Content | ഫാല്‍കിര്‍ക്: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽനിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയായ യുവ വൈദികനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആണ് സ്കോട്ടിഷ് പോലീസ് നടത്തി കൊണ്ടിരിക്കുന്നത്. വൈദികനെ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് എഡിൻബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിൻഷ്യലിനെ വിളിച്ചറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാർട്ടിൻ ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ഫാൽകിർക്കിനു സമീപമുള്ള ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയിലാണ് പഠനത്തോടൊപ്പം അദ്ദേഹം സേവനം ചെയ്തു കൊണ്ടിരിന്നത്.
കഴിഞ്ഞ ശനി, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നാട്ടിലുള്ള സഹോദരങ്ങൾ ഫാ. മാർട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. ബുധനാഴ്ച മൂത്ത സഹോദരനെ ഫാ. മാർട്ടിൻ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
ക്രിസ്റ്റോർഫിൻ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാർട്ടിൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന സ്കോട്ടിഷ് പൊലീസ് പറഞ്ഞതായി 'ബിബിസി' ഇന്നലെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേ സമയം ഭീകരവാദസംഘടനകൾക്ക് തിരോധാനവുമായി ബന്ധമുണ്ടായേക്കാമെന്ന തരത്തിൽ റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
ചെറുതായി ചുരുണ്ട മുടിയും ക്ലീൻ ഷേവ് ചെയ്ത മുഖവുമുള്ള വൈദികനെക്കുറിച്ചുള്ള വിവരങ്ങൾ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവിട്ടിട്ടുണ്ട്. അഞ്ചടി അഞ്ചിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിക്കാരനുമായ ഫാ. മാർട്ടിൻ ഇരുനിറക്കാരനാണ്. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിൽ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്പെക്ടർ ക്രെയ്ഗ് റോജേഴ്സൺ അഭ്യര്‍ത്ഥിച്ചു.
ബ്രിട്ടനിലെ സിഎംഐ വൈദികരും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയും എഡിൻബറോ രൂപതയുമായി ചേർന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കേരളത്തിൽനിന്നും സിഎംഐ സഭാ അധികൃതർ എഡിൻബറോ ബിഷപ്പുമായും വികാരി ജനറാളുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ അന്വേഷിക്കുന്നുണ്ട്. ഫാ. മാട്ടിൻ സുരക്ഷിതമായി തിരിച്ചുവരാനായി പ്രാര്‍ത്ഥനയോടെ കഴിയുകയാണ് യുകെയിലെ ക്രൈസ്തവ വിശ്വാസികള്‍. |