Content | ചങ്ങനാശേരി: സങ്കീർണമായ സമകാലിക ജീവിതത്തിൽ നന്മയുടെ പ്രകാശഗോപുരങ്ങളാവാൻ നഴ്സുമാർക്ക് കഴിയണമെന്നു ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ സംഘടിപ്പിച്ച നഴ്സസ് വാരാഘോഷ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആതുരസേവകർ കരുതലിന്റെയും കാരുണ്യത്തിന്റെയും കാവലാളാവണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം തന്റെ സന്ദേശത്തില്‍ പറഞ്ഞു.
പൊതുസമൂഹത്തിന്റെ പരിഗണനയും പ്രോത്സാഹനവും പരിധിയോ പരിമിതിയോ ഇല്ലാതെ ലഭ്യമാവേണ്ടവരാണ് ആതുരസേവകരെന്നു മുഖ്യപ്രഭാഷണം നടത്തിയ അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. ആശുപത്രി ഡയറക്ടർ ഫാ. തോമസ് മംഗലത്ത് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ടെലിവിഷൻ കോമഡി സ്റ്റാർ പോൾസണ്‍ കൂത്താട്ടുകുളം, അസിസ്റ്റന്റ് ഡയറക്ടറുമാരായ ഫാ. ജയിംസ് പി. കുന്നത്ത്, ഫാ. പോൾ പീടിയ്ക്കൽ ഫാ. തോമസ് പുതിയിടം, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ. മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, സിസ്റ്റർ മേഴ്സി ടോം എസ്എച്ച്, കെ.വി. അശ്വതി എന്നിവർ പ്രസംഗിച്ചു.
|