Content | ബാഗ്ദാദ്: ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ളാമിക തീവ്രവാദികളുടെ ശക്തമായ ഭീഷണി നിലനിന്നിരിന്ന ഇറാഖിലെ അൽഖോഷിൽ കല്‍ദായ കത്തോലിക്ക യുവജനങ്ങള്‍ നടത്തിയ സംഗമം ശ്രദ്ധേയമായി. ക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനവും ക്രൈസ്തവ കൂട്ടായ്മയും ലക്ഷ്യമിട്ട് നടന്ന യുവജനസംഗമത്തിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ അഞ്ഞൂറ്റിയമ്പതോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്.
ജൂലായ് 27 വ്യാഴാഴ്ച നടന്ന സംഗമത്തില്‍ ധ്യാനം, പ്രാർത്ഥന, ആരാധന തുടർന്ന് ആഘോഷ പരിപാടികൾ എന്നിവയാണ് നടന്നത്. കൽദായ പാത്രിയാക്കീസ് ലൂയിസ് റാഫേൽ സാകോയുടെ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ക്രൈസ്തവ കൂട്ടായ്മയുടെ പുനരൈക്യവേദിയായിട്ടാണ് സംഗമത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാബിലോണിയ കൽദായ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിയില്‍ ജിഹാദി തീവ്രവാദികൾ കീഴടക്കിവച്ചിരുന്ന മൊസൂളും അനുബന്ധ പ്രദേശങ്ങളും ഉൾപ്പെടുത്തിയിരിന്നു. കൽദായ ക്രൈസ്തവ കേന്ദ്രമായ അൽഖോഷ് നഗരം രാജ്യാതിർത്തിയിലായതിനാൽ മൂന്ന് വർഷത്തോളം തീവ്രവാദ ഭീഷണിയിലായിരുന്നു. |