Content | ഡല്‍ഹി: ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഴാമത് ഏഷ്യന്‍ യൂത്ത് ഡേയില്‍ ഇന്ത്യയില്‍ നിന്ന് 86 പേരടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുക്കും. യോഗ്യകര്‍ത്ത നഗരത്തില്‍ ജൂലായ് 30 മുതല്‍ ആഗസ്‌റ്റ് 6 വരെയാണ് യൂത്ത് ഡേ പരിപാടികള്‍ നടക്കുക. ഒരു ആര്‍ച്ച് ബിഷപ്പും 2 ബിഷപ്പുമാരും 12 വൈദികരും 2 സിസ്റ്റേഴ്സും 69 യുവജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സിബിസിഐ യുവജന കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ദീപക് കെജെ തോമസ് 'മാറ്റേഴ്സ് ഇന്ത്യ' എന്ന മാധ്യമത്തോട് പറഞ്ഞു.
സെമറാങ് രൂപതയാണ് ഏഷ്യന്‍ യൂത്ത് ഡേക്ക് ആതിഥേയത്വം വഹിക്കുന്നത്. "ആനന്ദിക്കുന്ന ഏഷ്യന്‍ യുവത്വം: ബഹുമുഖ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സുവിശേഷം" എന്ന ആശയമാണ് യൂത്ത് ഡേയുടെ ചിന്താവിഷയം. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെ കാത്തലിക് യൂത്ത് ഓഫ് ഏഷ്യയുടെ നിര്‍ദേശ പ്രകാരമാണ് യൂത്ത് ഡേ സംഘടിപ്പിക്കുന്നത്.
ഏഷ്യയിലെ കത്തോലിക്ക യുവജനങ്ങളുടെ സംഗമവേദിയാണിത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഡേയില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും 2000 ത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കാറുണ്ട്. സുവിശേഷ സംബന്ധിയായ നിരവധി പരിപാടികള്‍ യൂത്ത് ഡേയില്‍ അവതരിപ്പിക്കും. |