Content | അല്‍ബൂക്കര്‍ക്ക്: വിമണ്‍സ് ഗ്രേസ് അപ്പോസ്തലേറ്റിന്റെ മുപ്പതാമത് നാഷണല്‍ കത്തോലിക്കാ വിമണ്‍സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 8, 9, 10 തിയതികളിലായി ന്യൂ മെക്സിക്കോയില്‍ വെച്ച് നടത്തപ്പെടും. അല്‍ബൂക്കര്‍ക്കിലെ വിശുദ്ധ യൂദാതദേവൂസ് കത്തോലിക്കാ ദേവാലയമായിരിക്കും കോണ്‍ഫറന്‍സിന്റെ വേദി. ‘ഏതവസ്ഥയില്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ശോഭിക്കുവിന്‍’ (Bloom who you are) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം.
സ്ത്രീത്വമെന്ന അനുഗ്രഹത്തെ കണ്ടെത്തുവാനും, ഇന്നത്തെ ലോകത്ത് എപ്രകാരം പരിശുദ്ധ മാതാവിന്റെ മാതൃകപിന്തുടരുവാന്‍ സാധിക്കുമെന്നും കോണ്‍ഫറന്‍സിലെ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു. വിമണ്‍ ഗ്രേസിന്റെ സ്ഥാപകയും വിശ്വാസത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ ജീവിക്കുകയും, പിന്നീട് മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ജോണെറ്റെ എസ്. ബെങ്കോവിക്കായിരിക്കും മുഖ്യ പ്രഭാഷക.
ബെങ്കോവിക്കിനെ കൂടാതെ ഫാമിലി ഓഫ് ജീസസിന്റെ സ്ഥാപകനായ ഫാദര്‍ ഫിലിപ് സ്കോട്ട് എഫ്.ജെ., പാട്ടുകാരനും, കത്തോലിക്കാ സുവിശേഷകനുമായ കിറ്റി ക്ലീവ്ലാന്‍ഡ്, മാന്റില്‍ ഓഫ് മേരി പ്രെയര്‍ അസോസിയേഷന്റെ സ്ഥാപകനായ കാരോള്‍ മാര്‍ക്വാര്‍ഡ് തുടങ്ങിയവരും സെമിനാറുകള്‍ നയിക്കും. വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനും, കുമ്പസ്സാരത്തിനുമുള്ള സൗകര്യവും കോണ്‍ഫ്രന്‍സില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
വിശുദ്ധ കുര്‍ബാന, രോഗശാന്തി ശുശ്രൂഷകള്‍, സംഗീത പരിപാടികള്‍, ആരാധന, കുമ്പസാരം, സെമിനാറുകള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായുണ്ടാവും. ലിവിംഗ് പ്രൈസിന്റെയും, കിറ്റി ക്ലീവ്-ലാന്‍ഡിന്റേയും നേതൃത്വത്തിലുള്ള സംഗീതപരിപാടി കോണ്‍ഫറന്‍സിന്റെ മറ്റൊരാകര്‍ഷണമാണ്.
|