Content | വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കയിലെ പെറുവിലേക്കു ഫ്രാന്‍സിസ് പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തോടനുബന്ധിച്ച് പെറുവിലെ സഭ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2018 ജനുവരി 18 മുതല്‍ 21 വരെ പെറുവിലെ ലീമ, പുവേര്‍ത്തൊ മല്‍ദൊണാദൊ, ത്രുയീല്ല്യൊ എന്നീ പട്ടണങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഓഗസ്റ്റ് 14നു ദേശീയ മെത്രാന്‍ സമിതിയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളും നിര്‍ദ്ദേശങ്ങളും പുറത്തുവിട്ടത്.
ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലികപര്യടനം അനുഗ്രഹമാകുന്നതിനുള്ള ദൈവകൃപ യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ വി. റോസ, മാര്‍ട്ടിന്‍ ഡി പോറസ് എന്നിവരുടെ മാധ്യസ്ഥത്തിനായുള്ള അപേക്ഷയോടെയാണ് അവസാനിക്കുന്നത്. 2018 ജനുവരി 15 മുതല്‍ 18 വരെ മാര്‍പാപ്പാ ചിലിയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. |