Content | കൊച്ചി: അന്ത്യ അത്താഴ വേളയില്‍ യേശു, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക ലോകത്തിന് സമ്മാനിച്ചതിന്റെയും വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹ ആചരിക്കും. പെസഹ ശുശ്രൂഷകളോട് അനുബന്ധിച്ച് നാളെ ദേവാലയങ്ങളിൽ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും നടക്കും.
ഗദ്സമെനിലെ യേശുവിന്റെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുന്നുണ്ട്. സ്വന്തം ശരീരവും രക്തവുമായ അന്ത്യ അത്താഴം യേശു ശിഷ്യർക്കു പകുത്തു നൽകിയ വിശുദ്ധ കുർബാന സ്ഥാപനത്തിന്റെ ഓർമയില്‍ ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കല്‍ ശുശ്രൂഷയും നടക്കും.
പെസഹ വ്യാഴാഴ്ചയോട് അനുബന്ധിച്ച് വത്തിക്കാനിലും വിശുദ്ധ നാട്ടിലും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. നാളെത്തെ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകളാണ് കഴുകുന്നത്. ബലിയർപ്പണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കിടയിലാണ് ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.
|