Content | ആരിഷ്, ഈജിപ്ത്: കോപ്റ്റിക്ക് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിനു പുറമേ, ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്തിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ ശരീയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഹിസ്ബാ എന്ന് പേരായ ഒരു മതാത്മക പോലീസ് സംവിധാനത്തിന് ഇസ്ലാമിക് സ്റ്റേറ്റ് രൂപം കൊടുത്തിട്ടുണ്ടെന്ന് റോയിട്ടേഴ്സ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈജിപ്തിലെ ആകെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികളെ തങ്ങള്‍ തുടച്ചുനീക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ‘സീനായി പ്രൊവിന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഐഎസ് അനുബന്ധ സംഘടന പുറത്ത് വിട്ട വീഡിയോയില്‍ വെളിപ്പെടുത്തിയിരിന്നു. ശരീയത്ത് നിയമമനുസരിച്ച് ജീവിക്കാത്തവരെ തങ്ങള്‍ ശിക്ഷിക്കുമെന്ന് 25 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന മറ്റൊരു വീഡിയോയിലൂടെയും ഐഎസ് മുന്നറിയിപ്പുണ്ടായിരിന്നു.
പുരുഷന്‍മാര്‍ താടി വടിക്കുന്നത് തടയുക, സ്ത്രീകളെ നിര്‍ബന്ധമായി മുഖം മറപ്പിക്കുക തുടങ്ങിയവയുള്‍പ്പെടെയുള്ള കര്‍ശനമായ മുസ്ലീം ശരീയത്ത് നിയമങ്ങള്‍ ബലമായി അടിച്ചേല്‍പ്പിക്കുക എന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് രൂപം നല്‍കിയ സംഘത്തിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ രണ്ടു ദേവാലയങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. മുസ്ലീം തീവ്രവാദികളുടെ നിരന്തര ആക്രമണത്തിനു വിധേയരായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 175-ഓളം കുടുംബങ്ങള്‍ സീനായി മേഖലയില്‍ നിന്നും പലായനം ചെയ്തതായി റോയിട്ടേഴ്സ് ചൂണ്ടികാണിക്കുന്നു.
സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളില്‍ നിന്ന ഏറ്റ തിരിച്ചടികള്‍ക്ക് പകരമായി വടക്കന്‍ സീനായി മേഖലയില്‍ മതസ്പര്‍ദ്ധയും, വിഭാഗീയതയും വളര്‍ത്തുവാന്‍ ഐഎസ് ശ്രമിക്കുകയാണ്. വടക്കന്‍ സീനായി മേഖലയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. |