Content | കൊച്ചി: സാര്‍വത്രികസഭയിലെ അതികായനായൊരു അജപാലകശ്രേഷ്ഠനായിരുന്നു കാലം ചെയ്ത കര്‍ദിനാള്‍ ഇവാന്‍ ഡയസെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. ജനതകളുടെ സുവിശേവത്കരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ പ്രീഫെക്ടും ബോംബെ അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പുമായിരുന്ന കര്‍ദിനാള്‍ ഇവാന്‍ ഡയസിന്റെ ദേഹവിയോഗത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തുന്നു.
സഭയുടെ നയതന്ത്ര കാര്യാലയങ്ങളിലും വത്തിക്കാന്‍ കൂരിയായിലും അദ്ദേഹം നിര്‍വഹിച്ച വിശിഷ്ടസേവനങ്ങള്‍ സാര്‍വത്രിക സഭാചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. തികഞ്ഞ മനുഷ്യസ്‌നേഹിയും ദൈവഭക്തനുമായിരുന്നു കര്‍ദിനാള്‍. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും മാര്‍പാപ്പമാരുടെ സഭാനേതൃത്വ ശുശ്രൂഷയ്ക്കു തന്നെ സഹായകമായിട്ടുണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. |