category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗോപാലകൃഷ്ണന്‍റെ ക്രൈസ്തവ വിരുദ്ധ പ്രഭാഷണത്തിന് ദേവി മേനോന്‍ എന്ന റോസ് മരിയയുടെ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറല്‍
Contentക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആര്‍.എസ്.എസ് പ്രഭാഷകന്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന് യുവതി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഹൈന്ദവ കുടുംബത്തില്‍ ജനിച്ചു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദേവി മേനോന്‍ (റോസ് മരിയ) എന്ന യുവതി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. -- “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഇത് ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിക്കുള്ള ഉത്തരങ്ങൾ ആണ്. താങ്കളുടെ ഒരു പ്രഭാഷണഭാഗം അടുത്തിടെ കേള്‍ക്കാനിടയായി. നല്ല ചിന്താഗതിയുള്ള ഒരു മനുഷ്യനില്‍ വര്‍ഗീയത വളര്‍ന്നു വന്നാല്‍ ചിന്തകള്‍ എത്രമാത്രം വികലമാവും എന്നുള്ളതിന് ഉത്തമോദാഹരണമാണ് അങ്ങയുടെ ചില പ്രഭാഷണങ്ങള്‍. ഞാന്‍ വിശ്വസിക്കുന്ന, എന്‍റെ ജീവിതത്തിന്‍റെ വെളിച്ചമായ വി.ബൈബിളിനെയും ഈശോയെയും ആക്ഷേപിച്ച താങ്കളുടെടെ ചില അപക്വമായ പ്രസ്താവനകള്‍ക്ക് എന്‍റെ ചെറിയ അറിവില്‍ ഒരു മറുപടി. താങ്കള്‍ പറയുന്നുണ്ട്, ‘ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കാന്‍ ബൈബിളിലെ സത്യങ്ങള്‍ പച്ചയ്ക്ക് വിളിച്ചു പറയണ’മെന്ന് –ഇത് ശരിയാണോന്നു എനിക്കറിയില്ല, എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, ലോകധര്‍മ്മത്തെ സംരക്ഷിക്കാന്‍ വി.ബൈബിളിലെ സത്യങ്ങള്‍ വിളിച്ചു പറയണം. ബൈബിളില്‍ ഇല്ലാത്തത് എന്തെങ്കിലും അങ്ങ് പറഞ്ഞു എന്ന് തെളിയിച്ചാല്‍, ഒരാളെങ്കിലും പറഞ്ഞാല്‍ ‘എന്ത് ശിക്ഷയും അങ്ങ് ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന്’ – ശിക്ഷ ഏറ്റുവാങ്ങേണ്ട, ഒരു നന്മ ചെയ്‌താല്‍ മതി – വി.ബൈബിളിനും ഈശോയ്ക്കും എതിരെയുള്ള ഈ അപവാദപ്രചാരണങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും പറ്റുമെങ്കില്‍ ഒന്ന്നിര്‍ത്തുക. താങ്കള്‍ തുടര്‍ന്നാലും സാരമില്ല, ഈശോയുടെ യഥാര്‍ത്ഥ വിശ്വാസികളുടെ മനസ്സില്‍ നൂലിഴയുടെ ചലനം പോലും സൃഷ്ടിക്കാന്‍ താങ്കളുടെ ദുഷ്പ്രചരണങ്ങള്‍ക്ക് സാധിക്കില്ല. താങ്കള്‍ പറഞ്ഞു ‘സര്‍പ്പത്തിന്‍റെ വിഷവും, മാടപ്രാവിന്‍റെ നിഷ്കളങ്കതയും’ – ബൈബിളില്‍ എവിടെയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? മത്തായി 10:16ല്‍ പറഞ്ഞിരിക്കുന്നത് “നിങ്ങള്‍ സര്‍പ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കുവിന്‍” എന്നാണ്. വിവേകം എന്ന വാക്കിനു ബുദ്ധി എന്നാണ് എന്‍റെ അധ്യാപകര്‍ പഠിപ്പിച്ചിരിക്കുന്നത്. വിവേകം താങ്കള്‍ വിഷമാക്കി – ഇത്രയും വിഷം കലര്‍ത്താന്‍ താങ്കളെപോലെയുള്ള വ്യക്തിത്വത്തിന് എങ്ങനെ സാധിച്ചു? താങ്കളെ ഒന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ, പുത്തന്‍കുരിശിലെ, പുത്തന്‍കാവിലെ, ചാലപറമ്പിലെ മഹാദേവിയുടെ മുന്നില്‍ ഇരുന്നു അങ്ങ് പറയാന്‍ ആഗ്രഹിക്കേണ്ടത് എന്‍റെ ഈശോയുടെ വളച്ചൊടിച്ച തിരുവചന വ്യാഖ്യാനങ്ങള്‍ അല്ല. താങ്കള്‍ക്ക് അവിടെ പറയാന്‍ ശ്രീമഹാഭാഗവതമുണ്ട്, ദേവിമാഹാത്മ്യമുണ്ട്, വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളും ഒക്കെയുണ്ട്. താങ്കള്‍ വി.ബൈബിളിനെയും ഈശോയെയും ഇങ്ങനെ ഭയക്കുന്നത് എന്തിനാണ്? ക്രിസ്തുവിനെ സ്നേഹിച്ചുപോയാല്‍ ക്രിസ്ത്യാനി ആവുമോന്ന് താങ്കള്‍ ഭയക്കേണ്ട, ഈശോയെ സ്നേഹിച്ചാല്‍ നന്മ നിറഞ്ഞ ജന്മം ആവാന്‍ സാധിക്കും. ഇനി, താങ്കള്‍ ചൂണ്ടികാട്ടിയ തിരുവചനങ്ങളിലേക്ക് – വി.മത്തായി ശ്ലീഹ എഴുതിയ സുവിശേഷത്തിലെ 10ആം അദ്ധ്യായത്തിലെ തിരുവചനങ്ങള്‍ ആണത് – അതിലെ ഉള്ളടക്കം; അപ്പോസ്തല്‍ന്മാരെ അയക്കുന്നു, പീഡകളുടെ കാലം, നിര്‍ഭയം സാക്ഷ്യം നല്‍കുക, സമാധാനമല്ല ഭിന്നതകള്‍, പ്രതിഫല വാഗ്ദാനം എന്നിവയാണ്. ക്രിസ്തുശിഷ്യര്‍ നേരിടേണ്ടി വരുന്ന വിഷമഘട്ടങ്ങളില്‍ ഒന്ന് മാത്രമാണ് അത്. ജടികമായ ബന്ധങ്ങളെയെല്ലാം പൊട്ടിച്ചെറിഞ്ഞാലെ ആത്മീയമായി പൂര്‍ണ്ണസ്വാതന്ത്ര്യം നമുക്ക് കിട്ടുകയോള്ളൂ എന്ന് ഈശോ നമുക്ക് പറഞ്ഞുതരുന്നു. ഇവിടുത്തെ ‘ഭിന്നിപ്പിക്കല്‍’ മാനുഷികബന്ധങ്ങളും ആത്മീയഉണര്‍വ്വും തമ്മിലുള്ളതാണ്. സത്യവും അസത്യവും തമ്മിലുള്ള അകല്‍ച്ചയാണ്. ഈശോയെ വഴിയും സത്യവും ജീവനുമായി സ്വീകരിക്കുമ്പോള്‍, ചില സാഹചര്യങ്ങളില്‍, നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്ന് വരില്ല. അന്ന് ക്രിസ്തുശിഷ്യരും, ഇന്ന് പല അനുയായികളും നേരിടുന്ന ഒരു കാര്യം തന്നെയാണ് അത്. നമ്മുടെ എല്ലാ ബന്ധങ്ങള്‍ക്കും അപ്പുറമായിരിക്കണം ദൈവത്തോട് നമുക്കുള്ള സ്നേഹവും, വിശ്വാസവും, വിധേയത്വും. അത് മടികൂടാതെ വ്യക്തമായി പറഞ്ഞു തന്ന ഗുരുവാണ് “ഈശോ മിശിഹ”. മത്തായി 10:10 ഓര്‍ത്താല്‍ മതി ആത്മീയതയില്‍ ബലം നേടാന്‍. ഇവിടെ മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്, നമ്മുടെ വിശ്വാസത്തിനു എതിരെ നില്‍ക്കുന്നവരെ ഒക്കെ കൊന്നൊടുക്കാനല്ല ഈശോ പറഞ്ഞത്. സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കാനാണ് പറഞ്ഞു തന്നത്. വ്യക്തികള്‍ തമ്മിലുള്ള ഒരു യുദ്ധവും ഈശോ പറഞ്ഞുതന്നിട്ടില്ല, ആത്മീയവും ഭൌതികവുമായ തലം ഏറ്റുമുട്ടുമ്പോള്‍ ആത്മീയവിജയം കൈവരിക്കാന്‍ വേണ്ടുന്ന കാര്യങ്ങളാണ് പറഞ്ഞുതന്നിട്ടുള്ളത്. മേല്‍പ്പറഞ്ഞ വചനഭാഗങ്ങള്‍ വ്യക്തമാകാന്‍ അധികം പ്രയാസപ്പെടേണ്ട, ഒരാവര്‍ത്തി ആ അദ്ധ്യായം ഒന്ന് പൂര്‍ണമായി വായിച്ചാല്‍ മാത്രം മതി. തന്നെ ചതിയിലൂടെ കീഴ്പ്പെടുത്തിയ പടയാളികളെ ആക്രമിച്ച ശിഷ്യനോട്, “വാളെടുത്തവന്‍ വാളാല്‍” എന്ന് പറഞ്ഞു (ന്യായമായ) പ്രത്യാക്രമണം പോലും തടഞ്ഞ ദൈവപുത്രനാണ് ഈശോമിശിഹ. നിന്നെപോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് പറഞ്ഞു തന്ന കര്‍ത്താവ്‌. ഒരു കരണത്തടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കണമെന്ന് ഈ ലോകത്തിനു ആദ്യമായും അവസാനമായും പറഞ്ഞുതന്ന ദൈവം. താങ്കള്‍ക്ക് ഈശോയുടെ ഉപദേശം അറിയാന്‍ ശരിയായ താത്പര്യം ഉണ്ടെങ്കില്‍ വി.ബൈബിളിലെ 2 ഭാഗങ്ങള്‍ വെറുതെ ഒന്ന് വായിച്ചു നോക്കൂ. മത്തായി 5:38-48, ലൂക്ക 6:27-36. വചനഭാഗം “തിന്മയെ നന്മ കൊണ്ട് ജയിക്കുക”. ഈ ലോകത്ത് ഒരു മതഗ്രന്ഥത്തിലും നന്മ എന്താണെന്ന് ഇത്രയും ഉത്തമമായി, സുന്ദരമായി വര്‍ണ്ണിച്ചു തന്നിട്ടില്ല. അങ്ങയോടു ഒരു ചോദ്യം ശത്രുക്കളെ സ്നേഹിക്കാനും, അധിക്ഷേപിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വി.ബൈബിളില്‍ അല്ലാതെ എവിടെയാണ് അങ്ങ് കണ്ടിരിക്കുന്നത്. സ്രഷ്ടാവ് ശിഷ്ടരുടെയും, ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും, നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നത് പോലെ ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സ്നേഹിക്കാന്‍ ഈശോ അല്ലാതെ മറ്റാരാണ്‌ ഈ ലോകത്ത് പഠിപ്പിച്ചത്? സര്‍, ബൈബിള്‍ വചനങ്ങള്‍ എടുത്തു താങ്കള്‍ യുദ്ധത്തിനു ഇറങ്ങാന്‍ പഠിപ്പിക്കേണ്ട, അത് അര്‍ദ്ധരാത്രി സൂര്യനെ തപ്പാന്‍ ഇറങ്ങുന്ന പോലെയാവും. വി.ബൈബിളിലൂടെ ആരും ആക്രമണകാരികളോ, തീവ്രവാദികളോ ആവില്ല. എന്നാല്‍ ദൈവസ്നേഹത്തിന്‍റെ തീക്ഷ്ണവാദികള്‍ ആവും. നഷ്ടങ്ങളുടെയും, വേദനകളുടെയും കൂരിരുട്ടില്‍ ജീവിതം നില്‍ക്കുമ്പോള്‍ ഉദയസൂര്യന്‍റെ പ്രകാശം കാണാന്‍ അഹം എന്ന ബോധത്തില്‍ നിന്ന് മാറി ഹൃദയം കൊണ്ട് ബൈബിള്‍ വായിച്ചാല്‍ മതി. ഈശോയുടെ തിരുവചനങ്ങള്‍ ധ്യാനിച്ചാല്‍ കിട്ടുന്ന സമാധാനം വാക്കുകള്‍ക്കും ചിന്തയ്ക്കും അതീതമാണ്. ബൈബിള്‍ ഒരു വലിയ രഹസ്യമാണ്, അറിയുന്തോറും നമ്മളെ ലഹരിപിടിപ്പിക്കുന്ന, ഈശോമിശിഹ എന്ന ദിവ്യസ്നേഹത്തെ നമുക്ക് കാണിച്ചുതരുന്ന ദൈവത്തിന്‍റെ വരദാനം. അടുത്തതായി, കര്‍ത്താവിന്‍റെ ദിനത്തെപറ്റിയുള്ള പഴയ നിയമത്തിലെ ചില തിരുലിഖിതങ്ങള്‍ താങ്കള്‍ ഉദ്ധരിച്ചു കേട്ടു. അതിന് ഉത്തരം തരുന്നതിനു മുന്‍പ് പുതിയ നിയമത്തെയും പഴയ നിയമത്തെയും കുറിച്ച് ഒരു വാക്ക് –വിശുദ്ധ ബൈബിള്‍ലെ ആദ്യഭാഗമായ പഴയ നിയമത്തില്‍ ഇസ്രായേലിനെയും ജൂതന്മാരെയുംക്കുറിച്ച് പറയുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടി മുതല്‍ക്രിസ്തുവിനു മുന്പ് വരെ ഉള്ള ദൈവത്തിന്‍റെ ഇടപെടലുകളേയും, ദൈവത്തില്‍ നിന്ന് വഴിമാറിയാല്‍ ഉള്ള ശിക്ഷകളെയും, ദൈവവിശ്വാസികളുടെ രക്ഷയെയും അറിയിക്കുന്നു. പുതിയ നിയമത്തില്‍ യേശുവിന്‍റെ ജനനം മുതല്‍ പുനരുത്ഥാനം വരെ വിശദീകരിക്കുന്നതിനോടോപ്പം ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രവും ധാർമ്മികോപദേശങ്ങൾ, ആരാധനരീതികൾ, നിത്യരക്ഷ എന്നിവയും പറയുന്നു (John1:17). പഴയ നിയമത്തില്‍ പുതിയ നിയമം ഉള്‍ക്കൊളുന്നു. പുതിയ നിയമം പഴയ നിയമത്തെ വെളിപെടുത്തുന്നു. പഴയ നിയമത്തില്‍ മിശിഹായെ പ്രവചിക്കുന്നു(Isaiah53). പുതിയ നിയമത്തില്‍ ആ മിശിഹ ആരാണെന്നു അറിയിക്കുന്നു(John4:25-26). പഴയ നിയമം ഒരു പരിചയപെടുതലാണ്, അത് ഒരു പ്രത്യേക കാലഘട്ടത്തിലെയും പരിമിതവുമാണ്. എന്നാല്‍പുതിയ നിയമം പൂര്‍ണ്ണവും അനന്തവും അനശ്വരവും സാര്‍വത്രികവും ആണ്. പുതിയ നിയമത്തില്‍ പഴയ നിയമത്തെപറ്റി പരാമര്‍ശിക്കുന്നു. (1Corinthians10:11, Romans15:4). അതെ പോലെ പഴയ നിയമത്തില്‍പുതിയ നിയമത്തിന്‍റെ വരവിനെ സുചിപ്പിക്കുന്നു. (Jeremiah31:31, Isaiah2:2-4). ഇനി ശ്രദ്ധിക്കേണ്ട ഒരു വസ്തുത പഴയ നിയമം നിയമങ്ങളെ ആധാരമായും പുതിയ നിയമം വിശ്വാസത്തെ ആധാരമായും ഉള്ളതാന്നെന്നാണ്. പഴയ നിയമത്തില്‍ചെറിയ ഒരു കൃപ ഉള്‍കൊണ്ട്ഉള്ള പാപങ്ങളോട് ദൈവത്തിനുള്ള അമര്‍ഷവും രോഷവും ആണ് പറയുന്നത്. പുതിയ നിയമത്തില്‍ചെറിയ ഒരു കോപം ഉണ്ടെങ്കിലും പാപികളോട് ഉള്ള ദൈവത്തിന്‍റെ വലിയ കൃപയാണ് പറയുന്നത്. ഒന്ന് കര്‍ക്കശക്കാരനായ ദൈവം, ഒന്ന് ക്ഷമാശീലനും കാരുണ്യവാനുമായ ദൈവം. ഇത് പല പ്രഭാഷണങ്ങളിലെയും വിശുദ്ധഗ്രന്ഥത്തെക്കുറിച്ചുള്ള അബദ്ധപരാമര്‍ശങ്ങള്‍ക്കുള്ള ഉത്തരമാണ്. ഇനി, കര്‍ത്താവിന്‍റെ ദിനത്തെപറ്റിയുള്ള വചനങ്ങളെപറ്റി – പഴയനിയമത്തിലെ സെഫാനിയ 1ആം അദ്ധ്യായത്തിലെ അവസാനഭാഗമാണ് അങ്ങ് പറഞ്ഞത്. 2ആം അദ്ധ്യായവും 4ആം അദ്ധ്യായവും കൂടി വായിച്ചാലേ 1ഉം 3ഉം അദ്ധ്യായങ്ങള്‍ എന്താണെന്ന് മനസ്സിലാകൂ... കൂടാതെ അതിനു 6 പുസ്തകം മുന്‍പുള്ള ജോയേല്‍ പുസ്തകത്തിലെ 2ആം അദ്ധ്യായം കൂടി വായിക്കേണ്ടിയിരിക്കുന്നു. തന്‍റെ വിശുദ്ധനഗരിയില്‍ ബാധിച്ചിരിക്കുന്ന തിന്മകളെ, അവിശുദ്ധിയെ ശുദ്ധീകരിക്കുന്നതിനെ പറ്റിയാണ് ആ വചനഭാഗം. കര്‍ത്താവിന്‍റെ ദിനത്തിന് കാത്തിരുന്നിട്ട് മാത്രം കാര്യമില്ല, കര്‍ത്താവിന് അനുയോജ്യമായ വിധത്തില്‍ ജീവിച്ച് ഹൃദയവിശുദ്ധിയോടെ ആത്മാവോടെ കാത്തിരിക്കണം. അല്ലാത്തവര്‍ക്ക് കര്‍ത്താവിന്‍റെ ദിനം അന്ധകാരം തന്നെയാണ്. മറ്റൊന്നുകൂടി പറഞ്ഞോട്ടെ, താങ്കള്‍ പറഞ്ഞ സെഫാനിയ പുസ്തകത്തിലെ അവസാനഭാഗം ഒന്ന് വായിക്കണം, ദൈവം ശിക്ഷിക്കുന്നത് രക്ഷിക്കാനാണ്, ശുദ്ധീകരിച്ച നമ്മളെ ഓര്‍ത്തു ദൈവം സന്തോഷിക്കുന്ന ഭാഗത്ത്‌ മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ദൈവസ്നേഹത്തിന്‍റെ വലിയൊരു ഭാവം നമുക്ക് കാണാം. ദൈവത്തെ സ്തുതിക്കുന്നത് മാത്രമല്ലെ അങ്ങ് കേട്ടിരിക്കുന്നത്. എന്നാല്‍ നമ്മളെ ഓര്‍ത്തു ആനന്ദഗീതമുതിര്‍ക്കുന്ന ഒരു ദൈവത്തെ ബൈബിള്‍ നമുക്ക് പരിചയപ്പെടുത്തിതരും. എന്തിനാണ് താങ്കള്‍ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ അസത്യത്തില്‍ പൊതിഞ്ഞു നിത്യസത്യത്തെ പ്രകടിപ്പിക്കുന്നത്? താങ്കളുടെടെ മറ്റൊരു പ്രഭാഷണഭാഗം കൂടി ഓര്‍ത്തുപോവുകയാണ്. അങ്ങ് എവിടുന്നോ കേട്ട അറിവില്‍ ഒരു ഭാഗം എടുത്തു ഘോരഘോരം പറഞ്ഞു, ‘ബൈബിളില്‍ പറയുന്നു ദൈവം ഒരു പെണ്‍കുട്ടിയുടെ നഗ്നത പരസ്യമായി കാണിക്കുമെന്നും, അവളെ ചെളി വാരിയെരിയുമെന്നും ഒക്കെ, ഒരു ദൈവത്തിനു ഇങ്ങനെയൊക്കെ സാധിക്കുമോ, എന്തൊരു ദൈവമാണ് അത് എന്നൊക്കെ’ കുറെ നിന്ദാകരമായ പ്രസ്താവനകള്‍ താങ്കള്‍ നടത്തി. വെറും 3 അദ്ധ്യായം മാത്രമുള്ള ആ പുസ്തകം ഒരു പ്രാവശ്യം വായിച്ചാല്‍ അങ്ങ് ഇത്രയും ചെറുതാവില്ലായിരുന്നു. വളരെ വ്യക്തമായി- പ്രത്യക്ഷമായി എഴുതിയിട്ടുണ്ട്, മുന്പും ശേഷവും ഉള്ള വചനങ്ങളില്‍. അസ്സീറിയയുടെ തലസ്ഥാനമായ പാപത്തില്‍ മുങ്ങികിടക്കുന്ന നിനവേ എന്ന രാജ്യത്തെക്കുറിച്ചാണ് നാഹും പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്. താങ്കള്‍ സെന്‍റ് ജോര്‍ജ് പുണ്യാളനെയും സെന്‍റ് ഫ്രാന്‍സിസ് സേവ്യറെയും ആക്ഷേപിച്ചു കേട്ടു. സെന്‍റ് ജോര്‍ജ് മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ പടയാളി ആയിരുന്നു. അദ്ധ്യേഹം 60000 ജൂതന്മാരെ കൊന്നൊടുക്കിയ ചരിത്രം ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഇംഗ്ലണ്ട്ന്‍റെ patron saint ആണ് സെന്‍റ് ജോര്‍ജ്. പിന്നെ ഇടപ്പള്ളി പെരുന്നാളിന് 60000 കോഴികളെ കൊല്ലുന്ന കണക്കും ഞാന്‍ കേട്ടിട്ടില്ല. ഈ വിലകുറഞ്ഞ കള്ളആക്ഷേപങ്ങള്‍ എന്തിനാണ്? കള്ളും കോഴിമുട്ടയും കോഴിയും ബലികൊടുക്കുന്ന, നേര്‍ച്ചകൊടുക്കുന്ന അമ്പലങ്ങള്‍ അങ്ങ് കണ്ടിട്ടില്ലേ? (പഞ്ചമകാരങ്ങള്‍ വളച്ചൊടിക്കുന്ന ചിലരെയും ഓര്‍ക്കുക). ഫ്രാന്‍സിസ് സേവ്യര്‍ സ്പൈനില് ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച് പിന്നീട് റോമന്‍ മിഷനറി ആയി. ദൌത്യത്തിന്റെ ഒരു ഭാഗമായി അദ്ധ്യേഹം പല രാജ്യങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും എത്തി. 2 പുസ്തകം മാത്രമായി ഗോവയില്‍ കപ്പലിറങ്ങിയ അദ്ധ്യേഹം അവിടുത്തുകാരില്‍ നടത്തിയ മതപരിവര്‍ത്തനം മാത്രമേ അങ്ങ് കണ്ടോള്ളൂ. വാളും എടുത്തല്ല അദ്ധ്യേഹം തെരുവിലേക്ക് ഇറങ്ങിയത്‌, ഒരു മണിയും കുലുക്കി തെരുവിലൂടെ നടന്നു ആത്മസ്പര്‍ശതോടെ ക്രിസ്തുസന്ദേശം പറഞ്ഞും, കഷ്ടതകളില്‍ ആശ്വാസം നല്കിയുമാണ് അദ്ധ്യേഹം ദൌത്യം നടത്തിയത്. ചില വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ പറ്റാതിരുന്ന അസഹിഷ്ണു ആയിരുന്നു എന്ന് സമതിക്കാം. അല്ലാതെ വികാരവിക്ഷോഭത്താല്‍ അതിക്രൂരനായ ഒരു തീവ്രവാദിയായി അവതരിപ്പിച്ചത് താങ്കളിലെ വര്‍ഗീയത മാത്രമാണ്. മധ്യകാലഘട്ടം പല തിന്മകളും രാജ്യം ഏറ്റുവാങ്ങിയ സമയമാണ്. പോര്‍ച്ചുഗല്‍ കോളനി ആയിരുന്നു ഗോവ. അവിടെ വന്ന നാവികരോ, പട്ടാളക്കാരോ, വ്യാപാരികളോ മിഷനറി പ്രവര്തനതിനല്ല വന്നതെന്ന് താങ്കള്‍ മറക്കരുത്. വര്‍ണ്ണവ്യവസ്ഥിതിയും, നാട്ടുരാജാക്കന്മാരും, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് കോളനി സംസ്കാരവും ഇന്ത്യയില്‍ നടമാടിയ ക്രൂരതകള്‍ താങ്കള്‍ ഒരു വ്യക്തിയില്‍ ആരോപിച്ചു. തലകുനിച്ചു നില്‍ക്കേണ്ടുന്ന പല സമയവും പല വിഭാഗങ്ങളിലും ഉണ്ടായതായി ചരിത്രം തെളിയിക്കുന്നുണ്ട്. ശാസ്ത്രമായാലും, ചരിത്രമായാലും, വിശ്വാസമായാലും സമാധാനം സ്ഥാപിക്കാന്‍ ഉപയോഗിക്കാം. ഇനി ബൈബിളുമായി ബന്ധപ്പെട്ട താങ്കളുടെ ചില സംശയങ്ങള്‍ --- താങ്കള്‍ ലോകത്തെ മുഴുവന്‍ ക്രിസ്ത്യാനികളെ വെലുവിളിച്ച ചോദ്യത്തിനുള്ള ഉത്തരം– കായേന്‍റെ ഭാര്യ ആര്? ആര് സൃഷ്ടിച്ചു? ബൈബിള്ളില്‍ പറഞ്ഞിട്ടില്ല??.... ആദി മാതാപിതാക്കള്‍ ആദമും ഹവ്വയും തന്നെയാണ് കായേന്‍റെ ഭാര്യയുടെയും മാതാപിതാക്കള്‍.ആബേലും കായേനും മാത്രമല്ല ഒരുപാട് പുത്രി പുത്രന്മാരേ അവര്‍ സൃഷ്ടിച്ചിടുണ്ട്(Genesis 5:4).മോശയുടെ കാലം വരെ സഹോദരിയെ കല്യാണം കഴിക്കുന്നതിനു എതിരെ നിയമം ഉണ്ടായിരുന്നില്ല (genesis 20:12, Leviticus 18:6)... ആദ്യ് കാലങ്ങളില്‍ ഇത് എല്ലാ വിശ്വാസങ്ങളിലും നടന്നിട്ടുള്ളതാണ്. ഉല്‍പ്പത്തി 4:14 ലെ പരാമര്‍ശവും കായേന്‍റെ സഹോദരങ്ങളെകുറിച്ച് തന്നെയാണ്. എന്‍റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ബൈബിള്‍ മാത്രം മതി. താങ്കള്‍ക്ക് വേണമെങ്കില്‍ ജൂതമതലേഖനങ്ങള്‍ ആയ ബുക്ക്‌ ഓഫ് ജുബിലീസ് 4 ആം അദ്ധ്യായം കൂടി നോക്കാം, കായേന്‍ന്‍റെ ഭാര്യയുടെ പേര് വരെ കിട്ടും. പിന്നെ താങ്കള്‍ ഒന്ന് ശ്രദ്ധിച്ച് Genesis4:16-17 വായിക്കൂ... നോദില്‍ നിന്ന് കായേന്‍ വിവാഹം കഴിച്ചു എന്ന് പറഞ്ഞിട്ടില്ല.അതിനു മുന്‍പേ കല്യാണം കഴിച്ചിരുന്നു.ഭാര്യുമായി ചേര്‍ന്നു എന്നാണ്പറഞ്ഞിരിക്കുന്നത്.ആ വാചകം എങ്ങനെ വേറെ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന് മനസിലാക്കികും എന്ന് അറിയുന്നില്ല. ഇനി കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയത്‌-- താങ്കള്‍ ഒരു കാര്യം പ്രിത്യേകം ഓര്‍മിക്കുക, ഈ സംഭവത്തെ ബൈബില്‍ എടുത്തു പറയുന്നുണ്ട്. ഈശോ കാണിച്ച ആദ്യത്തെ അത്ഭുതം. വിശ്വാസം വേറെ യുക്തി വേറെ. മതപരമായ എല്ലാ കാര്യങ്ങള്‍ക്കും ശാസ്ത്രിയ വിശകലനം വേണം എന്ന് പറഞ്ഞാല്‍ അത് മൂഡത്തരമായെ പറയാന്‍ പറ്റു. H2O C2H5OH ആയി മാറുന്നതിന്‍റെ രാസപ്രവര്‍ത്തനം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബൈബിള്‍ അല്ല നോക്കേണ്ടത്. ഞാന്‍ കുടിക്കുന്ന ജ്യൂസിലെ മധുരം എനിക്ക് കാണാന്‍ കഴിയാത്തത് കൊണ്ട് അതില്ല എന്ന് പറയുന്നത് എന്‍റെ അറിവില്ലായ്മയാണ്. ചില കാര്യങ്ങള്‍ നമ്മള്‍ അനുഭവിച്ച്‌ മനസ്സിലാകേണ്ടതാണ്. നമ്മുടെ ശരീരത്തില്‍ തന്നെ നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതും പറ്റാത്തതും ആയ പല പ്രവര്‍ത്തനങ്ങളും ഉണ്ട്. നമ്മുടെ കണ്‍പോള്ളകളുടെ ചലനം കാലുകളുടെയും കെകള്ളുടെയും ചലനം തുടങ്ങിയവ നമ്മുക്ക് സാധിക്കും. എന്നാല്‍ ഹൃദയമിടിപ്പ്‌ ദഹനപ്രക്രിയകള്‍ അങ്ങനെ പലതും നമ്മുടെ നിയന്ത്രണത്തില്‍ അല്ല.അതെ പോലെ ഹൃദയം നമുക്ക് എവിടെ എന്ന് അറിയാം, എന്നാല്‍ മനസ്സിന്‍റെ സ്ഥാനം നമുക്ക് പറയാന്‍ സാധിക്കില്ല. അങ്ങനെ പലതും ഈ പ്രപഞ്ചത്തില്‍ നമ്മുക്ക് അപ്രാപ്യമായ പലതും ഉണ്ട്. സുര്യന്‍ കിഴക്ക് ഉദിക്കുന്നു എന്നും സുര്യന്‍ ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആ ദിശയെ കിഴക്ക് എന്ന് കരുതുന്നു എന്നും പറയാം.പല കാര്യങ്ങളിലും ശാസ്ത്രം ഉത്തരം അറിയാതെ നിന്ന് പോയിട്ടുണ്ട്. യുക്തിക്ക് കാരണങ്ങളും വിശ്വാസത്തിനു അനുഭവും ആണ് വേണ്ടത്.ഒന്ന് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തിയും,മറ്റൊന്ന് പ്രവര്‍ത്തിയില്‍ നിന്നുള്ള തത്ത്വങ്ങളുടെ കണ്ടെത്തലും ആണെന്ന് പറയാം.ബുദ്ധിക്കും ചിന്തക്കും അതീതമാണലൊ സര്‍വശക്തനും സര്‍വവ്യാപിയും സര്‍വജ്ഞാനിയുമായ ദൈവം. ‘സംശയാത്മാ വിനശ്യതി’ എന്ന് അങ്ങും കേട്ടിട്ടില്ലേ? ഒന്ന് ഓര്‍മ്മിപ്പിക്കുകയാണ്,ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ ഈശോയുടെ സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും വില മനസ്സിലാക്കി,അനുഭവിച്ചു തിരുവചനങ്ങളെ അനുസരിച്ചുള്ള ജീവിതമാണ്. അവിടെ സങ്കല്പങ്ങള്‍ അല്ല,സത്യങ്ങള്‍ മാത്രമേ ഉള്ളൂ. പിന്നെ,ഈശോയുടെ 12 മുതല്‍ 30 വയസ്സുവരെ ഉള്ള കാര്യം ബൈബിളില്‍ അജ്ഞാതമല്ല. (Luke2:51-52, കുറച്ചുകൂടി വിശദമായി Hebrews5:7-8). പിന്നെ, മറ്റൊരു കാര്യംകൂടിയുണ്ട് – യഹൂദനിയമപ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട 2 സമയമാണിത്. 12 വയസ്സ് ഗോത്രത്തിലെ അംഗമായി കണക്കെടുക്കുന്നതും, 30 പൌരോഹിത്യസ്വീകരണത്തിന്‍റെയും... ആരുടെയെങ്കിലും തോന്നലും ഭാവനയും സങ്കല്പവും കൂട്ടികുഴച്ചു പുതിയ കണ്ടെത്തലുകള്‍ നടത്തുന്നത് ഉത്തരം അര്‍ഹിക്കുന്നതായി തോന്നുന്നില്ല എന്നാലും... ഇസ്രായേല്‍ നിന്നും കാശ്മീര്‍ എത്താനുള്ള വഴി ഉണ്ടായിരുന്നു എന്നത് ശരി തന്നെ.അതിന്‍റെ പേര് silk route ആണെന്ന് എവിടെയോ വായിച്ച ഒരോര്‍മ്മ,പക്ഷെ ബാക്കിയുള്ള കാര്യങ്ങള്‍--- നാഥയോഗികള്‍ 7, ഉദ്രകന്‍,ചേതന്‍നാഥ് ഒക്കെ സമ്മതിച്ചു. യോഗവിദ്യയും സ്പര്‍ശനചികില്‍സയും ഉള്ളത് തന്നെ. പക്ഷെ ഒരു സംശയം എന്‍റെ ചെറിയ അറിവില്‍ പതഞ്‌ജലി മഹര്‍ഷിയാണ് hatayoga കണ്ടുപിടിച്ചത്,hatayogaല്‍ എവിടെയാണ് വെള്ളത്തിനു മീതെ നടക്കുന്ന പ്രയോഗം? ശരീരത്തിന്‍റെ ലഘുകരണ അവസ്ഥയെ വ്യക്തമാക്കാന്‍ പറയുന്നതല്ലാതെ പ്രത്യേക പഠനരീതി പറയുന്നതായി അറിവില്ല.അതെ പോലെ സ്പര്‍ശന ചികിത്സയില്‍ അന്ധന് കാഴ്ച കൊടുക്കാന്‍ സാധിക്കുന്ന രീതി,മരിച്ചവന് ജീവന്‍ കൊടുക്കുന്ന രീതി എവിടെയാണ് ഉള്ളത്?പിന്നെ ബൈബിളില്‍ ഈശോയുടെ വസ്ത്രത്തില്‍ വിശ്വാസത്തോടെ തൊട്ടപ്പോള്‍ അസുഖം മാറിയ ഒരനുഭവം സാക്ഷ്യപെടുത്തുന്നുണ്ട്. ഇത് ഏതു സ്പര്‍ശന ചികിത്സയില്‍പ്പെടുത്തണം? ഇതൊന്നും വേണ്ട, വി.ബൈബിളില്‍ നിന്നു തന്നെ ഒരു ഭാഗം ശ്രദ്ധിച്ചാല്‍ മതി ഈ വാദഗതികള്‍ഒക്കെ പൊളിയാന്‍ -ലൂക്ക 2ആം അദ്ധ്യായത്തില്‍ 12 വയസുള്ള ബാലനായ ഈശോ വേദശാസ്ത്രികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഭാഗമുണ്ട്. അവരെ അത്ഭുതപ്പെടുത്താന്‍ പോന്ന അറിവ് ഈശോ ഏതു സര്‍വകലാശാലയില്‍ പോയാണോ പഠിച്ചത്? 1908ലെ Dowling എഴുതിയ 22 chapters ഉള്ള Aquarian Gospel of Jesus, Nicolas Notovitch , Holger Kersten എന്നി ചരിത്ര ഗവേഷകരെ താങ്കള്‍ ചൂണ്ടി കാണിച്ചെങ്കില്‍ ഞാനും പറയട്ടെ. Beckon,Frank Morisson,Micheal Dufran,Hain,Russo,John Milton,Joseephas,Renaan,Welss ഇവരെ താങ്കളും അറിയണം. പിന്നെ Swami Vivekanandan, RajaRam Mohan Roy, Mahatma Gandhi, Sir.Isaac Newton, Charles Darwin എന്നിവരുടെ ഈശോയെക്കുറിച്ചുള്ള പരാമര്‍ശം താങ്കള്‍ അറിയാതിരിക്കില്ല. ഒരു നുണ 2000 വര്‍ഷം അതിജീവിച്ചു എന്നല്ല 2000 വര്‍ഷം ശ്രമിച്ചിട്ടും ഒരു സത്യത്തെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് സത്യം. എത്ര ശ്രമിച്ചാലും സാധിക്കാത്ത ഒരു സ്വപ്നം മാത്രമാണ് അത്. താങ്കളെ പോലെയുള്ളവര്‍ ലോകത്തിനു വെളിച്ചം കൊടുക്കേണ്ടതിനു പകരം വര്‍ഗീയതയുടെ ഇരുട്ടില്‍ ജനതയെ മൂടരുതേ... ധര്‍മ്മത്തെ രക്ഷിച്ചോളൂ, എന്നാല്‍ അത് അധര്‍മ്മത്തില്‍ കൂടി ആയാല്‍ നിഷ്ഫലമായി പോവുകയേ ഒള്ളൂ... സമാധാനകാംക്ഷികളായ യഥാര്‍ത്ഥ ഹൈന്ദവരെ വഴിതെറ്റിച്ചു തിന്മയില്‍ എത്തിക്കരുതെ... താങ്കളെ പോലെയുള്ളവരുടെ ഇത്തരത്തിലുള്ള പ്രഭാഷണംകേട്ടു പക്വതയില്ലാത്തതും, പരിഹാസചുവയുള്ളതും, വേദനാജനകവുമായ അഭിപ്രായ പ്രകടിതരോട് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിര്‍ത്തുന്നു. മനസ്സില്‍ നന്മയുള്ള ഹൈന്ദവരേ ഞാനിതില്‍ ഉള്‍ക്കൊളിച്ചിട്ടില്ല, മുപ്പത്തിമൂന്നര വര്‍ഷം ഞാന്‍ വിശ്വസിച്ചവയെയും ആചാരങ്ങളെയും ഞാന്‍ ആക്ഷേപിക്കില്ല. ഹിന്ദു സഹോദരങ്ങളെയും വിശ്വാസങ്ങളെയും, ആചാരങ്ങളെയും ഇന്നും ബഹുമാനിക്കാന്‍ പോന്ന ആത്മീയ-മാനസിക പക്വത തന്ന ഈശോയെ ഓര്‍ത്തു ഞാന്‍ സന്തോഷിക്കുന്നു- അഭിമാനിക്കുന്നു. ചിലര്‍ക്ക് ചിലത് മനസ്സിലാക്കാന്‍ ചിലതൊക്കെ ചോദിക്കാതെ നിവര്‍ത്തിയില്ലാത്തത്കൊണ്ട് മാത്രം ചോദിച്ചു പോവുകയാണ് --- താങ്കളെപ്പോലെയുള്ള ചിലര്‍ക്ക് നമ്മുടെ ശത്രുവിന്(തിന്മയ്ക്കു) എതിരെയുള്ള ദൈവത്തിന്‍റെ ചില വചനങ്ങള്‍ ഇത്രയ്ക്കും അലോസരമുണ്ടാക്കിയോ? ചില കാര്യങ്ങള്‍ ചോദിച്ചു പോവുകയാണ് -- ഈ ലോകത്ത് പല മതങ്ങള്‍ ഉണ്ടെങ്കിലും ശത്രുസംഹാരപൂജ ചെയ്യുന്നത് ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമാണ്, സംഹാരമൂര്‍ത്തിയായ പരമശിവന്‍ ഒരു പ്രധാന ആരാധനാമൂര്‍ത്തിയാണ്, വധം നടത്താത്ത എത്ര മൂര്‍ത്തികളെ കാണിച്ചുതരാന്‍ സാധിക്കും? പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊക്കെ ശത്രുരക്ഷ മന്ത്രങ്ങള്‍ ഉണ്ട്. മഹാവിഷ്ണുവിന്‍റെ 10 അവതാരങ്ങളില്‍ പലതും വധത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ സാധിക്കുമോ? ജഗദംബയുടെ ഭാവമായ മഹിഷാസുരമര്‍ദ്ദിനിയോ? ശ്രീലളിതാംബിക സര്‍വസ്നേഹസ്വരൂപിണിയാണ്. പൂര്‍ണ സ്നേഹാദരങ്ങളോടെ ബ്രഹ്മാണ്ടപുരാണത്തിലെ ശ്രീലളിതസഹസ്രനാമത്തിലെ ആദ്യത്തെ 6 വരികള്‍ ഉദ്ധരിക്കുന്നു.... “ശ്രീമാതാ ശ്രീമഹാരാജ്ഞി ....... ക്രോധാകാരഅന്ഗുഷോജ്വലാ” –ഇതിനര്‍ത്ഥം എന്താണെന്ന് താങ്കള്‍ പറയാമോ? ഞാനീ പറഞ്ഞതിനെല്ലാം സ്വാതികവശങ്ങള്‍ ഉണ്ടെന്ന് അതിനെപറ്റിയൊക്കെ പഠിച്ചാല്‍ അറിയാം. ഹിരണ്യകശ്യപു എന്ന അസുരനെ വധിക്കുന്നതിനെക്കാള്‍ പ്രഹ്ലാദന്‍ എന്ന ഭക്തനോടുള്ള സ്നേഹമാണ് നരസിംഹാവതാരം എന്നറിയാം. അവിടെ ഭിന്നിപ്പിക്കലിന്‍റെ മറ്റൊരു വശം കാണാന്‍ സാധിച്ചില്ലേ? ശത്രു അസുരതയാണ്, സ്വാര്‍ഥതയാണ്... എല്ലാ മതങ്ങളുടെയും കാര്യം ഇങ്ങനെയാണ്. പഠിക്കാതെ, അറിയാതെ വിളിച്ചു പറയരുത്. അറിവ് ഉപയോഗിക്കേണ്ടത് വിദ്വേഷം വളര്‍ത്താനല്ല, സമാധാനം വളര്‍ത്താനാണ്. താങ്കള്‍ക്ക് പറയാനും പ്രചരിപ്പിക്കാനും ഹൈന്ദവധര്മങ്ങളും വിശ്വാസങ്ങളും ഉണ്ട്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ എടുത്തത്‌ എന്ത് കൊണ്ടാണെന്ന് താങ്കള്‍ക്ക് അറിയാമല്ലോ, വിശ്വാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ അങ്ങ് അത് മറന്നു പോകരുതേ. ചില ഹൈന്ദവദൈവങ്ങളുടെ വര്‍ണ്ണം നീല ആയതു എന്ത് കൊണ്ടാണെന്ന് അറിയാമല്ലോ, സമുദ്രം ആകാശം അനന്തവും അപ്രാപ്യവും ആയ ബന്ധം... ശബരിമലയില്‍ സ്ത്രീപ്രവേശനം നിഷേധിക്കാനുള്ള കാരണം മൂര്‍ത്തിഭാവവും പൂജാവിധിയും അടിസ്ഥാനകാരണങ്ങളും... ഇതൊക്കെ അങ്ങ് വിളിച്ചുപറയൂ... ആസ്തിക-നാസ്തിക-സ്വാസ്തിക അധിഷ്ഠിതമായ ന്യായത്തില്‍ തുടങ്ങി ഉത്തരമീമാംസ വരെയുള്ള ഷട്ദര്‍ശനങ്ങള്‍ എല്ലാ ഹൈന്ദവരും അറിയട്ടെ... അച്യുതന്‍ എന്ന വാക്കിനു ച്യുതി ഇല്ലാത്തവന്‍ എന്ന അര്‍ത്ഥം ഉണ്ടല്ലോ, ഹിന്ദുധര്‍മ്മത്തിന് ച്യുതി വരാതിരിക്കാന്‍ താങ്കള്‍ ബൈബിള്‍ വളച്ചൊടിക്കേണ്ട, ചിലര്‍ വളച്ചൊടിക്കുന്ന ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കിച്ചു കൊടുത്താല്‍ മതി... ഉദാഹരണത്തിനു, 64കലകളും (ഗീത-വാദ്യ-നൃത്യ-നാട്യ-ആലേഖ്യ...etc), 14വിദ്യകളും (4വേദങ്ങളും, 4ഉപവേദങ്ങളും, 6വേദാന്ഗംങ്ങള്‍) എന്താണെന്ന് ഒക്കെ പറഞ്ഞു കൊടുക്കണം. കാമകലകള്‍ കുണ്ടലിനിധ്യാനമാണെന്നും, എണ്ണം 64 ആവാന്‍ കാരണം സഹസ്രാരത്തിലെ 1036 (592+144+300) ബീജമന്ത്രങ്ങളെ 16സ്വരകലകളുമായി ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണെന്നും പറഞ്ഞുകൊടുക്കണം അങ്ങ്. കാരണം, പലരും മേല്‍പ്പറഞ്ഞ 2 കലകളെയും ഒരു ബന്ധവും ഇല്ലാത്ത വാത്സയനമഹര്‍ഷിയുടെ 2ഗ്രന്ഥങ്ങളില്‍ എല്ലാ കാലങ്ങളിലും പ്രസിദ്ധിയാര്‍ജിച്ച ഗ്രന്ഥമായ കാമശാസ്ത്രത്തിലെ 64കലകളായി കൂട്ടിക്കുഴച്ച് ശ്രീകൃഷ്ണനെയും, തന്ത്രത്തെയും വേറെ രീതിയില്‍ പരിചയപ്പെടുത്തുന്നുണ്ട്. യോഗിയെ ഭോഗിയാക്കുന്ന രീതി. അങ്ങ് ഇതിനെതിരെയൊക്കെ പ്രതികരിക്കൂ... ഒരു ചെറിയകാര്യം കൂടി, താങ്കള്‍ കത്തോലിക്കാതിരുസഭയുടെ സന്യാസത്തെ ആക്ഷേപിക്കാന്‍ വേണ്ടി ബ്രഹ്മചര്യം അസാധ്യം എന്ന് പറയുന്നുണ്ട്. ആധികാരികമായി പറയുന്നില്ല, വളരെ ലളിതമായി പറയാന്‍ ശ്രമിക്കുന്നു. ദൈവസ്നേഹത്തെ ശരിയായ രീതിയില്‍ അറിഞ്ഞാല്‍ നിസ്സാരമാണ് ബ്രഹ്മചര്യാപാലനം. ഇന്നത്തെ തലമുറയ്ക്ക് വരെ അറിയാം. സ്നേഹത്തിനു അസാധ്യമായി ഒന്നുമില്ലാന്ന്. മോയ്തിനെ ഓര്‍ത്തു കാഞ്ചനമാലയ്ക്കു ആ വൃതം അനുഷ്ടിക്കാം, ആര്‍ക്കും സംശയമില്ല. അവിടെയും ഒരു കാര്യം ഓര്‍ക്കണം, അത് ജടികപ്രണയമല്ല, platonic love(വിപുലമായി പറയുന്നില്ല, പ്ലേറ്റോ എന്ന തത്വചിന്തകന്‍ പറഞ്ഞുതന്ന സ്നേഹത്തിന്‍റെ ഒരു ഉദാത്തഭാവം) ആണ്. ആത്മാവില്‍ സ്നേഹം അറിഞ്ഞാല്‍ എന്തും സാധ്യം. ഇങ്ങനെ പലരും കഥകളിലും ജീവിതത്തിലും ഉണ്ട്, സ്നേഹം വ്യക്തിയോടാവാം, തൊഴിലിനോടാവാം, സ്ഥാനതോടാവാം, സ്വത്തിനോടാവാം, രാഷ്ട്രത്തോടാവാം, സേവനത്തോടാവാം നമുക്ക് എതിര്‍പ്പില്ല. ദൈവവുമായി ബന്ധപ്പെടുമ്പോള്‍ അസാധ്യം. എങ്ങനെയുള്ളവര്‍ ആണ് അസാധ്യമെന്നു പറയുന്നത് – ദൈവത്തെ സങ്കല്‍പ്പമായി മാത്രം കാണാന്‍ സാധിക്കുന്നവര്‍, ആ അനന്തശക്തിയെ, ദിവ്യസ്നേഹത്തെ തിരിച്ചറിഞ്ഞാല്‍ എല്ലാം സാധ്യം. ‘ബ്രഹ്മേ ചരതി ഇതി ബ്രഹ്മചര്യ’ അത്രയേ ഒള്ളൂ. ശരീരത്തിന്‍റെ 4 ആഗ്രഹങ്ങളില്‍ നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്ന് കാമം മാത്രമാണ്. സൃഷ്ടികള്‍ക്ക് വേണ്ടി തന്നെ സൂക്ഷിക്കാമെങ്കില്‍, സൃഷ്ടാവിന് വേണ്ടിയാണോ തന്നെ പൂര്‍ണമായി സമര്‍പ്പിക്കാന്‍ സാധിക്കാത്തത്? ഇനി ഇങ്ങനെയൊന്നും പറയരുതേ..! വിഗ്രഹാരാധനയെ എതിര്‍ക്കുന്നത് വി.ബൈബിള്‍ മാത്രമാണെന്ന് പറയരുതേ? യജുര്‍വേദത്തിലെ 32ആം അദ്ധ്യായത്തിലെ ‘ന തസ്യ പ്രതിമാ അസ്തി യസ്യ നാമ മഹദ്യശ:’ യുടെ പ്രത്യക്ഷഅര്‍ത്ഥം എന്താണ്? 4൦ആമ് അദ്ധ്യായം 9ഉം ഓര്‍ക്കൂ. ശ്രീമദ്ഭഗവത്ഗീതയിലെ 7ആം അദ്ധ്യായമായ ജ്ഞാനവിജ്ഞാനയോഗത്തിലെ 24ആം വരികള്‍ നോക്കൂ. പ്രത്യക്ഷഅര്‍ത്ഥം നോക്കിയാല്‍ പല മൂര്‍ത്തിഭാവങ്ങളും വ്യര്‍ത്ഥമാണെന്ന് തോന്നും. വിശേഷമായി വഹിക്കേണ്ടത്‌ വിവാഹം, വിശേഷമായി ഗ്രഹിക്കേണ്ടത്/ മനസ്സിലാക്കുന്നത് വിഗ്രഹം. ‘വിശേഷാല്‍ ഗ്രാഹ്യതെ ഇതി വിഗ്രഹ:’ എന്നാണല്ലോ. ഈ ലോകത്തില്‍ സവിശേഷമായി മനസ്സില്‍ വയ്ക്കേണ്ടത് ദൈവത്തെ മാത്രമാണ്. മനസ്സില്‍ വ്യക്തികളോ, ആഗ്രഹങ്ങലോ, സ്വാര്‍ഥതയോ സ്ഥാനം പിടിക്കുമ്പോള്‍ ആ വിഗ്രഹങ്ങളെ തച്ചുടച്ചാലെ ആത്മീയമായി ഉയരൂ. സൃഷ്ടവസ്തുകളിലേക്കും ലൌകികമായതിലെക്കുമുള്ള ശ്രദ്ധയാണ് വിഗ്രഹാരാധന. താങ്കളെ പോലെയുള്ള ഒരാള്‍ ബൈബിളിനെ വളച്ചൊടിച്ചു ആക്ഷേപിക്കുമ്പോള്‍ ആയിരകണക്കിന് റോസ് മരിയമാര്‍ ചങ്ക്പറിച്ചു കൊടുത്തു ഈശോയെ സ്നേഹിക്കാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. അതിനു അവസാനം ഉണ്ടാവില്ല, കാരണം ഈശോയുടെ സ്നേഹം അങ്ങനെയാണ്, അനുഭവിച്ചറിഞ്ഞാല്‍ ഹൃദയത്തിലെ പ്രാണന്‍റെ ചൂട് പോയി ശവമായാലും, ഒന്നിനും ആര്‍ക്കും ആ സ്നേഹത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കില്ല. #{red->n->n->മരണം വരെ ഹിന്ദു ആയിരിക്കുമെന്നു വെല്ലുവിളിച്ചിരുന്ന- ആദ്യമായി വിമര്‍ശിക്കാന്‍ വേണ്ടി ബൈബിള്‍ കൈയിലെടുത്ത ദേവി മേനോന്‍, ജീവിക്കുന്നെങ്കില്‍ ഒരു ദിവസമെങ്കിലും എന്‍റെ ഈശോയുടെതായി ജീവിക്കണം എന്ന് നെഞ്ചുപൊട്ടി കരഞ്ഞു പ്രാര്‍ത്ഥിച്ച- ജീവിച്ചാലും മരിച്ചാലും ഈശോയ്ക്കു വേണ്ടി എന്ന് പ്രാര്‍ത്ഥിക്കുന്ന റോസ് മരിയ ആയി മാറിയ എന്‍റെ ജീവിതസാക്ഷ്യമാണ് അതിനുള്ള തെളിവ്. }# തുടര്‍ വാഗ്വാദങ്ങള്‍ക്കോ, ചര്‍ച്ചയ്ക്കോ ഞാനില്ല. എന്‍റെ ഈശോയെ സ്നേഹിക്കാന്‍ എനിക്ക് സമയം തികയുന്നില്ല, സ്നേഹിച്ചും ആ സ്നേഹം അനുഭവിച്ചു കൊതിതീരുന്നില്ല, തര്‍ക്കത്തിന് എന്‍റെ പക്കല്‍ സമയമില്ല. അതിനാല്‍ ഇതോടെ നിര്‍ത്തുകയാണ്. താങ്കളെയോ, ആരെയെങ്കിലുമോ വേദനിപ്പിച്ചെങ്കില്‍ ക്രൂശിതനായ എന്‍റെ നാഥനെ ഓര്‍ത്തു മാപ്പ് ചോദിക്കുന്നു. ഈശോയുടെ സമാധാനം ഏവര്‍ക്കും ആശംസിച്ചുകൊണ്ട് ഈശോയുടെ റോസ് മരിയ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-06-21 15:11:00
Keywordsവൈറ
Created Date2017-06-21 00:21:05