Content | വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചു നിത്യതയിലേക്ക് യാത്രയായ പന്ത്രണ്ടോളം പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രേഖയില്‍ മാര്‍പാപ്പ ഒപ്പ് വെച്ചു. മെയ് 4ന് വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദിനാൾ ആഞ്ചലോ അമാട്ടോയുമായുള്ള കൂടികാഴ്ചക്കു ശേഷമാണ് നടപടി. 5 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 7 പേരെ ധന്യപദവിയിലേക്കുമാണ് ഉയര്‍ത്തുന്നത്.
കപ്പൂച്ചിന്‍ സഭാംഗം ധന്യനായ ഫാ. ഫ്രാന്‍സിസ് സൊലാനോ കാസി, അമലോത്ഭവനാഥയുടെ സഹോദരിമാര്‍ എന്ന സന്ന്യാസസഭാ സ്ഥാപകയും ഫ്രാന്‍സ് സ്വദേശിയുമായ ധന്യയായ മരിയ അഡലൈഡ് ദെ ബാസ് ത്രേഗ്വിലിയോണ്‍, ഉണ്ണീശോയുടെ പാവപ്പെട്ട സഹോദരിമാര്‍ എന്ന സന്യാസ സഭയുടെ സ്ഥാപകയും ധന്യയുമായ ക്ലാരാ ഫെ, ഈശോയുടെ തിരുഹൃദയത്തിന്‍റെ ദാസിമാരുടെ സഭാസ്ഥാപകയായ ധന്യയായ കതലീനാ മരിയ റോഡ്രിക്സ് എന്നിവരെയാണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
ഇറ്റലിയിലെ ഫ്ലോറന്‍സിന്‍റെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ ഏലിയ ദേലാ കോസ്താ, വിയറ്റ്നാമിലെ കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍, ഈശോയുടെ തിരുഹൃദയത്തിന്‍റെ ഊര്‍സുലൈന്‍ സഹോദരിമാരുടെ സഭാസ്ഥാപക ജൊവാന്നാ മനേഗിനി, പാവങ്ങളുടെ ദാസിമാരുടെ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായിരിന്ന വിന്‍ചെന്‍സീനോ കുസ്മാനോ, സമാധാന രാജ്ഞി സമൂഹത്തിന്‍റെ സ്ഥാപകനും കുടുംബസ്ഥനുമായ അലക്സാണ്ടര്‍ നൊത്താഗര്‍, ആത്മീയ സിദ്ധികളുടെയും വെളിപാടുകളുടെയും പേരില്‍ അറിയപ്പെട്ട എഡ്വിഗെ കര്‍ബോനി, ഓപൂസ് ദേയി സന്ന്യാസസമൂഹാംഗവും മെക്സിക്കന്‍ സ്വദേശിനിയുമായ മരിയ ഗ്വാഡലൂപെ ഓര്‍തിസ്, എന്നിവരെ ധന്യ പദവിയിലേക്കാണ് ഉയര്‍ത്തുന്നത്.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് പ്രവേശിക്കുന്ന അമേരിക്കന്‍ വൈദികന്‍ സൊളാനസ് കാസേ ആത്മീയ ഉപദേശങ്ങളിലൂടെ വിശ്വാസികള്‍ക്ക് മാർഗനിർദേശം നല്കുന്ന ശുശ്രൂഷയിൽ മുൻപന്തിയിലായിരുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥത്തിൽ നടന്ന രോഗശാന്തികളിലൂടെയാണ് അദ്ദേഹം വിശ്വാസികൾക്കിടയിൽ പ്രശസ്തനായത്.
ഐറിഷ് ദമ്പതികളുടെ പതിനാറ് മക്കളിൽ ആറാമനായി വിസ്കോൺസിനിലാണ് സൊളാനസ് കാസേ ജനിച്ചത്. തടിവെട്ടുകാരനായും ടാക്സി ഡ്രൈവറായും കാരാഗൃഹ കാവൽക്കാരനായും സേവനമനുഷ്ഠിച്ച സൊളാനസ്, ഇരുപത്തിയാറാം വയസ്സിൽ കപ്പൂച്ചിൻ സഭാംഗമായി.
1904 ൽ വൈദികനായി അഭിഷിക്തനായെങ്കിലും വൈദിക പഠനത്തിൽ പുറകിലായിരുന്നതിനാൽ കുമ്പസാരിപ്പിക്കാനോ പ്രസംഗിക്കാനോ ഫാ. കാസേയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാൽ കാവൽക്കാരനായും ആശ്രമത്തിലെ മറ്റ് ചെറിയ ജോലികൾ ചെയ്തും ശിഷ്ടക്കാലം കഴിച്ചു കൂട്ടാനായിരുന്നു ഫാ. കാസേയുടെ നിയോഗം.
എന്നാൽ, തന്നെ സമീപിച്ചവരോടെല്ലാം വളരെ ലാളിത്യത്തോടെ പെരുമാറുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിയാനും ദൈവിക പദ്ധതിക്ക് അനുരൂപരാക്കാന്‍ കഠിന ശ്രമം നടത്തുകയും ചെയ്തു. 1995 ൽ ധന്യനായി പ്രഖ്യാപിച്ച ഫാ. സൊളാനസിന്റെ മദ്ധ്യസ്ഥതയിലുള്ള അത്ഭുത പ്രവർത്തികൾ പരിഗണിച്ചാണ് മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തുന്നത്.
ഫ്രാൻസിസ്കൻ മൂന്നാം സഭാംഗവും വിശ്വാസ പരിശീലകനുമായിരിന്ന മഡഗാസ്കറിലെ രക്തസാക്ഷിയായ ലൂസിയൻ ബോടോവാസോവയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഒരു അല്മായൻ. കൊളോണിയൻ ആധിപത്യത്തിൽ നിന്നും മഡഗാസ്കർ ദ്വീപിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ക്രൈസ്തവവിശ്വാസിയായ ബോടോവാസോവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വധിക്കുകയായിരുന്നു. 1947-ല്‍ നടന്ന വിശ്വാസത്തെപ്രതി നടന്ന അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും പാപ്പാ കഴിഞ്ഞ ദിവസം അംഗീകരിച്ചു.
ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കർദിനാൾ ഫ്രാന്‍കോയ്സ് വാന്‍ തുവാന്‍ 1928-ല്‍ ആണ് ജനിച്ചത്. സയ്ഗൺ പ്രവശ്യയുടെ ബിഷപ്പായിരുന്ന അദ്ദേഹത്തെ, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ലഹളയിൽ കാരാഗൃഹത്തിലടച്ചിരിന്നു. പതിമൂന്ന് വർഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെട്ട അദ്ദേഹം തടവറയിലെ തന്റെ ദുരവസ്ഥയെയോർത്ത് നിരാശനായിരുന്നില്ല. ഇരുമ്പഴികള്‍ക്കുളിലും അദ്ദേഹം ക്രിസ്തുവിനെ വാഴ്ത്തി. പിന്നീട് മോചിക്കപ്പെട്ട അദ്ദേഹം നീതിയ്ക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു.
|