Content | വത്തിക്കാന്‍: അമേരിക്ക ആസ്ഥാനമായ അംബി പിക്ചേഴ്സ് കമ്പനി നിര്‍മ്മിച്ച ‘ബിയോണ്ട് ദ സൺ’ എന്ന ചലച്ചിത്രത്തില്‍ ഫ്രാന്‍സിസ് പാപ്പയും. ഇതാദ്യമായാണ് ഒരു മാർപാപ്പ സിനിമയിൽ അഭിനയിക്കുന്നത്. മാർപാപ്പ അഭിനയിച്ച ചലച്ചിത്രം ഈ മാസം 17-നാരംഭിക്കുന്ന കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്രത്തിൽ നിന്നു ലഭിക്കുന്ന ലാഭം ഫ്രാൻസിസ് മാർപാപ്പയുടെ ഇഷ്ട്ടപ്രകാരം അർജന്റീനയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെയും മറ്റും സഹായിക്കുന്നതിനായി നല്‍കും.
വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുവന്ന നാലു കുട്ടികള്‍ ക്രിസ്തുവിന്റെ പഠനങ്ങൾ അനുധാവനം ചെയ്യാൻ ശ്രമിക്കുന്നതിനെ ഇതിവൃത്തമാക്കിയാണ് സിനിമ. സിനിമയുടെ പ്രചോദനം ഫ്രാൻസിസ് മാർപാപ്പയാണെന്ന് അംബിയുടെ സഹസ്ഥാപകൻ ആൻഡ്രിയ ഇയർവോളിനോ പറഞ്ഞു. സുവിശേഷം പങ്കുവയ്ക്കുവാൻ തികച്ചും നൂതനവും വ്യത്യസ്തവുമായ രീതി അവലംബിച്ച പാപ്പയുടെ തിരഞ്ഞെടുപ്പ് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. |