Content | ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ സഭകള്‍ ആരാധനക്കായി വരുന്ന വിശ്വാസികളുടെ സുരക്ഷക്കായി ദേവാലയങ്ങളിലേയും കത്തീഡ്രലുകളിലേയും സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് നാഷണല്‍ ചര്‍ച്ച് വാച്ചിന്റെ ഡയറക്ടറായ നിക്ക് ടോള്‍സണ്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളുടെ വെളിച്ചത്തിലാണ് ദേവാലയ സുരക്ഷാകാര്യങ്ങളില്‍ വിദഗ്ദനായ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതേ സമയം ഇന്ന് ലണ്ടനിലെ ഫിൻസ്ബെറി പാർക്കിൽ ജനങ്ങൾക്കിടയിലേക്ക് അജ്ഞാതന്‍ വാഹനമോടിച്ചു കയറ്റി ഒരാൾ മരിച്ചു. സംഭവം ഭീകരാക്രമണമാണെന്ന്‍ പ്രധാനമന്ത്രി തെരേസ മേ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരാധനാസ്ഥലങ്ങളില്‍ പലപ്പോഴും സുരക്ഷാസംവിധാനങ്ങള്‍ അവഗണിക്കപ്പെട്ട നിലയിലായിരിക്കുമെന്നും ഇതിനാല്‍ ഇക്കാര്യത്തില്‍ സഭാനേതാക്കളും, ദേവാലയ മേല്‍നോട്ടക്കാരും വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും നിക്ക് ടോള്‍സണ്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുകെയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേവാലയങ്ങളും, കത്തീഡ്രലുകളും തീവ്രവാദികളുടെ ആക്രമണങ്ങളുടെ ലക്ഷ്യമാകുവാനുള്ള സാധ്യത വളരെകൂടുതലാണെന്ന്‍ അദ്ദേഹം പറഞ്ഞു. അതേസമയം ഭീകരാക്രമണ സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് 'ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' മെട്രോപ്പോളീറ്റന്‍ പോലീസുമായി സഹകരിച്ച് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ക്ക് പദ്ധതി തയാറാക്കി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലീഷ് സഭ തങ്ങളുടെ ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്കും, ജീവനക്കാര്‍ക്കുമായി ചില സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തങ്ങള്‍ സുരക്ഷയെ വളരെ ഗൗരവമായിട്ടാണ് കണ്ടിരിക്കുന്നതെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ദേവാലയങ്ങളുടേയും, കത്തീഡ്രലുകളുടേയും ഡയറക്ടറായ ബെക്കി ക്ലാര്‍ക്ക് പറഞ്ഞു.
ഈ മാസമാദ്യം ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഓടിച്ചു കയറ്റി ഭീകരര്‍ ആക്രമണം നടത്തിയിരിന്നു. ഇതില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. വാനില്‍ നിന്ന് ചാടിയിറങ്ങിയ ഭീകരര്‍, ജനങ്ങളെയും പോലീസ് ഉദ്യോഗസ്ഥരേയും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒട്ടേറെപ്പേർക്കു പരുക്കേറ്റിരിന്നു. കൂടാതെ അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടിക്കിടെ മാഞ്ചസ്റ്ററിലുണ്ടായ ആക്രമണത്തിൽ 20 പേരാണു കൊല്ലപ്പെട്ടത്. |