Content | കന്ധമാൽ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ ഭവനം ഒഡീഷയിലെ കന്ധമാലില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫാത്തിമാ മാതാവിന്‍റെ തിരുനാള്‍ ദിനമായ മെയ് 13 ന് വെഞ്ചിരിപ്പ് നടക്കും.
മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥന സഫലമായെന്നും എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നതായും കട്ടക്ക്- ഭൂവനേശ്വര്‍ അതിരൂപതാ ബിഷപ്പ് ജോണ്‍ ബര്‍വ പറഞ്ഞു. കന്ധമാലിലെ സലിമഗുച്ച ഗ്രാമത്തിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തോട് ചേര്‍ന്നാണ് പുതിയ ഭവനം.
പുതിയ ഭവനം തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ദൈവരാജ്യത്തിന്റെ സന്ദേശം ലോകമെങ്ങും അറിയിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ റീജീനല്‍ സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഒലിവെറ്റ് പറഞ്ഞു. അശരണരായ ജനങ്ങള്‍ക്ക് തങ്ങള്‍ ആശ്വാസമേകുമെന്നും പ്രദേശവാസികളുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുമെന്നും സിസ്റ്റര്‍ കൂട്ടിചേര്‍ത്തു.
ക്രൈസ്തവ കൂട്ടകൊലയുടെ പേരില്‍ പ്രസിദ്ധമായ കന്ധമാൽ ജില്ലയിലെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ മൂന്നാമത്തെ ഭവനമാണിത്. സരാമുളി, സുഖനന്ദ സ്ഥലങ്ങളിലാണ് മറ്റ് ഭവനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. |