Content | വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററിലേറെ മാറി ഇറ്റലിയുടെ വടക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജെനൊവ അതിരൂപതയില്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തി. ഇന്നലെ ശനിയാഴ്ച (27/05/17) യാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയത്. റോം രൂപതയില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ പതിനഞ്ചാമത്തെ ഇടയസന്ദര്‍ശനമാണിത്.
ജെനോവ അതിരൂപത ഉള്‍ക്കൊള്ളുന്ന ലിഗൂറിയ പ്രദേശത്തെ കത്തോലിക്കാ മെത്രാന്മാരും, വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും സമര്‍പ്പിതരും, രൂപതയിലെ അല്‍മായരും വിവിധമതപ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദേവാലയത്തില്‍ വച്ച് യുവജനങ്ങളുമായും മാര്‍പാപ്പ സംഭാഷണത്തിലേര്‍പ്പെട്ടു.
വീഡിയോ കൂടിക്കാഴ്ചയില്‍ പങ്കുചേരാന്‍ ജെനൊവയിലെ കാരഗൃഹത്തില്‍ തടവുകാര്‍ക്ക് വീഡിയോ സംവിധാനം ഏര്‍പ്പെടുത്തിയിരിന്നുവെന്നതു ശ്രദ്ധേയമാണ്. പാവപ്പെട്ടവരും അഭയാര്‍ത്ഥികളും പാര്‍പ്പിടരഹിതരും തടവുകാരുമടങ്ങുന്ന ഏതാനും പേരുമൊത്താണ് മാര്‍പാപ്പ ഉച്ചഭക്ഷണം കഴിച്ചത്. ജെനൊവയില്‍ കുട്ടികള്‍ക്കായുള്ള ആശുപത്രിയായ 'ജന്നീന ഗസ്ലീനി' സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മാര്‍പാപ്പാ കെന്നഡി ചത്വരത്തില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ചതിന് ശേഷമാണ് വത്തിക്കാനിലേക്കു മടങ്ങിയത്. |