Content | കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ സമ്മേളനം സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ആരംഭിക്കും. കെസിബിസി തിയോളജിക്കൽ കമ്മീഷൻ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം മൗണ്ട് സെന്റ് തോമസിൽ നടക്കും.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. റവ. ഡോ. ഗിൽബർട്ട് ചൂണ്ടൽ, റവ. ഡോ. സെബാസ്റ്റ്യൻ പുത്തേൻ എന്നിവർ യുവജന സിനഡിന്റെ ഒരുക്കരേഖ-ഒരു പഠനം, സഭയുടെ ആത്മീയവും ധാർമികവുമായ സാക്ഷ്യങ്ങളിൽ യുവജനത്തിന്റെ പങ്ക് എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ബിഷപ്പുമാര്‍, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതർ, മേജർ സെമിനാരികളിലെ റെക്ടർമാർ, ദൈവശാസ്ത്ര പ്രഫസർമാർ, കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാർ, യുവജനപ്രതിനിധികൾ എന്നിവർ ഏകദിന ദൈവശാസ്ത്രസമ്മേളനത്തിൽ പങ്കെടുക്കും. നാളെ മുതൽ 11 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനമാണ്. വരാപ്പുഴ അതിരൂപതാംഗവും സെന്റ് ജോസഫ്സ് മൈനർ സെമിനാരി റെക്ടറുമായ ഫാ. വിൻസന്റ് വാരിയത്താണു വാർഷിക ധ്യാനം നയിക്കുന്നത്. |