Content | ആലപ്പോ: യുദ്ധത്തില്‍ തകര്‍ന്ന സിറിയന്‍ മാരോനൈറ്റ് സഭയുടെ കീഴിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ സംഗീതസായാഹ്നം ഒരുക്കി കൊണ്ട് പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം. ഫാദര്‍ യെഘിച്ചെ ഏലിയാസ് ജാഞ്ചിയുടെ നേതൃത്വത്തില്‍ 45 പേരടങ്ങുന്ന ഉപകരണ സംഗീതജ്ഞരും, 27 പേരടങ്ങുന്ന ഗായകസംഘവുമാണ് ആലപ്പോയിലെ പ്രസിദ്ധമായ സാന്റ് ഏലിയാ ദേവാലയ പരിസരത്തെ സംഗീത സാന്ദ്രമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 11 ചൊവ്വാഴ്ച സായാഹ്നത്തിലായിരുന്നു സംഗീത പരിപാടി.
സിറിയയിലെ പുരാതന നഗരമായ ആലപ്പോയിലെ അല്‍-ജദൈദ് നഗരത്തിലെ പ്രസിദ്ധമായ പൗരസ്ത്യ ക്രൈസ്തവ ദേവാലയമാണ് ഏലിയാ പ്രവാചകന്റെ നാമധേയത്തിലുള്ള സാന്റ് ഏലിയാ കത്രീഡല്‍. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കത്തീഡ്രല്‍ തകരുകയായിരിന്നു. ഇപ്പോഴും കത്തീഡ്രലിന് മേല്‍ക്കൂരയില്ല. തകര്‍ന്ന ദേവാലയത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന പുതുജീവന്റെ ഒരു പ്രതീകമാണ് മുസ്ലീം-- ക്രിസ്ത്യന്‍ സംഗീതജ്ഞര്‍ നടത്തിയ ഈ പരിപാടിയെന്ന് അലെപ്പോയിലെ മാരോനൈറ്റ് സഭാതലവന്‍ ജോസഫ് തോബ്ജി മെത്രാപ്പോലീത്ത പറഞ്ഞു.
തകര്‍ന്ന ദേവാലയാങ്കണത്തിലെ തുറന്ന പരിസരത്ത് നടന്ന സംഗീത സായാഹ്നത്തിലെ ഗായകസംഘം ഡമാസ്കസിലെ സിംഫോണിക ഓര്‍ക്കസ്ട്രയിലെ അംഗങ്ങളും, നാരെഗാട്സി ഗായകസംഘത്തിലെ അംഗങ്ങളും അടങ്ങുന്നതായിരുന്നു. ദേവാലയാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രത്യേക വെളിച്ച സംവിധാനവും ഒരുക്കിയിരിന്നു.
ആയിരകണക്കിന് ശ്രോതാക്കളാണ് അശാന്തിയുടെ താഴ്വരയില്‍ സംഗീതം ആസ്വദിക്കുവാന്‍ എത്തിയത്. കത്തോലിക്കാ പുരോഹിതനും സംഗീതജ്ഞനുമായ ഫാദര്‍ യെഘിച്ചെയുടെ നേതൃത്വത്തിലുള്ള സംഘം യുദ്ധകാലത്തും സമാധാനം ലക്ഷ്യമിട്ട് വിവിധ സിറിയന്‍ നഗരങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തിയിരിന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പാക്ക് വേണ്ടിയും ഇദ്ദേഹം സംഗീത പരിപാടി സംവിധാനം ചെയ്തിട്ടുണ്ട്. |