Content | അങ്കമാലി: അനുദിന ജീവിതത്തിലെ കുരിശുകളെയും പ്രതിസന്ധികളെയും പ്രത്യാശയോടെ തരണം ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അങ്കമാലി യൂദാപുരം ബൈബിൾ കണ്‍വൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സഹനത്തിന്റെ വഴികളിലൂടെ നമ്മൾ കടന്നുവന്നാൽ മാത്രമേ ഉത്ഥാനത്തിന്റെ മഹത്വത്തിലേയ്ക്ക് പ്രവേശിക്കാൻ കഴിയൂയെന്നും അദ്ദേഹം പറഞ്ഞു.
"അനുദിന ജീവിതത്തിലെ കുരിശുകളെയും പ്രതിസന്ധികളെയും പ്രത്യാശയോടെ തരണം ചെയ്യണം. സഹനത്തിന്റെ വഴികളിലൂടെ നമ്മൾ കടന്നുവന്നാൽ മാത്രമേ ഉത്ഥാനത്തിന്റെ മഹത്വത്തിലേയ്ക്ക് പ്രവേശിക്കാൻ കഴിയൂ. നോന്പാചരണവും ബൈബിൾ കണ്വൻഷനുകളുമെല്ലാം ജീവിത നവീകരണത്തിനുള്ള അവസരങ്ങളാണ്. നല്ലതു ചിന്തിക്കാനും പ്രവർത്തിക്കാനും മനസിനെയും ശരീരത്തെയും പാകപ്പെടുത്തണം". ബിഷപ്പ് പറഞ്ഞു.
ബൈബിൾ കണ്വൻഷന് സമാപനം കുറിച്ചു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന കണ്‍വൻഷനും വചനപ്രഘോഷണത്തിനും ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസ് തോമസ്, റെക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, സഹ വികാരി ഫാ. റ്റിജോ തോമസ്, ബെൽബി ബേബി, ജിനോ ജോർജ് എന്നിവർ നേതൃത്വം നൽകി. |