category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎന്തുകൊണ്ടാണ് സാത്താന്‍, പരിശുദ്ധ അമ്മയെ ഭയപ്പെടുന്നത്? വെളിപ്പെടുത്തലുമായി ഭൂതോച്ചാടകന്‍
Contentഇറ്റലി: ലോകരക്ഷകന്റെ അമ്മ, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി, ജന്‍മപാപമില്ലാതെ ജനിച്ചവള്‍ ഇങ്ങനെ നീളുന്നു പരിശുദ്ധ അമ്മയ്ക്കുള്ള വിശേഷണങ്ങള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന അനേകം മരിയന്‍ പ്രത്യക്ഷീകരണങ്ങളും ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന അത്ഭുതങ്ങളും ലക്ഷകണക്കിന് ആളുകളെയാണ് മരിയ ഭക്തിയിലേക്ക് ആകര്‍ഷിക്കുന്നത്. അനേകര്‍ അമ്മയിലൂടെ യേശുവിനെ അറിയുമ്പോള്‍ സാത്താന്‍ അതില്‍ വളരെ അസ്വസ്ഥനാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഇതിനെ ശരിവെച്ചുകൊണ്ടാണ് അടുത്തിടെ പ്രശസ്ത ഭൂതോച്ചാടകനും ഇറ്റാലിയന്‍ വൈദികനുമായ ഫാദര്‍ സാന്റെ ബബോലിന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിശുദ്ധ കന്യകാ മാതാവിനെതിരായി നടന്ന ആക്രമണങ്ങളുടെ പിറകിലെ ശക്തിയും കേന്ദ്രവും സാത്താന്‍ ആണെന്ന് അദ്ദേഹം പറയുന്നു. ‘ഡെസ്ഡെ ലാ ഫെ’ എന്ന മെക്സിക്കന്‍ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പതിവായി സ്ത്രീവേഷം കെട്ടി അഭിനയിക്കാറുള്ള ബോര്‍ജാ കാസില്ലാസ് എന്ന സ്പാനിഷ് കലാകാരന്‍ ഈ അടുത്തകാലത്ത് നടന്ന ഒരു കാര്‍ണിവല്‍ ആഘോഷത്തിനിടക്ക് പരിശുദ്ധ കന്യകാമാതാവിന്റെ വേഷം ധരിച്ചുകൊണ്ട് ദൈവമാതാവിനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അര്‍ജന്റീനയിലെ ഒരു പ്രതിഷേധ പ്രകടനത്തിനിടക്ക് ഒരു സ്ത്രീ പരിശുദ്ധ മാതാവിന്റെ വേഷം ധരിച്ചുകൊണ്ട് അബോര്‍ഷനെ അനുകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോപ്പ് സെലിബ്രിറ്റി കിം കര്‍ദാഷിയാന്‍ മാതാവിന്റെ രൂപത്തില്‍ തന്റെ മുഖം ചേര്‍ത്ത് മെഴുകുതിരി പുറത്തിറക്കിയത്. ഈ സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഫാദര്‍ സാന്റെ ബബോലിന്‍ പ്രസ്താവന നടത്തിയത്. ഭൂതോച്ചാടന വേളകളില്‍ പരിശുദ്ധ കന്യകാമാതാവിന്റെ മുന്നില്‍ സാത്താന്റെ ശക്തി ക്ഷയിക്കുകയും, അവളുടെ മുന്നില്‍ സാത്താന് പിടിച്ചുനില്‍ക്കുവാന്‍ കഴിയുകയുമില്ലയെന്നതിനാലാണ് പരിശുദ്ധ കന്യകാമറിയത്തെ സാത്താന്‍ ഇത്രമാത്രം ഭയപ്പെടുന്നതിന്റെ കാരണമെന്ന് ഫാദര്‍ സാന്റെ പറയുന്നു. 'പിശാചിനെതിരെ തനിക്ക് വേണ്ടി വാദിക്കുന്ന ഒരു ശക്തയായ അഭിഭാഷകയെപ്പോലെയാണ്' തന്റെ ക്ഷുദ്രോച്ചാടനകര്‍മ്മങ്ങള്‍ക്കിടയില്‍ തനിക്ക് വേണ്ടി പരിശുദ്ധ കന്യകാമാതാവ് പ്രവര്‍ത്തിക്കുന്നതെന്ന് വൈദികന്‍ വെളിപ്പെടുത്തി. ഏതാണ്ട് 2,300-ഓളം ക്ഷുദ്രോച്ചാടന കര്‍മ്മങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്, ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍, പരിശുദ്ധ കന്യകാമാതാവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ പിശാച് ബാധിതനായ വ്യക്തിയില്‍ പ്രകടമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് എനിക്ക് വ്യക്തമായി പറയുവാന്‍ സാധിക്കും. കത്തോലിക്കര്‍ക്കെതിരെ അവിശ്വാസികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ഫലംകാണാതെ വരുന്ന സാഹചര്യങ്ങളില്‍, കത്തോലിക്കരെ തോല്‍പ്പിക്കുവാനായി, വിറളിപൂണ്ട സാത്താന്‍ ലക്ഷ്യം വെക്കുന്നത് താന്‍ ഏറ്റവുമധികം വെറുക്കുകയും, ഭയപ്പെടുകയും ചെയ്യുന്ന പരിശുദ്ധ കന്യകാമാതാവിനെ തന്നെയാണെന്ന് റോമിലെ ജോര്‍ജ്ജിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഫാദര്‍ ബബോലിന്‍ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കര്‍മ്മത്തിനിടക്ക് ഞാന്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമം വിളിച്ചപേക്ഷിക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ തന്നെ സാത്താന്‍ “എനിക്ക് ഇവളുടെ (പരിശുദ്ധ മറിയം) മുന്‍പില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല, നിന്റെ മുന്‍പിലും” എന്ന് നിലവിളിച്ചു പറയാറുണ്ട്. ഇത് തന്നോടു പറയുന്നത് സാത്താന് പരിശുദ്ധ കന്യകാമാതാവിനോടുള്ള വെറുപ്പിന്റേയും, ഭയത്തിന്റേയും തെളിവാണെന്ന്‍ ഫാദര്‍ ബബോലിന്‍ ചൂണ്ടിക്കാണിക്കുന്നു. "ദൈവീക സന്ദേശമനുസരിച്ച് യേശുവിന്റെ അമ്മയാകാന്‍ വിളിക്കപ്പെട്ട പരിശുദ്ധ അമ്മ പൂര്‍ണ്ണമായും പാപരഹിതമായ അവസ്ഥയില്‍ പരിപൂര്‍ണ്ണ മനസോടുകൂടി ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ സ്വീകരിച്ചു. ദൈവത്തിന്റെ ദാസിയാവുകയും, തന്റെ പുത്രന്റെ ദൗത്യത്തില്‍ പങ്കു ചേരുകയും വഴി അവള്‍ തന്നെത്തന്നെ പരിപൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ള ഇക്കാര്യവും അദ്ദേഹം തന്റെ അഭിമുഖത്തില്‍ ഓര്‍മ്മിപ്പിച്ചു. “അവള്‍ നിന്റെ തല തകര്‍ക്കും” എന്ന് ദൈവം സാത്താനാകുന്ന സര്‍പ്പത്തോട് പറയുന്നതായി ഉല്‍പ്പത്തി പുസ്തകത്തില്‍ പറയുന്ന കാര്യവും വൈദികന്‍ ചൂണ്ടികാട്ടി. ഇവയെല്ലാം സാത്താന് പരിശുദ്ധ മാതാവിനോടുള്ള ഭയത്തിന്റെ കാരണങ്ങളാണ്. ദൈവമാതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ സാത്താന്‍ ഭയക്കുന്നു. പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് പിശാച് ബാധിതരില്‍ ഏറ്റവും ഭയാനകമായ ഭാവമാറ്റങ്ങള്‍ ഉണ്ടാകാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യരെ കെണിയില്‍ വീഴ്ത്തുവാനായി സാത്താന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു ആയുധം പണമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഉള്ളിലെ ആഹ്ലാദത്തിന്റേയും, അധികാരത്തിന്റേയും ഭൗതീക-ത്വരകളെ സംതൃപ്തിപ്പെടുത്തുവാന്‍ പണംകൊണ്ട് സാധിക്കുന്നു എന്നതാണ് ഇതിനു കാരണം. മനംമയക്കുന്ന പ്രകാശവും, നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് പെട്ടെന്നുള്ള പരിഹാരവും, കപടമായ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്തുകൊണ്ട് സാത്താന്‍ പണം വഴി നമ്മളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നു എന്ന മുന്നറിയിപ്പും അദ്ദേഹം അഭിമുഖത്തിലൂടെ നല്‍കി. അക്രമപരമായ പ്രവര്‍ത്തനങ്ങളെ നിരാകരിക്കുവാനും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, ജപമാലയും സംഘടിപ്പിക്കുവാനും, ദൈവമാതാവിനെതിരെ ആക്രമണങ്ങള്‍ നടന്ന ഇടങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാനും കത്തോലിക്കാ സമൂഹത്തെ ഉപദേശിച്ചുകൊണ്ടാണ് ഫാദര്‍ സാന്റെ ബബോലിന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-05-08 13:43:00
Keywordsമാതാവ, മറിയ
Created Date2017-05-08 13:44:05