Content | ഇര്‍ബില്‍: ഇറാഖില്‍ ദുരിതത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ‘നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന കത്തോലിക്ക സന്നദ്ധസംഘടന പുതിയ ഫണ്ട് സമാഹരണത്തിന് ആരംഭം കുറിച്ചു. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് പാപ്പായും, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും, വടക്കേ ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളേയും, വംശഹത്യകളേയും കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഘടന പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
സിറിയ, ജോര്‍ദ്ദാന്‍, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ ഐഎസ് ക്രൂരതകള്‍ക്കിരയായ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍, യസീദികള്‍ എന്നിവര്‍ക്കിടയില്‍ നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തില്‍ ധാരാളം സാമ്പത്തിക സഹായങ്ങള്‍ ഇതിനോടകം കൈമാറിയിട്ടുണ്ട്. ഇറാഖിലെ ക്രൈസ്തവരുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അടിയന്തിരമായി ഇറാഖിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിച്ചില്ലെങ്കില്‍ അവിടത്തെ ക്രിസ്ത്യാനികളുടെ എണ്ണം നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം കുറയുമെന്ന മുന്നറിയിപ്പ് ഇറാഖിലെ സഭാ മേലദ്ധ്യക്ഷന്‍മാര്‍ നല്‍കിയിരിന്നു.
2000 വര്‍ഷത്തിനിടയില്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവി തുലാസില്‍ തൂങ്ങുകയാണെന്നും അവര്‍ക്ക് ചെയ്യുന്ന സഹായത്തിന്റെ അളവനുസരിച്ചാണ് അവരുടെ നിലനില്‍പ്പെന്നും ഇര്‍ബിലിലെ മെത്രാപ്പോലീത്തയായ ബാഷര്‍ വാര്‍ദാ പറഞ്ഞു. ഇറാഖിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമേഖലയായ ഇര്‍ബിലില്‍ തന്നെ ഏതാണ്ട് 12,000-ത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇവര്‍ക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണത്തിനായി തന്നെ 6,00,000-ത്തോളം ഡോളര്‍ വേണമെന്ന് ഇര്‍ബിലിലെ കത്തോലിക്കാ അതിരൂപത വ്യക്തമാക്കിയിരിന്നു.
ഇറാഖിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ സഹായത്തിനുവേണ്ടി തങ്ങള്‍ പുതുതായി ആരംഭിച്ച ധനസമാഹരണത്തിനായി ആഗോളതലത്തിലുള്ള സഹകരണവും സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുന്‍പ് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തില്‍ മധ്യ-പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളെ സഹായിച്ചിട്ടുള്ളത് പോലെ, ഇപ്പോഴും നമ്മള്‍ അവരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ സാധിക്കുന്നവരെല്ലാം തങ്ങളുടെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥി സഹായനിധിയിലേക്ക് സംഭാവന നല്‍കണമെന്നും നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സിഇഓ കാള്‍ ആന്‍ഡെഴ്സന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭാവനകള്‍ നല്‍കുന്നതിന് {{www.christiansatrisk.org-> www.christiansatrisk.org }} എന്ന വെബ്സൈറ്റാണ് ഉപയോഗിക്കേണ്ടത്. |