Content | കൊച്ചി: കേരളത്തിലെ കത്തോലിക്ക രൂപതകളിൽ ജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രൊ ലൈഫ് പ്രവർത്തനങ്ങൾ സജീവമാക്കുന്നു. ഡയറക്ടർ, ആനിമേറ്റർ ഒപ്പം 11 അംഗങ്ങൾ അടങ്ങുന്ന പ്രവർത്തക സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ പദ്ധതി. മനുഷ്യ ജീവസംരക്ഷണത്തിന്റെയും മഹത്വത്തിന്റെയും പ്രാധാന്യത്തില്‍ ഊന്നി ജീവന്റെ മഹത്വത്തിനായുള്ള പ്രവർത്തനം, പ്രാര്‍ത്ഥന കൂട്ടായ്മ എന്നിവ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
വ്യത്യസ്ത മത സാംസ്കാരിക മേഖലയിലുള്ളവരുടെ സഹകരണത്തോടെയും പരിപാടികൾ ആവിഷ്ക്കരിക്കുന്നുണ്ട്. ജീവസമൃദ്ധി, ചാവറ വെൽഫെയർ സെന്റർ എറണാകുളത്തിന്റ സഹകരണത്തോടെ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം, കാരുണ്യ സന്ദേശ യാത്ര, ജീവകാരുണ്യ പ്രവർത്തനം എന്നിവ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ഇതിനോടകം നടന്നിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാനതല സമ്മളനം ഓഗസ്റ്റിൽ പാലാരിവട്ടം പി ഓ സി യിൽ നടക്കും.
മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ചെയർമാനായും ഫാ പോൾ മാടശ്ശേരി ഡയറക്ടറായുമുള്ള സമിതിയില്‍ സാബു ജോസ്, ജോർജ് എഫ് സേവ്യർ വലിയവീട്, ജെയിംസ് ആഴ്ചങ്ങാടൻ, യുഗേഷ് തോമസ് പുളിക്കൻ, സിസ്റ്റർ മേരി ജോർജ് എഫ് സി സി, അഡ്വ ജോസി സേവ്യർ തുടങ്ങിയവരാണ് സംസ്ഥാന തലത്തിൽ നേതൃത്വം നൽകുന്നത്. രൂപതകളിൽ ഫാമിലി കമ്മീഷൻ ഡയറക്ടറാണ് പ്രോലൈഫ് സമിതിയ്ക്ക് നേതൃത്വം നൽകുന്നത്. |