Content | വത്തിക്കാന്‍ സിറ്റി: അഴിമതിക്കെതിരായ രാജ്യാന്തര സമ്മേളനം വത്തിക്കാനില്‍ നടന്നു. ഇന്നലെ (ജൂണ്‍ 15) വ്യാഴാഴ്ച പിയൂസ് നാലാമന്‍ പാപ്പായുടെ നാമത്തിലുള്ള മന്ദിരത്തിലാണ് സമ്മേളനം നടന്നത്. വത്തിക്കാന്‍റെ സമഗ്ര മാനവസുസ്ഥിതിക്കായുള്ള സംഘവും പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയും സംയുക്തമായിട്ടാണ് രാജ്യാന്തര ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചത്.
അഴിമതിയെ ചെറുക്കുന്നവരും, അഴിമതിക്കെതിരെ പോരാടി അനുഭവമുള്ള മെത്രാന്മാരും, നീതിപാലകരും, പൊലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയനേതാക്കളും, അഴിമതിക്ക് ഇരയായിട്ടുള്ളവരുടെ പ്രതിനിധികളുമാണ് വത്തിക്കാന്‍റെ സംഗമത്തില്‍ പങ്കെടുത്തത്.
അനീതി, അഴിമതി, സംഘടിതമായ കുറ്റകൃത്യങ്ങള്‍, അധോലോക പ്രവര്‍ത്തനങ്ങള്‍, എന്നിവയ്ക്കെതിരെ ജാഗ്രതയോടെ നീങ്ങുവാന്‍ രാജ്യാന്തര നിര്‍വ്വാഹകസംഘം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടന്നത്. സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
അഴിമതി വേട്ടയാടുന്നത് സമൂഹത്തിലെ പാവങ്ങളെയാണെന്നും ഇതിനാല്‍ അഴിമതിക്കെതിരെ പോരാടേണ്ടത് സഭയുടെ ഉത്തരവാദിത്തമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അഴിമിതിക്കെതിരെ സഭയ്ക്ക് ഒത്തിരി പ്രവര്‍ത്തിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുനന്മ ശരിയായ വിധത്തില്‍ നിലനിര്‍ത്തുന്നതിലും ആര്‍ജ്ജിക്കുന്നതിലും സമൂഹത്തിലെ ഇതര സ്ഥാപനങ്ങളും ഉത്തരവാദിത്വപ്പെട്ടവരുമായും ബന്ധപ്പെടാന്‍ സഭ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് സമ്മേളനം നടത്തിയതെന്ന് മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍റെ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ് സില്‍വാനോ ടോമാസി പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9.30-ന് ആരംഭിച്ച സംഗമം വൈകുന്നേരം 7.30-വരെ നീണ്ടു. |