Content | യോൺഡേ: യോൺഡേയിലെ സനാഗ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാമറൂണിലെ ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണം കൊലപാതകമെന്ന് കാമറൂണിലെ മെത്രാന്‍ സംഘം. നേരത്തെ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിന്നത്. ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നു. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് നയിച്ചത്. ജൂണ്‍ 13 ന് നടന്ന ജനറല്‍ അസംബ്ലി മീറ്റിംഗിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കാമറൂണിലെ മെത്രാന്‍ സംഘം കൊലപാതകമാണെന്ന കാര്യം വ്യക്തമാക്കിയത്.
കൊല നടത്തിയവരെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരണമെന്നും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും മെത്രാന്‍ സമിതി പറഞ്ഞു. മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിനാണ് സനാഗ നദിയില്‍ കണ്ടെത്തിയത്. 2003 ഏപ്രിലില്‍ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയാണ് ജീൻ മേരി ബെനോയിറ്റിനെ ബാഫിയ രൂപതയുടെ മെത്രാനായി നിയമിച്ചത്. |