Content | വത്തിക്കാന്‍: നന്മയും സമാധാനവും സൗമ്യതയും കൈവരിക്കുന്നതിനു തിരുവചനത്തിനു കീഴ്‌വഴങ്ങണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ മെയ് ഒന്‍പതാം തീയതി സാന്താ മാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലെ വചനത്തെ അടിസ്ഥാനമാക്കിയാണ് മാര്‍പാപ്പ തന്റെ സന്ദേശം നല്‍കിയത്. ചിതറിക്കപ്പെട്ട വിശ്വാസികള്‍ വിജാതീയരോടും സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ച സംഭവം മാര്‍പാപ്പ സന്ദേശത്തില്‍ എടുത്തുകാണിച്ചു.
"സ്തേഫാനോസിന്‍റെ രക്തസാക്ഷിത്വത്തിനു ശേഷം ജറുസലെമില്‍ വലിയ മതപീഡനമുണ്ടായി. അപ്പസ്തോലന്മാര്‍ അവിടെ തന്നെ തുടര്‍ന്നുവെങ്കിലും വിശ്വാസികള്‍ ചിതറിക്കപ്പെട്ടു. ആരംഭഘട്ടത്തില്‍ അവര്‍ യഹൂദരോടുമാത്രമേ പ്രസംഗിച്ചിരുന്നുള്ളു. എന്നാല്‍ പിന്നീട് ആകട്ടെ, സൈപ്രസിലേക്കും, ഫിനീഷ്യയിലേക്കും അന്ത്യോക്യയിലേക്കും ചിതറിക്കപ്പെട്ട വിശ്വാസികള്‍ വിജാതീയരോടും സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചു. പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയാലാണ് ഇത് സംഭവിച്ചത്. അവര്‍ തിരുവചനത്തിനു കീഴ്പ്പെടുകയായിരുന്നു. മാര്‍പാപ്പ പറഞ്ഞു.
വചനത്തോടുള്ള കീഴ് വഴക്കത്തിനു മൂന്നു പടികളാണുള്ളതെന്ന്‍ മാര്‍പാപ്പാ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ആദ്യത്തേത് തുറന്ന ഹൃദയത്തോടെ വചനത്തെ സ്വീകരിക്കുകയെന്നതാണ്. രണ്ടാമതായി വചനത്തെ അറിയുകയെന്നതാണ്. അതായത് യേശുവിനെ അറിയുക എന്നര്‍ത്ഥം. മൂന്നാമത്തേത് വചനത്തോടു നിരന്തര സമ്പര്‍ക്കമുണ്ടായിരിക്കുകയെന്നതാണ്.
ഇവയെല്ലാം വഴി പരിശുദ്ധാത്മാവിനു കീഴ്വഴങ്ങുന്നവരായി മാറുകയാണ് നമ്മള്‍. സമാധാനം, സൗമ്യത, നന്മ, ആനന്ദം, എന്നീ ഗുണങ്ങളെല്ലാം ഇതിന്‍റെ ഫലമായി ഉളവാകുന്നു. വിശ്വാസികള്‍ ആദ്യമായി 'ക്രിസ്ത്യാനികള്‍' എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിലെ സഭാസമൂഹത്തിലാണെന്ന ചരിത്രസത്യം അനുസ്മരിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്. |