്റെ ശിഷ്യന്മാരെ ശാസിക്കുക' എന്നു പറഞ്ഞപ്പോള്‍, അവിടുന്നു 'ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു' എന്ന് പ്രതിവചിച്ചതായി ലൂക്ക സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്നും അംഗീകാരങ്ങളും സ്വീകരണങ്ങളും ലഭിക്കുന്നവരെ അസൂയയോടെ നോക്കിക്കാണുന്നവരുണ്ട്. എല്ലാ വിജയങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത ഒരു വിഭാഗം. എല്ലാറ്റിലും തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ മറ്റുള്ളവരുടെ വിജയങ്ങളെ ഇകഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നവര്‍. ഇത് സമൂഹത്തില്‍ നിരന്തരം നടമാടുന്ന പ്രതിഭാസമാണ്. മറ്റുള്ളവരെ പരാജയപ്പെടുത്തുന്നതില്‍ തങ്ങള്‍ക്കു വിജയം ലഭിക്കുന്നുവെന്നു കരുതുന്നവര്‍. ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളെക്കാള്‍ വിജയം വരിക്കുന്നവര്‍ക്കെതിരെ കരുക്കള്‍ നീക്കുന്നവര്‍. യേശുവിന്റെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണല്ലൊ. സമൂഹങ്ങളോ ജനക്കൂട്ടങ്ങളോ മാത്രമല്ല ഓശാനപാടുന്നത്. ഒറ്റപ്പെട്ട സ്തുതിപാടകരുമുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ ഓശാന പാടുന്നവരല്ല. ഒറ്റയ്ക്കു വരുന്നവരുടെ ഓശാനകള്‍ അവധാനതയോടെ വേണം കാണുവാന്‍. ഈശോയെ വാക്കില്‍ കുടുക്കാന്‍ വന്ന ഫരിസേയര്‍ അവിടുത്തോടു പറഞ്ഞു; 'ഗുരോ നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയനായി ദൈവത്തിന്റെ വഴി സത്യമായും പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു'. എത്രയോ വലിയൊരു പുകഴ്ചയാണ് അവര്‍ യേശുവിനു നല്‍കിയത്!. എന്നാല്‍ അതിനു തൊട്ടുപിന്നാലെ വന്ന ചോദ്യത്തിലൂടെ ഈശോയെ വീഴ്ത്തുകയായിരുന്നു അവരുടെ ലക്ഷ്യം; ' സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? യേശു ആ കുടുക്കില്‍ വീണില്ല എന്നു നമുക്കറിയാം. സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍ എന്നുപറഞ്ഞു ആത്മീയവ്യവസ്ഥിതിയും ഭൗതിക സംവിധാനങ്ങളുമെല്ലാം ദൈവനിശ്ചയമനുസരിച്ചുള്ളവയാണെന്ന് അവിടുന്നു സമര്‍ഥിച്ചു. സ്തുതിപാടകരെ സൂക്ഷിക്കാന്‍ നമുക്കു കഴിയണം. പത്രോസിനോടു പോലും യേശു പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. തന്റെ പീഡാസഹനത്തെയും മരണത്തെയും മുന്‍കൂട്ടിപ്പറഞ്ഞ യേശുവിനോടു പത്രോസ് പറഞ്ഞു; 'നിനക്ക് ഇതു സംഭവിക്കാതിരിക്കട്ടെ'. എന്നാല്‍ യേശുവിന്റെ പത്രോസിനോടുള്ള പ്രതികരണം 'സാത്താനേ എന്റെ പിന്നില്‍ പോകൂ' എന്നായിരുന്നു. ദൈവത്തിന്റെ പദ്ധതിയില്‍ നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ പത്രോസിനെ അവിടുന്ന് അനുവദിക്കുന്നില്ല. ഭരണാധികാരികള്‍ക്ക് ഇതൊരു വലിയ പാഠമാണ്. സ്തുതിപാടകരായി വന്നു പ്രശംസിക്കുന്നവരുടെ വാക്കുകളില്‍ കുടുങ്ങി സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ അധികാരികള്‍ക്ക് കഴിയാതെ വരരുത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കാനും ദൈവഹിതമനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാനും സമൂഹത്തിന്റെ പൊതുനന്മയെക്കരുതിയുള്ള പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനും അധികാരികള്‍ക്കു കഴിയണം. യേശുവിന്റെ ദൗത്യവും വിശ്വാസികളുടെ നന്മയും ആയിരിക്കണം സഭാധികാരികള്‍ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കേണ്ടത്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ തീസിസ്, ആന്റിതീസിസ്, സിന്തസിസ് എന്നൊരു ഫോര്‍മുലയുണ്ട്. ഒരു വര്‍ഗത്തിന്റെ ആധിപത്യം, വര്‍ഗസമരം, സമത്വ സമൂഹം എന്നതാണ് ആ ഫോര്‍മുല. പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ ഈ പ്രത്യയശാസ്ത്രം പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാല്‍ കര്‍ത്താവായ യേശുവില്‍ ഒരു വൈരുധ്യാത്മക ആത്മീയതയാണു നാം കാണുന്നത്. അവിടുത്തേക്കു ലഭിക്കുന്ന ഓശാന, പിന്നീടു വരുന്ന സഹനവും മരണവും, അവസാനം സംഭവിക്കുന്ന ഉത്ഥാനവിജയം. സഹനം കഴിഞ്ഞു വരുന്ന സമാധാനമാണു ക്രിസ്തുശിഷ്യന്മാരുടെ ഭാഗധേയം. വലിയ ആഴ്ചയില്‍ ഈ വൈരുധ്യാത്മക ആത്മീയതയുടെ അനുഭവത്തിലൂടെയാണു നാം കടന്നുപോകുന്നത്. യേശുവിനെപ്പോലെ നമ്മുടെ ജീവിതങ്ങളില്‍ വിജയങ്ങളെയും സഹനങ്ങളെയും അന്തിമമായ സമാധാനത്തെയും സ്വീകരിക്കാന്‍ നമുക്കു പരിശ്രമിക്കാം, പ്രാര്‍ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-04-11 08:44:00
Keywordsഓശാന
Created Date2017-04-11 08:44:52