Content | മൊസൂള്‍: ഒമ്പത് മാസത്തെ പോരാട്ടത്തിനൊടുവില്‍ ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്നും മൊസൂള്‍ നഗരത്തെ ഇറാഖി സേന മോചിപ്പിച്ചെങ്കിലും ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നു. മൊസൂള്‍ നഗരം ഐഎസ് മോചിതമായെങ്കിലും ക്രൈസ്തവര്‍ ഭീതിയില്‍ തുടരുകയാണെന്ന് സ്ഥലത്തെ മൊസൂള്‍ ആര്‍ച്ചുബിഷപ്പ് ഭൌദ്രോസ് മുഷേയും കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.
ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അപ്പസ്തോലന്മാരുടെ കാലം മുതല്‍ മദ്ധ്യപൂര്‍വ്വദേശത്ത് വളര്‍ന്ന ക്രൈസ്തവരാണ് ഇറാക്കിലെ നിനവേ, ഏര്‍ബില്‍, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൂട്ടമായി പുറത്താക്കപ്പെട്ടത്. പ്രധാനമന്ത്രി അല്‍-അബാദിയുടെ നേതൃത്വത്തിലുള്ള ഇറാഖി സൈന്യം ഭീകരരെ തുരത്തിയെങ്കിലും ക്രൈസ്തവരുടെ പുനരധിവാസം ഇനിയും ഉറപ്പായിട്ടില്ല. സുരക്ഷ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.
ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍നിന്നും സ്വതന്ത്രമായെങ്കിലും ഇനിയും തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥയാണ്. അവിടെ നഷ്ടമായ ഭവനങ്ങളും വസ്തുവകകളും തദ്ദേശീയരായ മുസ്ലിംങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ക്രൈസ്തവര്‍ വളരെ വിവേകത്തോടെയാണ് തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും തിരികെപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. |