Content | ജക്കാർത്ത : 2020-ലെ ഏഷ്യൻ യുവജന സംഗമത്തിന് ഇന്ത്യ വേദിയാകം. ഇന്തോനേഷ്യയിലെ യോഗ്യകാർത്തയിൽ നടത്തപ്പെട്ട ഏഴാമത് ഏഷ്യൻ യുവജനദിനത്തിന്റെ സമാപന ദിന ദിവ്യബലിമധ്യേ ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ വേദി, ദേശീയ കത്തോലിക്കാ മെത്രാൻ സമിതി പിന്നീട് തീരുമാനിക്കും.
സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധികൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് പ്രഖ്യാപനത്തെ വരവേറ്റത്. ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഗ്രേഷ്യസിനോടൊപ്പം ഭാരത സഭാദ്ധ്യക്ഷന്മാരും ചേർന്ന് ഏഷ്യൻ യുവജന ദിനത്തിന്റെ പ്രതീകമായ കുരിശ് ഇന്തോനേഷ്യൻ പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. 2003 ൽ മൂന്നാമതു ഏഷ്യൻ യുവജന സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
യുവജനസംഗമത്തിന്റെ സമാപന ദിനത്തില്‍ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജുസഫ് ഖല്ല, യോഗ്യകാർത്ത ഗവർണർ സുൽത്താൻ ഹമേൻഗു ബുവോണോ പത്താമനും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ദൈവത്തിന്റെ മഹത്വം പ്രതിഫലിച്ച് വിശ്വാസത്തോടെ സുവിശേഷം പ്രഘോഷിക്കുവാന്‍ ഇന്തോനേഷ്യൻ മെത്രാൻ സമിതി പ്രസിഡന്റും ജക്കാർത്ത ആർച്ച് ബിഷപ്പുമായ ഇഗ്നേഷ്യസ് സുഹാര്യോ ആഹ്വാനം ചെയ്തു.
വിവിധ രാജ്യങ്ങളിലെ ഭാഷയും സംസ്കാരവുമായി നമ്മൾ വ്യത്യസ്തരാണെങ്കിലും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ ഒരു സമൂഹമായി തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും രണ്ടായിരത്തിലധികം അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിന്റെ മുഖ്യ പരിപാടികൾ ആഗസ്റ്റ് രണ്ടിനാണ് ആരംഭിച്ചത്. |