Content | വത്തിക്കാന്‍ സിറ്റി: മുംബൈ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പും സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ടുമായിരുന്ന കര്‍ദ്ദിനാള്‍ ഇവാന്‍ ഡയസിന്‍റെ മൃതശരീരം വത്തിക്കാനില്‍ സംസ്കരിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിച്ചു. ദിവ്യബലിക്കുശേഷമുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് പാപ്പ കാര്‍മ്മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതനുവേണ്ടി സമൂഹബലി അര്‍പ്പിക്കപ്പെട്ടത്.
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ തലവനായിരുന്നുകൊണ്ട് കര്‍ദ്ദിനാള്‍ ഇവാന്‍ ആഗോളസഭയ്ക്കു നല്കിയിട്ടുള്ള സേവനങ്ങള്‍ അവിസ്മരണീയമെന്നും പാപ്പാ മുംബൈ അതിരൂപതയ്ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു.
ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേരുമെന്നുള്ള പ്രത്യാശയോടെ കര്‍ദ്ദിനാള്‍ ഡയസിന്‍റെ ദേഹവിയോഗത്തില്‍ വേദനിക്കുന്നവരോടൊപ്പം പങ്കുചേരുന്നുവെന്നും പ്രാര്‍ത്ഥന നേരുന്നുവെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അനുശോചനസന്ദേശം ഉപസംഹരിച്ചത്.
നിലവിലെ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും തിരുവനന്തപുരം മലങ്കര അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, ആഗ്ര അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട് ഡിസൂസ, വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പൂനെ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് ഡാബ്രെ എന്നിവര്‍ ഭാരതത്തെ പ്രതിനിധീകരിച്ച് അന്തിമോപചാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. |