Content | ഡല്‍ഹി: യേശുവിന്റെ ചിത്രമുള്ള ചെരിപ്പ് ഗുജറാത്തിൽ പുറത്തിറക്കി എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. യേശുവിന്റെയും ദൈവമാതാവായ കന്യകാമറിയത്തിന്റെയും ചിത്രമുള്ള ചെരിപ്പുകൾ ഗുജറാത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നും ഇത്തരം നടപടി അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാരിനു മേൽ സമ്മർദം ചെലുത്തണമെന്നും പറഞ്ഞു കൊണ്ടാണ് വാട്സപ്പിലും ഫേസ്ബുക്കിലും ചിത്രം വ്യാപകമായി പ്രചരിച്ചത്.
കഴിഞ്ഞ ജൂലൈയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വ്യാപകമായി പ്രചരിച്ച ചെരിപ്പുകളുടെ ചിത്രമാണിത്. തായ്ലൻഡിലും സമാനമായ രീതിയിലുള്ള ചെരിപ്പുകൾ വിൽപ്പനയ്ക്കു വന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് ഗുജറാത്തിന്റെ പേരുവച്ചു പ്രചരിപ്പിച്ചത്.
മതസ്പർധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരോ ബോധപൂർവം ചെയ്തതാണെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്നു പോലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. |