Content | കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷം വിദ്യാഭ്യാസ-ആതുരശുശ്രൂഷ-സാമൂഹ്യ സേവന രംഗങ്ങളിൽ ജാതിമതഭേദമില്ലാതെയും വേർതിരിവുകളില്ലാതെയും കർമനിരതരായി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ എക്കാലവും സവിശേഷ ശ്രദ്ധ നൽകിയിരുന്നുവെന്നു സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് റവ.തോമസ് കെ. ഉമ്മൻ. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃസംഗമവും സെമിനാറും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ശ്രേഷ്ഠതയും പവിത്രതയും കൃഷ്ണമണി പോലെ പരിരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ അധ്യക്ഷതവഹിച്ചു. ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ന്യൂനപക്ഷ കമ്മീഷനംഗങ്ങളായ ബിന്ദു എം. തോമസ്, മുഹമ്മദ് ഫൈസൽ, കമ്മീഷൻ സെക്രട്ടറി ബിന്ദു തങ്കച്ചി എന്നിവർ പ്രസംഗിച്ചു. ഷെവലിയർ വി.സി. സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. |