Content | ഫാത്തിമ: പരിശുദ്ധ അമ്മയോടുള്ള മാദ്ധ്യസ്ഥം വഴി ക്ഷമിക്കപ്പെടുന്ന ദൈവീകകരുണയുടെ അടയാളമാകണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. വെള്ളിയാഴ്ച വൈകുന്നേരം ഫാത്തിമായിൽ സമ്മേളിച്ച തീർത്ഥാടകരോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈശോയെ അനുഗമിച്ച് ആത്മീയതയുടെ പാഠങ്ങൾ കാണിച്ചു തന്ന മാതാവോ അതോ അഭൗമിക വരങ്ങളാൽ അലംകൃതയായ മനുഷ്യർക്ക് അനുകരിക്കാനാകാത്ത വ്യക്തിത്വമാണോ നമ്മെ സംബന്ധിച്ച് പരിശുദ്ധ അമ്മയെന്ന്‍ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ചോദിച്ചു.
മറ്റുള്ളവരെ താഴ്ത്തി സ്വയം വലിയവരാണെന്ന് കാണിക്കുന്നവരുടെയിടയിൽ, വിനീതയായി ജീവിച്ച പരിശുദ്ധ മാതാവിന്റെ മഹത്വം എത്രയോ പ്രതാപ പൂർണമാണ്. പരിശുദ്ധ മറിയത്തിന്റെ സഹകരണത്തോടെയാണ് രക്ഷയിലേക്കുള്ള ദൈവീക പദ്ധതി സംജാതമായത്. അമ്മയോട് പ്രാർത്ഥിക്കുക വഴി ക്ഷമിക്കപ്പെടുന്ന ദൈവികകരുണയുടെ അടയാളമാകാൻ നമുക്ക് സാധിക്കും.
മനുഷ്യനായി അവതരിച്ചു ദൈവപുത്രന് ജന്മം നല്കിയ അമ്മയുടെ സ്ഥാനം മറ്റ് സൃഷ്ടികളേക്കാൾ ഉന്നതമാണ്. ഇതെല്ലാം പരിശുദ്ധ അമ്മയുടെ മാതൃക സ്നേഹത്തിലൂടെ സാധ്യമാകുന്ന പരിവർത്തനങ്ങളെ സൂചിപ്പിക്കുന്നുവെന്ന്‍ 'ഇവാൻജെല്ലി ഗോഡിയം' എന്ന അപ്പസ്തോലിക ലേഖനത്തെ ആസ്പദമാക്കി മാർപാപ്പ പറഞ്ഞു.
ജപമാലയിലെ രഹസ്യങ്ങളിലൂടെ മാതാവ് കടന്നു പോയ ഓരോ സന്ദർഭങ്ങളെക്കുറിച്ച് ധ്യാനിക്കണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ജപമാല ഭക്തി വഴി വ്യക്തികളിലും കുടുംബങ്ങളിലും ലോകം മുഴുവനും സുവിശേഷം പ്രഘോഷിക്കപ്പെടും. ദൈവത്തിന്റെ കരുണയെപ്പറ്റി ചിന്തിക്കാതെ അവിടുത്തെ നീതിവിധിയിൽ ആകുലപ്പെടുന്നത് വ്യർത്ഥമാണ്. നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി പീഡകൾ ഏറ്റെടുത്ത കരുണാമയനാണ് നമ്മുടെ ദൈവം.
അതുവഴി നമ്മുടെ ഭയവും നിസ്സഹായവസ്ഥയും എടുത്ത് മാറ്റി അവിടുന്ന് നമ്മെ സ്വന്തം ജനമാക്കി. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവസ്നേഹാനുഭവം നേടിയെടുക്കുകയും വിശുദ്ധരുടെ ജീവിതത്തിൽ പ്രകടമായ അവിടുത്തെ കാരുണ്യം നമ്മുടെ ജീവിതത്തിലും സന്തോഷത്തോടെ സ്വീകരിക്കുകയും വേണം. മാര്‍പാപ്പ പറഞ്ഞു. |