Content | ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന സ്നേഹഭവൻ ഐടിസി ഡയറക്ടർ ഫാ. ജോയ് വൈദ്യക്കാരനു നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം. കൈക്കും കാലിനും സാരമായി പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുന്പാണ് ഫാ.ജോയ് വൈദ്യക്കാരൻ സ്നേഹഭവന്റെ ഡയറക്ടറായി ചുമതലയേറ്റത്.
അതേ സമയം ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല. ഇന്നലെ വൈകുന്നേരം ആറരയോടെ സ്നേഹഭവന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ഫാ. ജോയിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. ബൈക്കിലെത്തിയവരിൽ ഒരാൾ പൈപ്പ് വടിയുമായി ഓടിവന്ന് ഫാ. ജോയിയുടെ കൈയിലും കാലിലും അടിക്കുകയായിരുന്നു.
ആക്രമണത്തിനുശേഷം ഇവർ പെട്ടെന്നു ബൈക്കിൽ രക്ഷപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈദികനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ അമല മെഡിക്കൽ കോളജിലേക്കു മാറ്റി. ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. |