Content | തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി പ്രകടനപത്രികയിൽ ദളിത് ക്രൈസ്തവർക്കായി രേഖപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് തിരുവനന്തപുരം കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻ. ജില്ലാ പ്രവർത്തക കണ്‍വൻഷനിലാണ് ഈ ആവശ്യമുയര്‍ന്നത്. രക്ഷാധികാരി ഫാ. ജോണ്‍ അരീക്കൽ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഡിസിസി തിരുവനന്തപുരം ജില്ലാ ചെയർമാൻ എസ്. ധർമരാജ് അധ്യക്ഷത വഹിച്ചു. ഡിസിസി സംസ്ഥാന ചെയർമാൻ എസ്.ജെ. സാംസണ് മുഖ്യപ്രഭാഷണം നടത്തി.
ഇടതുപക്ഷ മുന്നണി പ്രകടനപത്രികയിൽ ദളിത് ക്രൈസ്തവർക്കായി രേഖപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾ നടപ്പിലാക്കണം, പരിവർത്തിത കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളെ നിയമിച്ച് ശക്തിപ്പെടുത്തുക, ഒരുലക്ഷം വരെയുള്ള വായ്പകൾ എഴുതി തള്ളുക, ദളിത് ക്രൈസ്തവ വിദ്യാർഥികൾക്കുള്ള ലംസംഗ്രാന്റും സ്റ്റൈപെന്റും വർദ്ധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ച് പാസാക്കി.
സംസ്ഥാന ജനറൽ കണ്‍വീനർ വി.ജെ. ജോർജ്, പോണ്ടിച്ചിരി സിഡിസി ചെയർമാൻ സെലസ്റ്റയിൽ, വൈസ് ചെയർമാൻ ഇബനേസർ ഐസക്, ജില്ലാ കണ്‍വീനർ നരുവാമൂട് ധർമൻ, ജില്ലാ കോർഡിനേറ്റർ റെജി, ഡബ്ല്യു. ആർ. പ്രസാദ്, ജോയി സിംഗ്, ഷാജി, യോഹന്നാൻ, റവ. സ്റ്റാൻലി, വിക്ടർ തോമസ്, റവ. എഡ്മണ്ട് റോയി, മേജർ സി.ജെ. യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. |