Content | യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? അങ്ങേയറ്റം വ്യഗ്രതപ്പെടേണ്ടതുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. അതു ബോധ്യപ്പെടാന്‍ ഫാ. സൈജു തുരുത്തിയിലിന്‍റെ "ക്രിസ്താനുഭവ യോഗ" എന്ന പുസ്തകം വായിച്ചാല്‍ മാത്രം മതി. അതില്‍ സര്‍വ്വത്ര ക്രൈസ്തവ വിശ്വാസസത്യങ്ങള്‍ക്ക് ഘടകവിരുദ്ധമായ നവയുഗ ആശയങ്ങളാണ്. അതു മുഴുവന്‍ വിവരിക്കാന്‍ അനേകം മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ ഏതാനും പേജുകള്‍ മാത്രം വിശകലനം ചെയ്യുകയാണ്.
ന്യൂ ഏജിനെക്കുറിച്ചും പൗരസ്ത്യ ധ്യാനരീതികളെക്കുറിച്ചും ഇന്ന് ലോകത്തില്‍ ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നയാളാണ് Caryl Matrisciana. മട്രീഷ്യാനയുടെ ഇതേപ്പറ്റിയുള്ള Out of India എന്ന പുസ്തകത്തില്‍ (Page 219) പറയുന്നു: "നവയുഗ ക്രിസ്തീയത പഠിപ്പിക്കുന്നവര്‍ തങ്ങളുടെ ആശയങ്ങളും പ്രവൃത്തികളും ബൈബിള്‍ അധിഷ്ഠിതമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനായി, സാത്താന്‍ എപ്പോഴും ചെയ്തിട്ടുള്ളതു പോലെ തിരുവചനത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു".
ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫാ. സൈജു തുരുത്തിയിലിന്‍റെ പുസ്തകം. അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.
"Not to oppose error is to approve it, and not to defend the truth is to suppress it" - Pope St. Felix III
#{red->n->n->ഉദാഹരണം 1 }#
പേജ് 58-ല്‍ പറയുന്നു: "ഞാനും എന്‍റെ പിതാവും ഒന്നാണ് എന്ന ക്രിസ്തു അവബോധവും ഇന്ത്യന്‍ ആത്മീയതയുടെ ആത്മാവും (അഹം ബ്രഹ്മാസ്മി) ഒന്നുതന്നെയാണ്".
#{blue->n->n->വിശകലനം: }#
ഇത് തീര്‍ത്തും തെറ്റായ പ്രസ്താവനയാണ്. ബൈബിളനുസരിച്ച് സ്രഷ്ടാവും സൃഷ്ടിയും ഒന്നല്ല. നിത്യമായി വ്യത്യസ്തരാണ്. എന്നാല്‍ ഹൈന്ദവ തത്ത്വചിന്തയില്‍ സ്രഷ്ടാവും സൃഷ്ടിയും ഒന്നുതന്നെ. യേശുക്രിസ്തു, ഞാനും പിതാവും ഒന്നാണ് എന്നു പറയുമ്പോള്‍ അത് സൃഷ്ടിക്കപ്പെടാത്തവനും സത്തയില്‍ പിതാവിനോട് തുല്യനുമായ ഏകജാതന്‍റെ പ്രസ്താവനയാണ്. അല്ലാതെ സൃഷ്ടിയായ-സൃഷ്ടിക്കപ്പെട്ടവന്‍ മാത്രമായ ഒരാളുടെ സ്രഷ്ടാവിനോടുള്ള തുല്യത അവകാശപ്പെടലല്ല.
സൃഷ്ടികളായ നമുക്ക് ദൈവമക്കളാകാന്‍ കഴിയും. അതുപക്ഷേ, സത്താപരമായല്ല മറിച്ചു യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ദത്തുപുത്രസ്ഥാനം വഴിയാണ് (ഗലാ.3 :26) "യേശുവാണ് ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്".
CCC 52: "അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന ദൈവം സ്വേച്ഛപ്രകാരം സൃഷ്ടിച്ച മനുഷ്യരെ, തന്‍റെ എകജാതനില്‍ ദത്തുപുത്രരാക്കാന്‍ വേണ്ടി അവര്‍ക്കു തന്‍റെ ദൈവിക ജീവന്‍ പകര്‍ന്നു കൊടുക്കാന്‍ തിരുമനസ്സാകുന്നു".
എന്നാല്‍ ഇന്ത്യന്‍ ആത്മീയത അഹം ബ്രഹ്മാസ്മി (ഞാന്‍ ദൈവമാകുന്നു) എന്നു പറയുന്നത് ഈ അര്‍ത്ഥത്തിലല്ല. അജ്ഞതയിലായിരുന്ന ഒരുവന്‍ താന്‍ ദൈവമാണെന്ന ബോധോദയം പ്രാപിക്കുമ്പോള്‍ നടത്തുന്ന പ്രസ്താവനയാണ് അത്.
#{red->n->n->ഉദാഹരണം 2 }#
പേജ് 58: "പക്ഷേ ഇവിടെയുള്ള ഒരു വലിയപ്രശ്നം പാപത്തിന് നാം കൊടുക്കുന്ന പ്രാധാന്യമാണ്. അത് ദൈവത്തേക്കാള്‍ കൂടുതലാണ്.... ഇന്ന് തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് നമ്മള്‍ പഠിപ്പിക്കുന്നത്. ദൈവം നമ്മില്‍ നിന്ന്‍ എത്രയോ അകലെയാണ്."
#{blue->n->n->വിശകലനം: }#
ക്രൈസ്തവര്‍ ദൈവത്തേക്കാള്‍ പ്രാധാന്യം പാപത്തിനു നല്‍കുന്നു എന്ന അച്ഛന്‍റെ പ്രസ്താവന തെറ്റാണ്. പാപത്തെ വളരെ ലാഘവത്തോടെ കാണേണ്ടതാണെന്ന മട്ടിലുള്ള ഈ പ്രസ്താവന, ന്യൂ ഏജ് ആശയങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.
യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ 2.2.2 ല്‍ പറയുന്നത് ഉദ്ധരിക്കാം; "ന്യൂ ഏജില്‍ നന്മയായത് പാപമായത് എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മാനുഷിക പ്രവൃത്തികളും ഒന്നുകില്‍ പ്രകാശിക്കപ്പെട്ട മനസ്സിന്‍റെയോ അല്ലെങ്കില്‍ അറിവില്ലായ്മയുടെയോ ഫലങ്ങളാണ്. അതുകൊണ്ട് ന്യൂ ഏജ് ചിന്താഗതിയനുസരിച്ച് ആരെയും കുറ്റം വിധിക്കാന്‍ കഴിയില്ല, ആര്‍ക്കും പാപക്ഷമയുടെ ആവശ്യവുമില്ല. പാപത്തിന്‍റെ അസ്ഥിത്വത്തെ വിശ്വസിക്കുന്നത് ഭയവും നിഷേധാത്മകത്വവും ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്ന്‍ അവര്‍ കരുതുന്നു."
ഇത് ബൈബിള്‍ വെളിപാടുമായി ചേര്‍ന്നുപോകുന്നില്ല.
1 തിമോ. 1/15: "യേശുക്രിസ്തു ലോകത്തിലേയ്ക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണു ഞാന്‍, എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു".
1 യോഹ 1/79: "അവിടുത്തെ പുത്രനായ യേശുക്രിസ്തുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപമില്ലെന്ന് നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ നാം പാപങ്ങള്‍ ഏറ്റു പറയുമെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്ന്‍ നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും."
1 യോഹ 3/8: "പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്. എന്തെന്നാല്‍ പിശാച് ആദ്യം മുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനാണ് ദൈവപുത്രന്‍ പ്രത്യക്ഷനായത്".
ദൈവപുത്രനായ യേശുക്രിസ്തു പിശാചിനെ കീഴടക്കി അവന്‍റെ അടിമത്തത്തില്‍ നിന്ന്‍ നമ്മെ മോചിപ്പിച്ച് പാപമോചനം വഴിയുള്ള രക്ഷ പ്രദാനം ചെയ്തിരിക്കുന്നു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ മര്‍മ്മം. ഇതാണ് സുവിശേഷമായി സകല ജനതകളോടും പറയാനുള്ളത്. ഇത് മര്‍മ്മപ്രധാനമായ കാര്യമായതുകൊണ്ടാണ് മാമ്മോദീസായുടെ സമയത്ത്, "പിശാചിന്‍റെ അടിമത്തത്തില്‍ നിന്ന്‍ മോചിതനാകാന്‍ നീ ആഗ്രഹിക്കുന്നുവോ? പാപവും പാപമാര്‍ഗ്ഗങ്ങളും നീ ഉപേക്ഷിക്കുന്നുവോ? ഈശോമിശിഹായെ നിന്‍റെ രക്ഷകനായി നീ സ്വീകരിക്കുന്നുവോ? എന്നിങ്ങനെ ചോദിക്കുന്നത്. അങ്ങനെയാണ് ദൈവത്തോടുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ നമുക്കു കഴിയുന്നത്.
ഇത് അത്രമേല്‍ പ്രധാനപ്പെട്ടതായിരിക്കെയാണ് ഫാ. സൈജു തുരുത്തിയില്‍, തിന്മയെക്കുറിച്ചും പാപത്തെക്കുറിച്ചും പിശാചിനെക്കുറിച്ചുമാണ് ഇന്നു നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്നതെന്നും തന്മൂലം ദൈവം നമ്മില്‍ നിന്ന്‍ എത്രയോ അകലെയാണ് പരിതപിക്കുന്നതും.
#{red->n->n->ഉദാഹരണം 2 }#
പേജ് 59. "ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഛായയിലേയ്ക്കും സാദൃശ്യത്തിലേയ്ക്കും എങ്ങനെ എത്തിച്ചേരാം എന്ന്‍ ആരും പറഞ്ഞ് പഠിപ്പിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ സാദൃശ്യത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് ഭാരതത്തിന്‍റെ ആത്മീയത യോഗയിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ഞാനും പിതാവും ഒന്നാണ് എന്നുള്ള ക്രിസ്തു ആത്മീയതയിലേയ്ക്കുള്ള വളര്‍ച്ചയാണ് ഇത്."
#{blue->n->n->വിശകലനം: }#
ദൈവത്തിന്‍റെ ഛായാസാദൃശ്യങ്ങളിലേയ്ക്ക് എങ്ങനെ എത്താമെന്ന് ആരും പഠിപ്പിക്കുന്നില്ല എന്ന അച്ഛന്‍റെ പ്രസ്താവന അമ്പരപ്പോടെയാണ് വായിക്കാന്‍ കഴിഞ്ഞത്. ക്രിസ്തീയത ഇക്കാലമത്രയും പഠിപ്പിച്ചതും പഠിപ്പിക്കുന്നതും, പാപം വഴി നഷ്ടപ്പെട്ട ദൈവികഛായയും സാദൃശ്യവും വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണെന്ന്, ആദ്യകുര്‍ബ്ബാന സ്വീകരിക്കാനുള്ള പരിശീലനമെങ്കിലും ലഭിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്നതാണ്. എന്നിരിക്കെ, പത്തും പതിനൊന്നും വര്‍ഷക്കാലം വൈദികപരിശീലനം നടത്തി കത്തോലിക്കാ പുരോഹിതനായി ധ്യാനഗുരുവായ ഒരാള്‍ക്ക് ഇക്കാര്യം പോലും അറിയില്ല എന്നുള്ളത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
ഇത്തരക്കാര്‍ നടത്തുന്ന യോഗാധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ എത്ര വലിയ അപകടത്തിലേയ്ക്കാണ് എത്തിച്ചേരുന്നതെന്ന് നാം ചിന്തിക്കേണ്ടതാണ്. സകലരേയും യോഗയുടെ ആത്മീയത പഠിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരച്ചന്‍ കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധ പ്രസ്താവന നടത്തില്ലായിരുന്നു.
എന്തെന്നാല്‍ CCC 518 വ്യക്തമായി പഠിപ്പിക്കുന്നത് ഇതാണ്: "ക്രിസ്തുവിന്‍റെ ജീവിതം മുഴുവന്‍ ഒരു പുന:പ്രതിഷ്ഠയുടെ രഹസ്യമാണ്. അവിടുന്ന് ചെയ്തതും സഹിച്ചതുമെല്ലാം അധ:പതിച്ച മനുഷ്യനെ അവന്‍റെ ആദ്യവിളിയില്‍ പുന:സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. അവിടുന്നു മനുഷ്യപ്രകൃതി സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നപ്പോള്‍ മാനവവംശത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തെ തന്നില്‍ പുനരാവിഷ്ക്കരിച്ചു" .
"നമുക്ക് സമൃദ്ധിക്കായി രക്ഷയുടെ മാര്‍ഗ്ഗം തുറന്നുതന്നു. അങ്ങനെ ആദത്തില്‍ നമുക്കു നഷ്ടമായത്- ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും ആയിരിക്കുന്ന അവസ്ഥ - ക്രിസ്തുവില്‍ നമുക്കു പുന:പ്രാപിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ ജീവിതത്തിന്‍റെ എല്ലഘട്ടങ്ങളിലും അവിടുന്ന് അനുഭവിച്ചു. അതുവഴി എല്ലാ മനുഷ്യര്‍ക്കും ദൈവവുമായുള്ള ഐക്യം പുന:സ്ഥാപിച്ചു."
#{red->n->n->ഉദാഹരണം 4 }#
പേജ് 59-60: "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ നാം നോക്കിക്കാണുന്നത് നിന്ദയോടും സംശയത്തോടും കൂടെയാണ്. അതുകൊണ്ട് ഈ മിസ്റ്റിക് അനുഭവം സഭയില്‍ ഒരു പുകമറപോലെ നില്‍ക്കുന്നു. സാവകാശം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.... ഈ നഷ്ടപ്പെട്ട മിസ്റ്റിക് അനുഭവത്തെ തിരികെ കൊണ്ടുവരികയാണ് നമ്മുടെ ഉത്തരവാദിത്വം. വലിയ ഒരു ആധ്യാത്മിക സാധനയിലൂടെ ഓരോരുത്തരും കടന്നുപോകണം. ക്രിസ്തു സഞ്ചരിച്ച പാതതന്നെ. ഈശോ ഒരു യഹൂദനായിരുന്നു. ഒപ്പം വലിയൊരു മിസ്റ്റിക്കും ആയിരുന്നു."
#{blue->n->n->വിശകലനം: }#
ഗ്രന്ഥകാരന്‍ ഇവിടെ എന്തൊക്കെയാണ് അര്‍ത്ഥമാക്കുന്നതെന്നും അവയുടെ യുക്തിഭദ്രത എന്താണെന്നതും അവ്യക്തമാണ്. എന്നിരുന്നാലും അതിനിടയിലും വ്യക്തമാകുന്ന തീര്‍ത്തും ക്രിസ്തീയ വിശ്വാസവിരുദ്ധമായ ന്യൂ ഏജ് ആശയത്തെ തുറന്നു കാട്ടാതിരിക്കാനാവില്ല.
JCBWL 2.3.4.2-ല്‍ പറയുന്നു: "ന്യൂ ഏജ് ദൈവം എന്നതുകൊണ്ട് ഒരു വ്യക്തിയെയല്ല ഉദ്ദേശിക്കുന്നത്. ന്യൂ ഏജിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന സ്രഷ്ടാവല്ല, മറിച്ച്, സകലത്തിലും അന്തര്‍ലീനമായിരിക്കുന്ന വ്യക്തിത്വമില്ലാത്ത ഒരു ശക്തി അഥവാ ഊര്‍ജ്ജം മാത്രമാണ് (Impersonal Energy). ദൈവം എന്നത് ഈ ലോകത്ത് നിലനില്‍ക്കുന്ന ബോധജ്ഞാനത്തിന്‍റെ ആകെത്തുകയായ ജീവതത്വമാണ് - ഇതാണ് പ്രപഞ്ചത്തിന്‍റെ ആത്മാവ് അഥവാ അരൂപി. ഒരര്‍ത്ഥത്തില്‍ എല്ലാം ദൈവമാണ്."
സ്ത്രീപുരുഷന്മാര്‍ ഈ ദൈവികശക്തി അഥവാ പ്രാപഞ്ചികോര്‍ജ്ജം ബോധപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ അതിനെ ക്രിസ്തു ഊര്‍ജ്ജം എന്നുപറയുന്നു. ഇവിടെ ക്രിസ്തു എന്നു പറയുന്നുണ്ട്. പക്ഷേ അത് നസ്രത്തിലെ യേശു എന്ന അര്‍ത്ഥത്തിലല്ല. ന്യൂ ഏജില്‍ ക്രിസ്തു എന്ന പദം, ഒരു സാര്‍വത്രികശക്തി (Universal Master) എന്ന്‍ അവകാശപ്പെടാന്‍ കഴിയുംവിധം, താന്‍ ദൈവമാണെന്ന് അഥവാ ദിവ്യത്വമുള്ളയാളാണെന്ന് തിരിച്ചറിയുന്ന തരത്തിലുള്ള ബോധോദയം പ്രാപിച്ച ഒരാള്‍ക്കു നല്‍കുന്ന സ്ഥാനപ്പേരാണ്.
നസ്രത്തിലെ യേശു "അന്യനാ ഏക ക്രിസ്തു" അല്ല മറിച്ച്, ബുദ്ധനേയും മറ്റും പോലെ മേല്‍സൂചിപ്പിച്ചവിധം ക്രിസ്താവബോധം ലഭിച്ചിട്ടുള്ള അനേകം ചരിത്രവ്യക്തികളില്‍ ഒരാള്‍ മാത്രമാണ്. ഈവിധം ചരിത്രത്തില്‍ "ക്രിസ്തു"സാക്ഷാത്കാരം പ്രാപിച്ച ഓരോരുത്തരും, മനുഷ്യരെല്ലാവരും സ്വര്‍ഗ്ഗീയരും ദിവ്യരുമാണെന്ന് വ്യക്തമായി വെളിപ്പെടുത്തുകയും, അവരെ ഇതേ ക്രിസ്തു സാക്ഷാത്കാരത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ന്യൂ ഏജിന്‍റെ കാഴ്ചപ്പാട്.
ന്യൂ ഏജിന്‍റെ ഈ കാഴ്ചപ്പാടാണ്, ഗ്രന്ഥകാരന്‍റെ, "ക്രിസ്തു നേടിയെടുത്ത ഈ മിസ്റ്റിക് അനുഭവത്തെ" എന്ന പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ബൈബിളിലെ യേശുക്രിസ്തു ഈ വിധം ഭൗമിക ജീവിതത്തിനിടയില്‍ ക്രിസ്തു അവബോധം പ്രാപിച്ച ഒരുവനല്ല, മറിച്ച്, അനാദിയിലെ പിതാവിനോട് ഗാഢബന്ധം പുലര്‍ത്തിയിരുന്നവനും ചരിത്രത്തില്‍ എന്നേക്കുമായി ഒരിക്കല്‍മാത്രം മനുഷ്യനായി അവതരിച്ചവനായ ഏക ക്രിസ്തുവാണ് അഥവാ അനന്യനായ ക്രിസ്തുവാണ്.
ഗ്രന്ഥകാരന്‍ എഴുതിയതുപോലെ യൂദനായ ഈശോ വലിയ ആത്മീയ സാധനയിലൂടെ മിസ്റ്റിക് അനുഭവം നേടിയല്ല ക്രിസ്തുവായത്. ഇത്രവലിയ അബദ്ധ പ്രബോധനം കത്തോലിക്കാ സഭയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ നിര്‍ബാധം നടത്താന്‍ കഴിയുന്നു എന്നത് ഏറെ ആശങ്കാജനകമാണ്.
ക്രിസ്ത്വാനുഭവയോഗയിലൂടെ ഫാ. സൈജു തുരുത്തിയില്‍ പരിചയപ്പെടുത്തുന്ന യേശു അപ്പസ്തോലന്മാര്‍ പ്രഘോഷിച്ച യേശുവല്ല. അദ്ദേഹത്തിന്‍റെ സുവിശേഷം മറ്റൊരാത്മാവില്‍ നിന്നുള്ള മറ്റൊരു സുവിശേഷമാണ്. (2 Cor 11/4). ഇതിനെതിരെ നാം സമസ്തജാഗ്രതയും പുലര്‍ത്തേണ്ടതുണ്ട്.
"Scriptural exeresis can become a tool of Antichrist" - Pope Benedict XVI (Jesus of Nazareth Vol.1 Page 35) <br> ..........................#{red->none->b->തുടരും }#..........................
|