Content | ജെറുസലേം: ഗലീലി സമുദ്രത്തിന്റെ സമീപത്തുള്ള ഹിപ്പോ സുസിറ്റ എന്ന പുരാതന നഗരത്തില്‍ നടത്തിയ ഖനനത്തില്‍ അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന ദേവാലയ ശ്രംഖല കണ്ടെത്തി. അക്കാലത്തെ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയവിശ്വാസത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചരിത്രപരമായും പുരാവസ്തുപരമായും പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍. ഏഴോളം ദേവാലയങ്ങള്‍ അടങ്ങുന്ന ശ്രംഖലയാണ് ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ ഡമാസ്കസ് ഉള്‍പ്പെടെയുള്ള പത്ത് പ്രമുഖ നഗരങ്ങളില്‍ ഒന്നായിരുന്നു ഹിപ്പോസ്-സുസിറ്റ. ഇതില്‍ ഇസ്രായേല്‍, ജോര്‍ദ്ദാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരിന്നു. അക്കാലത്ത് നഗരത്തില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുടെ വിശ്വാസരീതിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിന്നുവെങ്കിലും അവര്‍ തങ്ങളുടെ ദേവാലയങ്ങള്‍ അടുത്തടുത്ത് സ്ഥാപിക്കുവാനായി ശ്രദ്ധിച്ചിരുന്നു എന്ന സൂചനയാണ് പുതിയ കണ്ടെത്തല്‍ നല്‍കുന്നത്.
ഒരു സ്ഥലത്ത് തന്നെ നിരവധി ദേവാലയങ്ങള്‍ പണികഴിപ്പിക്കുക എന്നത് അക്കാലത്തെ പൊതുരീതിയായിരുന്നുവെന്നാണ് കണ്ടെത്തലില്‍ നിന്നും അനുമാനിക്കുന്നത്. ഇവയില്‍ പല ദേവാലയങ്ങളും പല കാലങ്ങളിലായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. ആയിരകണക്കിന് വര്‍ഷങ്ങളോളം ജനങ്ങള്‍ തിങ്ങിപാര്‍ത്തിരുന്ന ഒരു നഗരമായിരുന്നു ഹിപ്പോസ്. എന്നാല്‍ എപ്പോഴും കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ട് നഗരവും അതിലെ ദേവാലയങ്ങളും ഉപേക്ഷിക്കപ്പെടുകയായിരിന്നു.
അവിടെ ജീവിച്ചിരുന്നവരുടെ ജനവിഭാഗങ്ങളുടെ സര്‍വ്വനാശമോ ജനങ്ങളില്‍ ഉടലെടുത്ത പൊതുവായ വിശ്വാസരാഹിത്യമോ, ആയിരിക്കാം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണമെന്ന്‍ നോര്‍ത്ത് ഈസ്റ്റ് ഇന്‍സുല പദ്ധതിയുടെ ഉദ്ഖനനത്തിന്റെ കോ-ഓര്‍ഡിനേറ്ററായ പ്രൊഫ. മാര്‍ക്ക് ഷൂളര്‍ അഭിപ്രായപ്പെട്ടു. പുതിയ കണ്ടെത്തല്‍ ആദിമ ക്രൈസ്തവരെ കുറിച്ചു വിശദമായ വിവരങ്ങള്‍ ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് പുരാവസ്തുഗവേഷകര്‍. |