Content | ന്യൂഡല്‍ഹി: ഇന്ത്യയിലെ ദളിത് ക്രൈസ്തവ സമൂഹത്തോടു എന്‍ഡിഎ ഗവണ്‍മെന്‍റു തുടരുന്ന വിവേചനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി അടുത്ത ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിക്കുന്നതിന് ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി വിശ്വാസികളെ ആഹ്വാനം ചെയ്തു. ഗവണ്‍മെന്‍റ് കാണിക്കുന്ന വിവേചനത്തിനെതിരെ ജാഗരണപ്രാര്‍ത്ഥനയും സമ്മേളനങ്ങളും റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്.
ഭാരതത്തില്‍ അറുപത്തിയേഴുവര്‍ഷമായി ക്രൈസ്തവ- മുസ്ലീം മതങ്ങളില്‍പ്പെട്ട ദളിത് വിഭാഗം വിവേചനം അനുഭവിക്കുന്നവരാണെന്നും ഈ പക്ഷപാതത്തിനെതിരെയാണ് സഭ മുന്നിട്ടിറങ്ങുന്നതെന്നും സിബിസിഐ ദളിത് കമ്മീഷന്‍ പ്രസിഡന്‍റ് ബിഷപ്പ് അന്തോണിസാമി നീതിനാഥന്‍ പറഞ്ഞു. സര്‍ക്കാര്‍ വിവേചനത്തെ ചൂണ്ടികാണിച്ച് മെമ്മോറാണ്ടം ഗവണ്‍മെന്‍റിനു സമര്‍പ്പിക്കുവാനും തീരുമാനമായിട്ടുണ്ട്. |