Content | "രക്ഷകന്‍റെ മാതാവ്" ആയിത്തീരുന്നതിന് മറിയത്തെ "ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാല്‍ ദൈവം സമ്പന്നമാക്കി." മംഗളവാര്‍ത്തയറിയിക്കുന്ന നിമിഷത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത്, "ദൈവകൃപ നിറഞ്ഞവളേ" എന്നാണ്. വാസ്തവത്തില്‍, തന്റെ വിളിയെക്കുറിച്ചു കന്യകാമറിയത്തിന് അറിയിപ്പു ലഭിച്ചപ്പോള്‍, അതിന് വിശ്വാസത്തിന്‍റെ സ്വതന്ത്രസമ്മതം നല്‍കാന്‍ കഴിയുന്നതിന്, അവള്‍ ദൈവകൃപയാല്‍ നയിക്കപ്പെടേണ്ടിയിരുന്നു.
"ദൈവത്താല്‍ കൃപാവരം കൊണ്ട് നിറയ്ക്കപ്പെട്ട" മറിയം, അവളുടെ ഉത്ഭവ നിമിഷംമുതല്‍ തന്നെ രക്ഷിക്കപ്പെട്ടവള്‍ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. പീയൂസ് ഒന്‍പതാമന്‍ മാര്‍പ്പാപ്പ 1854-ള്‍ പ്രഖ്യാപിച്ച "അമലോത്ഭവം" എന്ന വിശ്വാസസത്യം ഏറ്റു പറയുന്നത് ഇതാണ്.
"അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു."
ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍, അതുല്യവിശുദ്ധിയുടെ തേജസ്സിനാല്‍ പ്രശോഭിതയായ കന്യകാമറിയത്തിന് ആ വിശുദ്ധി മുഴുവന്‍ സിദ്ധിച്ചതു ക്രിസ്തുവില്‍ നിന്നാണ്. "സ്വപുത്രന്‍റെ യോഗ്യതകളെ മുന്‍നിറുത്തി, കൂടുതല്‍ ഉന്നതമായ രീതിയില്‍ രക്ഷിക്കപ്പെട്ടവളാണ് അവള്‍." സൃഷ്ടിക്കപ്പെട്ട മറ്റേതൊരു വ്യക്തിയെക്കാളുമധികമായി മറിയത്തെ പിതാവു ക്രിസ്തുവില്‍ സ്വര്‍ഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് ആശീര്‍വദിച്ചു. "തന്‍റെ മുന്‍പില്‍ സ്നേഹത്തില്‍ പരിശുദ്ധയും നിഷ്ക്കളങ്കയുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുന്‍പേ മറിയത്തെ ദൈവം ക്രിസ്തുവില്‍ തിരഞ്ഞെടുത്തു."
പൗരസ്ത്യ സഭാപിതാക്കന്മാര്‍ മറിയത്തെ "സര്‍വ്വ വിശുദ്ധ" (panagia) എന്നു വിളിക്കുന്നു; കൂടാതെ, "പാപസ്പര്‍ശനമേല്‍ക്കാത്തവള്‍, പരിശുദ്ധാത്മാവിനാല്‍ പ്രത്യേകവിധം രൂപപ്പെടുത്തിയാലെന്നവണ്ണം തികച്ചും നൂതന സൃഷ്ടിയായവള്‍." - എന്നിങ്ങനെ മറിയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവകൃപയാല്‍ മറിയം തന്‍റെ ജീവിതകാലം മുഴുവന്‍ വ്യക്തിപരമായ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തയായിരുന്നു.
Source: Catechism of the Catholic Church 490-493 |