Content | "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്" (ഹെബ്ര 13: 8).
#{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 2}# <br> ക്രിസ്തു ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ജീവിച്ച വെറും ഒരു പഴയ മനുഷ്യനോ, അവിടുത്തെ സന്ദേശങ്ങള്‍ വെറും പഴഞ്ചനായ ആശയങ്ങളോ അല്ല. ദൈവം തന്നെയായ ക്രിസ്തു എന്നും യുവാവും, പുതുമയുടെ സുസ്ഥിരമായ സ്രോതസ്സുമാണ്. ദൈവത്തിന്റെ സാമ്പത്തിന്റേയും, ജ്ഞാനത്തിന്റേയും, അറിവിന്റേയും ആഴത്തെക്കുറിച്ച് അതിശയിക്കുവാനും, അതില്‍ പങ്കുകാരാകുവാനും സഭ എക്കാലവും ലോകം മുഴുവനേയും ക്ഷണിക്കുന്നു.
ക്രൂശിതനും, ഉത്ഥിതനുമായ ക്രിസ്തുവില്‍ തന്റെ അളവില്ലാത്ത സ്നേഹം വെളിപ്പെടുത്തിയ ദൈവം, തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ, അവര്‍ ഏത് പ്രായത്തിലുള്ളവരായിരുന്നാലും നിരന്തരം നവീകരിക്കുന്നു. “അവര്‍ കഴുകന്‍മാരേപ്പോലെ ചിറകടിച്ചുയരും, അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല” (ഏശയ്യ 40:31). ക്രിസ്തുവാണ് “സനാതന സുവിശേഷം” (വെളി. 14:6). അവിടുന്ന് “ഇന്നലേയും, ഇന്നും, എന്നും ഒരാള്‍ തന്നെയാണ്” (ഹെബ്രാ 13:8). അതിനാല്‍ ഓരോ ക്രൈസ്തവനും സുവിശേഷവത്കരണ പ്രവര്‍ത്തനത്തില്‍ ഓരോദിവാസവും നവമായ ആനന്ദം കണ്ടെത്തുവാന്‍ സാധിക്കുന്നു.
വിശുദ്ധ ഇരണേവൂസ് പറയുന്നത് പോലെ, “തന്റെ ആഗമനത്തിലൂടെ ക്രിസ്തു എല്ലാ നൂതനത്വവും തന്നോടൊപ്പം കൊണ്ടുവന്നു”. തന്റെ നവമായ ഉന്മേഷത്തിലൂടെ നമ്മുടെ ജീവിതത്തേയും, സമൂഹങ്ങളേയും എപ്പോഴും നവീകരിക്കുവാന്‍ അവിടുത്തേക്ക് കഴിയും. ക്രിസ്തീയ സന്ദേശത്തിനു ഇരുണ്ട കാലഘട്ടങ്ങളും, സഭയുടേതായ ദൗര്‍ബ്ബല്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും പഴയതാവുകയില്ല.
സുവിശേഷവത്കരണം ക്രിസ്തുവിന്റെ പ്രവര്‍ത്തിയാണ്. തന്റെ ദൈവീകമായ സര്‍ഗ്ഗവൈഭവം കൊണ്ട് അവിടുന്ന് നമ്മെ നിരന്തരം അതിശയിപ്പിക്കുന്നു. പ്രഭവസ്ഥാനങ്ങളിലേക്ക് തിരികെവരുവാനും, സുവിശേഷത്തിന്റെ നൂതനത്വം വീണ്ടെടുക്കുവാനും നാം പരിശ്രമിക്കുമ്പോഴെല്ലാം ഇന്നത്തെ ലോകത്തിനു ആവശ്യമായ പുതിയ പാന്ഥാവുകള്‍ ആവിര്‍ഭവിക്കുന്നു, ക്രിയാല്‍മകതയുടെ പുതിയ പാതകള്‍ തുറക്കപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് പോലെ “യഥാര്‍ത്ഥത്തിലുള്ള സുവിശേഷവത്കരണത്തിന്റെ ഓരോ രൂപവും എല്ലായ്പ്പോഴും പുതിയതാണ്”.
#{red->n->b->വിചിന്തനം}# <br> സുവിശേഷവത്കരണം എന്നത് വീരോചിതമായ ഒരു വ്യക്തിപരമായ സംഭവമായി കണക്കാക്കുന്നത് തെറ്റാണ്. പ്രഥമവും, പ്രധാനവുമായി അത് കര്‍ത്താവിന്റെ പ്രവര്‍ത്തിയാണ്. യേശുവാണ് ആദ്യത്തെയും, ഏറ്റവും ഉന്നതനുമായ സുവിശേഷവത്കരണ കര്‍ത്താവ്. അവിടുന്നാണ് തന്നോട് സഹകരിക്കുന്നതിനായി നമ്മെ വിളിക്കുന്നതും, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കുന്നതും. സുവിശേഷ വേല ചെയ്യുന്ന ഓരോരുത്തരോടും ദൈവം സര്‍വ്വതും ആവശ്യപ്പെടുന്നു. അതേസമയം സര്‍വ്വതും അവിടുന്ന് നമുക്ക് നല്‍കുകയും ചെയ്യുന്നു.
#{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. |