Content | അങ്കമാലി: സങ്കീർണമായ വർത്തമാനലോകത്തിൽ ക്രിസ്തുസാക്ഷ്യം സമസ്തമേഖലകളിലേക്കും എത്തേണ്ടത് അനിവാര്യമാണെന്നു ഗുവാഹത്തി മുൻ ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പിൽ. ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള മിഷൻ കോണ്‍ഗ്രസ്-ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ അങ്കമാലി കറുകുറ്റി അഡ് ലക്സ് കണ്വൻഷൻ സെന്ററിൽ (ക്രൈസ്റ്റ് നഗർ) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി, കുടുംബ, സാമൂഹ്യതലങ്ങളിൽ സമാധാനം സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും സഭാമക്കളുടെ കൂട്ടായ പ്രാർഥനയും പ്രയത്നങ്ങളും ആവശ്യമാണ്. തീക്ഷ്ണമായ പ്രാർഥനകളിലൂടെയും ക്രിസ്തുകേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെയുമാണ് ഇതു സാധ്യമാവുക. ലോകത്തിലെ ഏറ്റവും ശക്തമായവാക്കാണു ഫിയാത്ത് എന്നത്. ദൈവഹിതം ഈ ലോകത്തിൽ നിറവേറ്റുന്നതിനുള്ള പരിശ്രമങ്ങളിൽ നാം ഒരുമിച്ചാണു നീങ്ങുന്നത്. ക്രിസ്തുവചനങ്ങളെ ലോകമെന്പാടും എത്തിക്കുന്നതിൽ ഫിയാത്ത് മിഷൻ വഹിക്കുന്ന പങ്ക് മഹത്തരമാണ്. ബൈബിൾ പ്രഘോഷണരംഗത്ത് അല്മായർ വലിയതോതിൽ ഇടപെടുന്നത് പ്രതീക്ഷ നൽകുന്നതാണ്. ഡോ. മേനാംപറമ്പിൽ പറഞ്ഞു.
ബാലസോർ ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം, ഖരക്പുർ ബിഷപ് മാർ തോമസ് തുരുത്തിമറ്റം, കൊഹിമ ബിഷപ് ജയിംസ് തോപ്പിൽ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ഇറ്റാനഗർ ബിഷപ് ഡോ. ജോണ്‍ തോമസ് കാട്രുകുടിയിൽ, ജൊവായ് ബിഷപ് ഡോ. വിക്ടർ ലിംഗ്ദോ, ഡയറക്ടർ എം.ജെ. ഇട്ട്യേച്ചൻ, കോ ഓർഡിനേറ്റർമാരായ ബ്രദർ സ്വീറ്റ്ലി ജോർജ്, ജോസ് ഓലിക്കൽ, തങ്കമ്മ ദീദി എന്നിവർ പ്രസംഗിച്ചു.
ഇന്നു ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപക സംഗമം, പ്രോലൈഫ് സംഗമം, മിഷൻ ധ്യാനം, ആരാധന, ഗാനശുശ്രൂഷ എന്നിവ നടക്കും. പ്രമുഖ ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിയാണു മിഷൻ കോണ്‍ഗ്രസിന്റെ തീംസോംഗ് തയാറാക്കിയത്. മിഷന് കോണ്‍ഗ്രസ് 30നു സമാപിക്കും. |