Content | ദണ്ഡവിമോചനം എന്നതിന്റെ ആംഗലേയപദം Indulgence എന്നാണ്. പ്രസ്‌തുത വാക്കിന്റെ നിഷ്‌പത്തി ലത്തീന്‍ ഭാഷയിലെ indulgentia ആണ്. അതിന്റെ അര്‍ത്ഥമാകട്ടെ ദയവു കാണിക്കുക, ഇളവു നല്‍കുക എന്നൊക്കെയും. റോമന്‍ ഭരണസംവിധാനത്തില്‍ ആര്‍ക്കെങ്കിലും നികുതിയില്‍നിന്നോ കടത്തില്‍നിന്നോ ഇളവു നല്‌കുന്നതിനെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ദൈവശാസ്‌ത്രപരമായ തലത്തില്‍ ഇത് ദൈവത്തിന്റെ കാരുണ്യത്തെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരുവന്റെ പാപം നീക്കം ചെയ്യപ്പട്ടതിന്‌ശേഷം നിലനില്‌ക്കുന്ന കാലികശിക്ഷയില്‍നിന്നുള്ള മോചനമാണ് ഇത് വ്യക്തമാക്കുന്നത്.
കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം ദണ്‌ഡവിമോചനത്തെ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. “അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പായുള്ള ഇളവുചെയ്യലാണ് ദണ്‌ഡവിമോചനം: നിര്‍ദിഷ്‌ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് തക്ക മനോഭാവമുള്ള ക്രിസ്‌തീയ വിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്റെ ശുശ്രൂഷിക എന്ന നിലയില്‍ ക്രിസ്‌തുവിന്റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണംചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവര്‍ത്തിയിലൂടെയാണ് വിശ്വാസി ദണ്‌ഡവിമോചനം പ്രാപിക്കുന്നത്”(CCC 1471).
പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണമായോ ഇളവു ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്‌ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം (CCC 1471). കാലികശിക്ഷയെ പൂര്‍ണമായി ഇളച്ചുതരുന്ന ദണ്‌ഡവിമോചനത്തെ പൂര്‍ണദണ്‌ഡവിമോചനമെന്നും, ഭാഗികമായി ഇളച്ചുനല്‌കുന്നതിനെ ഭാഗികദണ്‌ഡവിമോചനമെന്നും വിളിക്കുന്നു.
100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമയില്‍ ആദ്യമായി ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണയിലാണ് ഇന്ന് ക്രൈസ്തവ ലോകം. കഴിഞ്ഞ നവംബർ 27ന് ആരംഭിച്ച ശതാബ്ദി വർഷ ആഘോഷം ഈ വർഷം നവംബർ 27ന് അവസാനിക്കും. ഇക്കാലയളവില്‍ 'പൂര്‍ണ്ണ ദണ്ഡവിമോചനം' പ്രാപിക്കാന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച മാര്‍ഗ്ഗങ്ങള്‍ അടുത്തിടെ പരസ്യപ്പെടുത്തിയിരിന്നു. അവയാണ് താഴെ നല്‍കുന്നത്.
1. #{blue->n->n->പോർച്ചുഗലിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് പരിശുദ്ധ ദൈവമാതാവിന്റെ ഏതെങ്കിലും പ്രാർത്ഥനയിലോ തിരുകര്‍മ്മങ്ങളിലോ പങ്കെടുക്കുക. വിശ്വാസപ്രമാണം, സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം തുടങ്ങിയ പ്രാർത്ഥനകൾ ചൊല്ലുക. }#
2. #{blue->n->n->പോർച്ചുഗലിലെ തീർത്ഥാടനകേന്ദ്രത്തിൽ പോകാൻ സാധിക്കാത്തവർക്ക് 2017 മെയ് 13 മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലയളവിലെ പ്രത്യക്ഷീകരണ ദിനമായ പതിമൂന്നാം തീയതി- ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഏതെങ്കിലും ദൈവാലയത്തിലോ സന്യാസഭവനത്തിലോ വണക്കത്തിനായി വെച്ചിരിക്കുന്ന മറ്റ് ഏതെങ്കിലും സ്ഥലത്തോ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക.
ദണ്ഡ വിമോചനത്തിനായി സ്വർഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, ഫാത്തിമാ മാതാവിനോടുള്ള പ്രാർത്ഥന എന്നിവ ചൊല്ലണം. അതേ സമയം തന്നെ, സന്ദർശിക്കുന്ന തീർത്ഥാടനകേന്ദ്രത്തിൽ മാതാവിന്റെ വണക്കത്തിനായി നടത്തുന്ന ഏതെങ്കിലും പ്രാർത്ഥനയിലോ ആഘോഷത്തിലോ പങ്കെടുക്കുകയെന്നതും ഈ രീതിയിൽ പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതിന് ആവശ്യമായുണ്ട്. }#
3. #{blue->n->n-> പ്രായമായവർക്കും രോഗികള്‍ക്കും വേണ്ടി പ്രത്യേകം നല്‍കപ്പെട്ടതാണ് മൂന്നാമത്തെ ദണ്ഡവിമോചന മാര്‍ഗ്ഗം. ഇന്നു (2017 മെയ് 13) മുതൽ ഒക്‌ടോബർ 13 വരെയുള്ള കാലളവിലെ, പ്രത്യക്ഷീകരണ ദിനമായ പതിമൂന്നാം തീയതിയില്‍ ഏതെങ്കിലും ഫാത്തിമാ മാതാവിന്റെ രൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ചുകൊണ്ട് ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേരാം. തങ്ങളുടെ ക്ലേശങ്ങളും ത്യാഗങ്ങളും പ്രാർത്ഥനകളും പരിശുദ്ധ അമ്മ വഴി ദൈവസന്നിധിയിലേക്ക് സമർപ്പിച്ചു കൊണ്ടു പൂർണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. }#
മുകളില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് 20 ദിവസം മുന്‍പോ 20 ദിവസത്തിനകമോ കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുക, പാപത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുക- തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ദണ്ഡവിമോചനം പ്രാപിക്കേണ്ടത്. |