Content | വത്തിക്കാന്‍: സിസിലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും മാര്‍പാപ്പയുമായുള്ള കൂടികാഴ്ചയ്ക്കുമായി ഡൊണാള്‍ഡ് ട്രംപ് ഇറ്റലിയിലെത്തി. ഇന്നലെ വൈകീട്ടാണ് ട്രംപ് റോമിലെത്തിയത്. വത്തിക്കാനിലെ പ്രാദേശിക സമയം രാവിലെ 8.30നു ഇരുവരും കൂടികാഴ്ച നടത്തും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ഡൊണാള്‍ഡ് ട്രംപ് കൂടികാഴ്ച നടത്തും. മാര്‍പ്പാപ്പയുമായുള്ള സന്ദര്‍ശനത്തിന് ശേഷം സിസ്റ്റൈന്‍ ചാപ്പലും ട്രംപ് സന്ദര്‍ശിക്കും.
ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു മുൻകൂട്ടി വിധി പ്രസ്താവിക്കാനില്ലെന്നും കൂടിക്കാഴ്ചാവേളയിൽ അഭിപ്രായങ്ങൾ ഇരുകൂട്ടരും തുറന്നുപറയുമെന്നും ഫ്രാന്‍സിസ് മാർപാപ്പ നേരത്തെ വ്യക്തമാക്കിയിരിന്നു. ട്രംപിന്റെ മുന്‍ഗാമികളായ പ്രസിഡന്റുമാര്‍ സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പായി തന്നെ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു. 2001-ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ജോണ്‍ പോള്‍ രണ്ടാമനുമായും 2009ല്‍ ബറാക്ക് ഒബാമ ജി8 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ ബെനഡിക്ട് പതിനാറാമനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. |