Content | കംപാല: ക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടയിലെ രക്തസാക്ഷികളുടെ സ്മരണയുമായി രാജ്യത്തെ ക്രൈസ്തവ ജനത. നാമുഗോങ്ങോ ദേവാലയത്തിൽ ജൂൺ മൂന്നിനാണ് രക്തസാക്ഷികളുടെ ദിനം ആചരിച്ചത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരകണക്കിന് ആളുകളാണ് എത്തിയത്. ഉഗാണ്ട വൈസ് പ്രസിഡന്റ് എഡ് വേർഡ് സീകാന്തി ചടങ്ങുകളിൽ പങ്കെടുത്തു.
ചടങ്ങുകളിലെ പങ്കാളിത്തം ഉറപ്പുവരുത്താൻ ദിവസങ്ങൾക്കു മുൻപ് തന്നെ തീർത്ഥാടകർ ദേവാലയത്തിലെത്തിയിരിന്നുവെന്ന് 'ഉഗാണ്ട ഡെയിലി മോണിറ്റർ' ദിനപത്രം റിപ്പോർട്ട് ചെയ്തു. ഉഗാണ്ട ഹോയിമ രൂപത ബിഷപ്പ് വിൻസന്റ് കിരാബോ ചടങ്ങുകള്‍ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. രക്തസാക്ഷികളെപ്പോലെ യേശുവിന്റെ വിശ്വസ്ത സാക്ഷികളാകാൻ ബിഷപ്പ് ദിവ്യബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. രക്തസാക്ഷികളും സാധാരണ മനുഷ്യരായിരുന്നെങ്കിലും ഉഗാണ്ട കബാക്ക കൊട്ടാരത്തിലെ നേതൃത്വനിരയിലുണ്ടായിരുന്നു.
വൈറ്റ് ഫാദർ മിഷനറീസ് ആശ്രമത്തിൽ ചെന്ന് അവർ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിച്ചിരുന്നതായി തെളിവുകളുണ്ട്. ഉഗാണ്ട രക്തസാക്ഷികളെ ആത്മീയതയിലേക്ക് നയിച്ച ഫാ.മാപ്പീര ലോർഡൽ , ബ്ര. അമൻ എന്നീ വൈറ്റ് ഫാദർ മിഷനറികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതു സംബന്ധിച്ച രേഖകൾ വത്തിക്കാനിൽ സമര്‍പ്പിച്ചതായും ബിഷപ്പ് പറഞ്ഞു.
1885 നും 1887 നും മദ്ധ്യേ കബാക്ക രാജാവ് മവാങ്ക രണ്ടാമന്റെയും ബുഗാണ്ടയിലെ രാജാവിന്റെയും നിർദേശ പ്രകാരം തീയിലെറിഞ്ഞ് വധിക്കപ്പെട്ട നാൽപത്തിയഞ്ചോളം കത്തോലിക്കരും ആംഗ്ലിക്കരുമടങ്ങുന്ന രക്തസാക്ഷികളുടെ ഓർമ്മദിനമാണ് എല്ലാ വർഷവും ജൂൺ മൂന്നിന് ആചരിക്കുന്നത്. 1920 ജൂൺ ആറിന് ഇരുപത്തിരണ്ട് കത്തോലിക്കാ രക്തസാക്ഷികളെ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവരായും 1964 ഒക്ടോബർ 18ന് പോൾ ആറാമൻ മാർപ്പാപ്പ വിശുദ്ധരായും പ്രഖ്യാപിച്ചിരിന്നു.
{{ഉഗാണ്ടയിലെ രക്തസാക്ഷികളെ കുറിച്ച് കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/1543 }} |