Content | വത്തിക്കാൻ: ലോകത്തിന്റേതായ ബാഹ്യശബ്ദങ്ങളുടെയിടയിൽ നല്ല ഇടയന്റെ ശബ്ദം നാം തിരിച്ചറിയണമെന്നു ഫ്രാന്‍സിസ് പാപ്പ. മെയ് 7നു ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അജഗണത്തെ സംരക്ഷിക്കുകയും നയിക്കുകയും സ്നേഹ സാന്നിധ്യത്തോടെ ആടുകളുടെ ഒപ്പമായിരിക്കുന്ന ഇടയനെപ്പോലെയാണ് യേശു നമുക്കോരോരുത്തർക്കുമെന്ന് മാർപാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
നല്ല ഇടയന്റെ പാതയാണ് സ്വർഗ്ഗത്തിലേക്കുള്ള സുരക്ഷിതമാർഗ്ഗം. എന്നാൽ, തെറ്റായ ധാരണകളിലൂടെ നമ്മെ വ്യതിചലിപ്പിക്കാൻ പരിശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രതയോടെയായിരിക്കണമെന്നും മാർപാപ്പ മുന്നറിയിപ്പ് നല്കി.
ഉത്ഥിതനായ യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥം കൈവരുന്നത്. വിശ്വാസികളായ നാമോരോരുത്തരും പ്രലോഭനങ്ങളെ അതിജീവിക്കാൻ പരിശ്രമിക്കണം. ആടുകൾക്കുള്ള വാതിലിനെക്കുറിച്ചും ഇടയന്റേതുമായ രണ്ടു ചിത്രങ്ങളാണ് വി. യോഹന്നാന്റെ സുവിശേഷത്തിലെ നല്ല ഇടയന്റെ ബൈബിൾ ഭാഗം വ്യക്‌തമാക്കുന്നത്.
പകലിന്റെ യാത്രയ്ക്കൊടുവിൽ കൂടണയുന്ന ആടുകളുടെ അടുത്തേയ്ക്ക് രണ്ടു തരം ആളുകൾ വരാൻ സാധ്യതയുണ്ട്. ഒന്ന് ഇടയനും മറ്റൊന്ന് അപരിചിതരും. ഇടയനടുത്ത സ്നേഹത്തോടെയാണ് ഈശോ നമ്മെയും സമീപിക്കുന്നത്. ഇടയന്റെ സ്വരം തിരിച്ചറിഞ്ഞ ആടുകൾ പച്ചയായ പുൽത്തകിടിയിലേക്ക് നയിക്കപ്പെടുന്നു.
ഞാനാണ് വാതിൽ, എന്നിലൂടെ പ്രവേശിക്കുന്നവർ രക്ഷ പ്രാപിക്കുമെന്ന ഈശോയുടെ വചനത്തിലൂടെ അവിടുന്ന് നമ്മെ നിത്യജീവനിലേക്ക് ക്ഷണിക്കുന്നു. അനുയായികളുടെ ജീവൻ ചിന്തി നേതാക്കന്മാരാകൻ മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ജീവൻ നൽകി ഏറ്റവും വിനീതനായ നേതാവാണ് യേശു.
നല്ലഇടയന്‍, നല്ല മേച്ചില്‍പ്പുറങ്ങളിലേക്ക് സമൃദ്ധമായ പച്ചപ്പുല്‍ത്തകിടിയിലേക്ക് തങ്ങളെ കൊണ്ടുപോകുമെന്ന് ഇടയന്‍റെ സ്വരം ശ്രവിക്കുന്ന ആടുകള്‍ക്ക് അറിയാം. നല്ലിടയന്റെ ഒരടയാളം മാത്രം മതി, ഒരു വിളിമാത്രം മതി- ആടുകള്‍ അവനെ പിഞ്ചെല്ലും, അനുസരിക്കും, ഒരുമിച്ചു നടക്കും. അവിടെ അവര്‍ക്ക് സംരക്ഷണമുണ്ട്, സാന്ത്വനമുണ്ട്.
നല്ലിടയന്‍റെ സ്വരം തിരിച്ചറിയുക എപ്പോഴും എളുപ്പമല്ല. അതുകൊണ്ട് എപ്പോഴും നാം ജാഗ്രതയോടെ വേണം ഇരിക്കാന്‍. മറ്റനവധി സ്വരങ്ങളാല്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോകാനുള്ള സാഹചര്യങ്ങളേറെയാണ്.
ലോകത്തിന്‍റെ സ്വരങ്ങളില്‍ പതറിയ ചിന്തകളിലായിരിക്കാതെ, നമ്മുടെ ജീവിതങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുന്നവനും ഏക വഴികാട്ടിയുമായ ഉത്ഥിതനായ യേശുവിനെ അനുഗമിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. പുതുതായി വൈദികരായി അഭിഷേകം ചെയ്യപ്പെട്ടവരോടൊപ്പം പരിശുദ്ധ അമ്മയുടെ സാന്നിധ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് മാർപാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. |